1381 ജനുവരി 13 നെ ഒരു തച്ചന്റെ മകളായി കോളെറ്റ് ജനിച്ചു. ബാല്യം മുതൽക്കേ സന്യാസത്തോട് അവൾ അത്യന്തം താല്പര്യം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ആദ്യം ബെനഡിക്ടൻ സഭയും പിന്നെ ബെഗുവിൻസ് സമൂഹവും പിന്നീട് പൂവർക്ലെയേഴ്സിന്റെ സഭയും അവൾ പരീക്ഷിച്ചുനോക്കി. അവ ഒന്നും ഇഷ്ടപ്പെടാതെ അവസാനം ഫ്രാൻസിസ്ക്കൻ മൂന്നാം സഭയിൽ ചേർന്നുകൊണ്ട് ഏകാകിനിയായി പിക്കാർഡി ദൈവാലയത്തിനരികെ ഒരു കുടിലിൽ താമസിച്ചു തുടങ്ങി. താദൃശ സന്യാസജീവിതത്തിന്റെ കാലംകഴിഞ്ഞുവെന്നുകണ്ടു കോളെറ്റ് വീണ്ടും പൂവർക്ലെയിഴ്സിന്റെ സഭയിൽ ചേർന്ന്. മാത്രമല്ല വി. ഫ്രാൻസിസ് അസീസി അവൾക്കു കാണപ്പെട്ടു പൂവർക്ലെയിഴ്സിന്റെ സഭ നവീകരിക്കാൻ ആവശ്യപ്പെട്ടുവെന്നു പറയുന്നു. സ്പെയിനിലെ മഠങ്ങൾ വി. ഫ്രാൻസിസ് നൽകിയ നിയമങ്ങളും മറ്റു ചില മഠങ്ങൾ കാർഡിനാൾ കജേട്ടൻ എഴുതിയ നിയമങ്ങളും അനുസരിക്കുകയുമായിരുന്നു.
കോളേറ്റ് വി, ഫ്രാൻസിസ് നൽകിയ പ്രാഥമിക നിയമങ്ങൾ സ്വീകരിച്ചു ബോമിൽ ഒരു മഠം തുടങ്ങി. പിന്നീട് ബെസാനസോണിലും. പുതിയ സഭ കോളേറ്റ് പൂവർകളെയേഴ്സ് എന്നറിയപ്പെട്ടു. പ്രാഥമിക നിയമങ്ങളുടെ കാർക്കശ്യത്തിനു യാതൊരു കുറവും വരുത്താതെ കോളേറ്റ് അനുസരിച്ചുപോന്നു. ഭയങ്കര പരീക്ഷണങ്ങൾ അവൾ അനുഭവിക്കേണ്ടിവന്നു.
കോൺസ്റ്റണ്ടിലെ കൗൺസിൽ അക്കാലത്താണ് ജോൺ ഇരുപത്തിമൂന്നാമൻ (എതിർപാപ്പാ), ബെനഡിക്ട് പതിമൂന്നാമൻ, ഗ്രിഗറി പന്ത്രണ്ടാമൻ എന്നിവരിൽ ആരാണ് യഥാർത്ഥ മാർപാപ്പാ എന്ന് തീരുമാനിക്കാൻ നിർബന്ധിതമായത്. വി. വിൻസെന്റ് ഫേറ്റിന്റെയും വി കോളെറ്റിന്റെയും സേവനങ്ങൾ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ വളരെ സഹായിച്ചു. ഈ അധ്വാനങ്ങളുടെ ഇടയ്ക്ക് പിശാച് അവളെ അങ്ങേയറ്റം പരീക്ഷിച്ചു. കോളേറ്റ് അവയെ എല്ലാം ജയിച്ചു 1447 മാർച്ച് 6 നു ഭാഗ്യമരണം പ്രാപിച്ചു.
വിചിന്തനം: ഒരു നല്ല കത്തോലിക്കന്റെ ലക്ഷണം തിരുസഭയോടുള്ള സ്നേഹവും ക്രിസ്തുവിന്റെ പ്രതിനിധിയോടുള്ള ബഹുമാനവുമാണ്.