പ്രസിദ്ധി നേടുക എന്നതും ജനഹൃദയങ്ങളിൽ സ്വാധീനമുള്ളവനാവുക എന്നുള്ളതും രണ്ടും രണ്ടാണ്. ഇത് സവിശേഷമാം വിധം ഒരു പുരോഹിതൻ തിരിച്ചറിയേണ്ട സത്യമാണ്.ആദ്യത്തേത് അങ്ങേയറ്റം അപകടകരമാണ്. രണ്ടാമത്തേത് പുരോഹിത ശുശ്രൂഷയ്ക്ക് അത്യന്താപേക്ഷിതവുമാണ്. കൗദാശിക ജീവിതം, തിരുവചന പാരായണം, പഠനം, മനനം, സ്വാംശീകരണം കാര്യക്ഷമമായ വചന വിനിമയം, വ്യക്തിപരവും പൊതുവു മായ പ്രാർത്ഥന, ദിവ്യകാരുണ്യ ഭക്തി, പരിശുദ്ധ അമ്മയുടെ വിമല ഹൃദയ ഭക്തി, നിഷ്ഠയോടെയുള്ള നിത്യ ജപമാല, വിശുദ്ധരെ ആവുന്നിടത്തോളം അനുകരിക്കാൻ അവനുള്ള ആത്മാർത്ഥവും സത്യസന്ധമായ പരിശ്രമം, ദൈവസാന്നിധ്യസ്മരണ, പരിശുദ്ധ ത്രിത്വത്തോടും വിശിഷ്യ, ഈശോയോടുമുള്ള വൈയക്തികവുമായ ഭക്തി, ആരാധന, സ്നേഹം- തുടങ്ങിയവയോടൊക്കെ വിശ്വസ്തത പുലർത്തി, അജഗണങ്ങൾക്ക് പുരോഹിതനോടടുത്ത സ്നേഹവും പരിഗണനയും, കരുണയും, കരുതലും ഒക്കെ നൽകി, വിനയം, വിശുദ്ധി, സത്യം, നീതി, തികഞ്ഞ ആത്മാർത്ഥതയും, അർപ്പണ മനോഭാവവും കൈമുതലായുള്ള പുരോഹിതന് ജനഹൃദയങ്ങളിൽ സ്വാധീനമുള്ളവനാകാൻ കഴിയും.
പുരോഹിതനും മുമ്പിൽ വഴിയും വഴികാട്ടിയുമായി, പിൻപിൽ സംരക്ഷകനായി, പരിചയായി, മുകളിൽ അനുഗ്രഹമായി അവന്റെ ഈശോ ആശ്വാസവും പ്രോത്സാഹനവുമായി ഉണ്ടായിരിക്കണം. ഒപ്പം പിതാവും, പരിശുദ്ധാത്മാവും, മാതാവും, യൗസേപ്പിതാവും, മാലാഖമാരും, വിശുദ്ധരും, വാഴ്ത്തപ്പെട്ടവരും, ദൈവദാസരും, സ്വർഗ്ഗവാസികളും, ശുദ്ധീകരണാത്മാക്കളും, ഉണ്ടായിരുന്നാൽ “വിശുദ്ധമായവ വിശുദ്ധിയോടെ കൈകാര്യം ചെയ്ത വിശുദ്ധപദവി”യിലെത്താൻ ഒരു പുരോഹിതന് നിഷ്പ്രയാസം സാധിക്കും, അവൻ തന്റെ ജനത്തിന് വഴിയും വഴികാട്ടിയും ആയിരിക്കും. അവർക്ക് അനുഗ്രഹവുമായി പരിലസിക്കുകയും ചെയ്യും.
ഭൂമിയിൽ ഊന്നിയാണ് യാക്കോബിന്റെ ഗോവണി നിന്നിരുന്നത് എന്നത് നഗ്നസത്യം. പക്ഷേ സ്വർഗ്ഗത്തിലേക്ക് ശരിക്കും ചാഞ്ഞു, ശരിക്കും സ്വർഗ്ഗം മുട്ടിയാണ് അത് നിന്നിരുന്നത്. പുരോഹിതൻ തന്റെ പാദങ്ങൾ ഭൂമിയിൽ ഊന്നി നിന്നേമതിയാവൂ. എന്നാൽ സ്വർഗ്ഗത്തിലേക്ക് ചാഞ്ഞല്ലാതെ പുരോഹിതൻ എന്ന നിലയിൽ അവന് നിലനിൽപ്പില്ലതാനും. അങ്ങനെ ആവുമ്പോൾ മാത്രമേ അവനിൽ നിന്ന് ദൈവീക ചൈതന്യം പ്രസരിക്കൂ. ഈ ചൈതന്യമാണ് മാനവ ഹൃദയങ്ങളെ സ്വാധീനിക്കാൻ അവനെ പ്രാപ്തനാക്കുക. ഭൂമിയിലായിരുന്നു കൊണ്ട് സ്വർഗ്ഗമായി സംവദിക്കുകയാണ് പുരോഹിതന്റെ വിളിയും ദൗത്യവും.