കൂനോ?

Fr Joseph Vattakalam
4 Min Read

ഒരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. പതിനെട്ടു വർഷമായി ഒരു ആത്മാവ് ബാധിച്ച രോഗിണിയായ, നിവർന്നു നിൽക്കാൻ സാധിക്കാത്തവിധം കൂനിപ്പോയ  ഒരുവൾ അവിടെയുണ്ടായിരുന്നു. യേശു അവളെക്കണ്ടപ്പോൾ അടുത്തുവിളിച്ചു  പറഞ്ഞു: സ്ത്രീയെ, നിന്റെ രോഗത്തിൽനിന്നു നീ മോചിപ്പിക്ക പ്പെട്ടിരിക്കുന്നു. അവൻ അവളുടെമേൽ കൈകൾവച്ചു. തത്ക്ഷണം അവൾ നിവർന്നുനിൽക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്തു. യേശു സാബത്തിൽ  രോഗം സുഖപ്പെടുത്തിയതിൽ കോപിച്ച  സിനഗോഗധികാരി ജനങ്ങളോടുപറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവസങ്ങൾ  വന്ന് രോഗശാന്തി  നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല. അപ്പോൾ കർത്താവു പറഞ്ഞു: കപടനാട്യക്കാരെ, നിങ്ങൾ ഓരോരുത്തരും സാബത്തിൽ കാളയെയോ  കഴുതയെയോ  തൊഴുത്തിൽ നിന്നഴിച്ച് വെള്ളം കുടിപ്പിക്കാൻ  കൊണ്ട് പോകുന്നില്ലേ? പതിനെട്ടുവർഷം സാത്താൻ  ബന്ധിച്ചിട്ടിരുന്നവളായ  അബ്രാഹത്തിന്റെ  ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ? ഇതുകേട്ട് അവന്റെ  പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാൽ, ജനക്കൂട്ടം മുഴുവൻ  അവൻ  ചെയ്‌തിരുന്ന  മഹനീയ   കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു (ലൂക്കാ.  13 :10 -17 ) ഈ വചനഭാഗം വായിച്ചപ്പോൾ നമുക്കൊക്കെ സംഭവിക്കാവുന്ന ചില കൂനുകളെക്കുറിച്ചു ചിന്തിച്ചു  പോയി. കർത്താവു കനിഞ്ഞു, പതിനെട്ടു  വർഷമായി ദുരാത്മാവ് ബാധിച്ചു  കൂനിപ്പോയ സ്ത്രീക്ക് സൗഖ്യം നൽകി. പക്ഷെ സിനഗോഗധികാരിയുടെ അഹങ്കാരവും  തജ്ജന്യമായ  നിയമത്തോടുള്ള  അയാളുടെ മമതയും മൂലം അയാൾ ജനങ്ങളോടു പറയുന്നു: “ജോലി ചെയ്യാവുന്ന ആറു ദിവസങ്ങളുണ്ട് . ആ ദിവസങ്ങളിൽവന്നു രോഗശാന്തി നേടിക്കൊള്ളുക. സാബത്തുദിവസം പാടില്ല”. കർത്താവ് അയാളുടെ ഉള്ളു കണ്ടുകൊണ്ടാണ്  പറയുന്നത് : “കപടനാട്യക്കാരെ”   എന്ന് തുടങ്ങുന്ന വചനഭാഗം (13:15-17). അധികാര പ്രവണതയും  നിയമത്തിന്റെ അക്ഷരാർത്ഥത്തെ ചൊല്ലിയുള്ള കാർക്കശ്യവും അയാളുടെ കൂനാണ്. സക്കേവൂസ്  തന്റെ കൂനുനിവർത്തെങ്കിലും അയാൾ  ദ്രവ്യാഗ്രഹം എന്ന കൂനിനു വിധേയനായിരുന്നു. പ്രത്യേക ഉദാഹരണമൊന്നും എടുത്തു കാട്ടേണ്ട ആവശ്യമില്ലാത്ത സർവ്വസാർവത്രികമായി മർത്യർക്കുള്ള ഒരു കൂനാണ് സ്വാർത്ഥത . ഏതെങ്കിലും  ഒരു വഴിയിൽ നിങ്ങൾ ബസ് കാത്തു   നിന്നിട്ടുണ്ടാവും. അപ്പോൾ  നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാവവും . “ഒരു ബസ്  വന്നിരുന്നെങ്കിൽ!” ഒരെണ്ണം ദൂരെ കാണുമ്പോൾ നിങ്ങളുടെ ചിന്ത: “അതൊന്നു  നിർത്തികിട്ടിയിരുന്നെങ്കിൽ!”  നിർത്തിക്കിട്ടികഴിഞ്ഞാൽ ” ഒരു സീറ്റിന്റെ നാല് ഇഞ്ചു ഭാഗമെങ്കിലും കിട്ടിയിരുന്നെങ്കിൽ!” അതും സാധിച്ചു കഴിഞ്ഞാൽ പിന്നെ ബസ്  നിർത്തുമ്പോഴെല്ലാം നിങ്ങൾക്കു  അസ്വസ്ഥത! “ഓ, ഇനി എങ്ങും നിർത്താതെ എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിൽ മാത്രം നിർത്തിയിരുന്നെങ്കിൽ!”  ഇനിയും ഓർത്തെടുത്താൽ, നിങ്ങൾ കണ്ടക്ടർക്കു നൽകിയത് കൈവശമുള്ളതിൽവച്ചു ഏറ്റം മുഷിഞ്ഞ നോട്ടോ നോട്ടുകളോ ആയിരുന്നില്ലേ!

   കർത്താവ് ലൂക്കാ 18:9-11 ൽ പരാമർശിക്കുന്ന പ്രീശന് കൂനിന്മേൽ കൂനാണു. അവൻ നിന്നുകൊണ്ട് ഇങ്ങനെയാണല്ലോ പ്രാർത്ഥിക്കുന്നത്. “ദൈവമേ, ഞാൻ നിനക്ക് നന്ദി പറയുന്നു”. നന്ദിപറയുന്നതിനു അവൻ  പറയുന്ന കാരണം വിചിത്രങ്ങളിൽ വിചിത്രമാണ്. “അക്രമികളും നീതിരഹിതരും  വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ  ഈ ചുങ്കക്കാരനെപ്പോലെയോ അല്ല ഞാൻ. ആഴ്ചയിൽ രണ്ടു പ്രവശ്യം  ഞാൻ ഉപവസിക്കുന്നു. സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം  ഞാൻ കൊടുക്കുന്നു” കൂനിന്മേൽ കൂനും  കൂനിന്മേൽ കുരുവും എല്ലാം ഇവിടെയുണ്ട്. ഓക്സ്ഫർഡ് ഇംഗ്ലീഷ് ഡിക്ഷണറി ‘pharisee’ എന്ന പദത്തിന് നൽകിയിരിക്കുന്ന രണ്ടാമത്തെ അർത്ഥം ”  a self righteous or hypocritical person” എന്നാണ്.ഏതൊരു  മനുഷ്യനിലാണ് ഈ മനോഭാവം ഇല്ലാത്തത്  എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുക മാത്രം ചെയ്യാം.

പ്രീശന്റെയും ചുങ്കക്കാരന്റെയും ഉപമയ്ക്ക് ആമുഖമായി ഈശോ പറയുന്ന വാക്കുകൾ പ്രത്യേകം ശ്രദ്ധേയമാണ്. “തങ്ങൾ നീതിമാന്മാരാണെന്നു കരുതി തങ്ങളിൽത്തന്നെ  ആശ്രയിക്കുകയും  മറ്റുള്ളവരെ  പുച്‌ഛിക്കുകയും  ചെയ്യുന്നവരോട് അവിടുന്ന് ഈ ഉപമ പറഞ്ഞു” (ലൂക്കാ.18:9)  ഇവയൊക്കെ ഉൾക്കൊള്ളുന്നതോടൊപ്പം ബ്രഹത്തായ ഒരു ലോകത്തെ ഉൾകൊള്ളുന്ന  ഒരു കൂനുണ്ട്അതാണ് പാപം . ഇതില്ലാത്തവൻ ദൈവം മാത്രം, വേദപുസ്തകത്തിന്റെ വെളിച്ചത്തിൽ ഈ കൂനില്ലാതെ സൃഷ്ടിക്കപ്പെട്ട രണ്ടു വ്യക്തികളുണ്ടായിരുന്നു. ആദവും ഹവ്വയും. തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് സർവശക്തൻ   അവരെ സൃഷ്ടിച്ചത്. ഹവ്വാ വിലക്കപ്പെട്ട കനി പറിച്ചുതിന്നുകയും  ആദത്തിനു കൊടുത്ത്. അവനും അത് തിന്നുകയും ചെയ്തപ്പോൾ അവർക്കും കൂനുപിടിച്ചു (cfr. ഉല്പ. 1:26;3:1-7).  ദൈവത്തിന്റെ ഹൃദയത്തിനിഷ്ടപ്പെട്ട ദാവീദ് പോലും ഒരിക്കൽ കൂനി.  നാഥാൻ പ്രവാചകൻ ഈ സത്യം വെളിപ്പെടുത്തിക്കൊടുത്തപ്പോൾ മഹാ അനുതാപമുണ്ടാവുകയും അതിന്റെ ആവിഷ്കാരമായി  സങ്കീർത്തനം 51  പാടുകയും  ചെയ്തു (cfr 2  സാമു. 11,12). മാനവരാശിയുടെ  കൂനിന്റെ  ഗൗരവം ഏറ്റവും വലുതായിരുന്നതുകൊണ്ടാണ്, അവരെ നിവർത്തിനിർത്താൻ പുത്രൻ തമ്പുരാൻ മനുഷ്യനായി അവതരിക്കേണ്ടിവന്നത്. “മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്” (ഫലമോ പാപത്തിന്റെ കൂന്). ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ നൽകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ് (യോഹ.10:10). പാപത്തിന്റെ അത്യഗാധഗർത്തത്തിൽ നിപതിച്ചു മാനവരാശിയെ രക്ഷിക്കാൻ പാട് പീഡകൾ സഹിക്കുകയും കുരിശിൽ മരിക്കുകയും ചെയ്ത ദൈവ- മനുഷ്യനായ ഈശോമിശിഹാ മാത്രമാണ് ലോക രക്ഷകനും ഏക രക്ഷകനും. അവിടുന്നിൽ വിശ്വസിക്കുന്നവർക്ക്  മാത്രമേ നിത്യരക്ഷയുള്ളു. ആ കല്പനയും പ്രഖ്യാപനവും സുവ്യക്തവും സുവിദിതമാണ്. “നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ (ക്രിസ്തുവിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവർ  രക്ഷിക്കപ്പെടും , വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും” (മാർക്കോ. 16:15,16)

Share This Article
error: Content is protected !!