വിഴുങ്ങാൻ

Fr Joseph Vattakalam
2 Min Read

ബലഹീനതയിൽ വീണുപോയ പുരോഹിതന്റെ പിന്നാലെ അവനെ വിഴുങ്ങാൻ പിശാച് ഉണ്ട് എന്നുള്ളത് സത്യം. പാപം വളരെ ഗൗരവം ആണ്. അതുകൊണ്ട് അത് ക്ഷമിക്കപ്പെടുകയില്ല. ഈ ദുരവസ്ഥയിൽ നിന്ന് മോചനം അസാധ്യമെന്ന് ആ ചെവികളിൽ അവൻ നിരന്തരം ഓതിക്കൊണ്ടിരിക്കും. ഈ ഓത്തിന്റെ നൈരന്തര്യം ഇരയെ അവശനാക്കി വീഴ്ത്തുന്നു. നിരാശയുടെ നീർച്ചുഴിയിൽ അവൻ നട്ടംതിരിയുന്നു. ഇത് കൂടുതൽ പാപവ്യാപനത്തിന് തന്നെ വഴിവെച്ചെന്നുവരാം. ഇത് കാണുന്ന സാത്താൻ വിജയഭേരി മുഴക്കുന്നു. അവൻ നുണയനും നുണയന്റെ പിതാവുമാണ്. അവൻ വരുന്നത് കൊല്ലാനും മോഷ്ടിക്കാനും ആണ്.

എവിടെയാണ് രക്ഷ?

നമുക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി വന്ന നമ്മുടെ ദൈവവും രാജാവും രക്ഷകനും നാഥനും കർത്താവുമായ ഈശോമിശിഹായിൽ മാത്രം. ധൂർത്ത പുത്രനെപോലെ ആത്മാർത്ഥമായി അനുതപിച്ച് കുമ്പസാരമെന്ന കൂദാശയിൽ അവിടുത്തെ സമീപിച്ച് പാപം ഏറ്റു പറയുമ്പോൾ അവിടുന്ന് ക്ഷമിക്കാത്ത യാതൊരു പാപവും ഇല്ല. ഇത് പുരോഹിതനു നന്നായി അറിയാം. അത് സ്വന്തം ജീവിതത്തിൽ പകർത്തുക.

മനുഷ്യന്റെ സകല പാപങ്ങളും അവ എത്ര നികൃഷ്ടവും ഏറ്റവും ലജ്ജാകരവുമാണെങ്കിലും അവയെല്ലാം കർത്താവിന്റെ കരുണകടലിലെ ഒരു തുള്ളി പോലെയോ ഒരു മഞ്ഞുകണം പോലെയോ ഉള്ളൂ. തന്റെ മടങ്ങി വരവ് ജനത്തിന് ബോധ്യമാകും വിധമായിരിക്കണം അവന്റെ പുതുജീവിതം.

“ഒന്നും പാപമല്ല” എന്നുള്ള കൊടും നുണയാണ് നരക സർപ്പത്തിന്റെ മറ്റൊരു അടവ്. ഇത് വളരെവളരെ അപകടകരവും സ്വയം വഞ്ചനാപരവും വിനാശകരമായ ഒരു അവസ്ഥയാണ്. ഇതാണ് പിശാചിനെ വേണ്ടത്. അവനെ ബഹിഷ്കരിക്കാനുള്ള അധികാരം കൈയ്യാളുന്നവനാണ് പുരോഹിതൻ. ഇതിന് പുരോഹിതനെ പ്രാപ്തനാക്കുന്ന ദൗത്യം ഈശോ പരിശുദ്ധാത്മാവിനെ ഏൽപ്പിച്ചിരിക്കുകയാണ്.

ബലഹീനതയിൽ നട്ടംതിരിയുന്ന പുരോഹിതനോ അത്മയാനോ ആരുതന്നെയായാലും അവൻ തന്നെത്തന്നെ പരിശുദ്ധാത്മാവിന്റെ നയിക്കലിനും നിയന്ത്രണത്തിനും സർവ്വോപരി അഭിഷേകത്തിനും വിട്ടുകൊടുക്കണം.
കർത്താവ് പറയുന്നു: “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.സംഭ്രമിക്കേണ്ട ഞാൻ നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും (ഏശ 41:10).

ഈ പ്രക്രിയയിൽ അവനു സഹായകൻ പരിശുദ്ധാത്മാവാണെന്ന് വ്യക്തമാക്കിയല്ലോ. അവിടുന്ന് തന്റെ ഭാഗം നിശ്ചയമായും ചെയ്യും. ഇതിന് അവിടുത്തെ ഫലങ്ങൾ അഭ്യസിക്കണം. അവയുടെ പ്രേരണ അനുസരിച്ച് വ്യാപരിക്കണം. ജഡത്തിന്റെ വ്യാപാരങ്ങളെ ആത്മാവിന്റെ ശക്തികൊണ്ട് നിഹനിച്ച് അവിടുത്തെ ഫലങ്ങളായ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം, കാരുണ്യം, വിനയം, വിശുദ്ധി, നീതി, സത്യം, ആത്മാർത്ഥത തുടങ്ങിയവ അഭ്യസിക്കണമെന്ന് മാത്രം. (ഗലാ 5:15).

TAGGED:
Share This Article
error: Content is protected !!