വിശുദ്ധ യൗസേപ്പിതാവിനോടുള്ള അപേക്ഷ: മുപ്പതാം ദിവസം

Fr Joseph Vattakalam
5 Min Read

മരണാസന്നരുടെ മധ്യസ്ഥനേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

 നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും വിശിഷ്യ നമ്മുടെ മരണ നിമിഷങ്ങളിലും യൗസേപ്പിതാവ് എന്ന നാമം നമുക്ക് സംരക്ഷണം ആയിരിക്കും ” വാഴ്ത്തപ്പെട്ട വില്യം ജോസഫ് ഷാമിനാദേ.

വിശുദ്ധവും ഭാഗ്യപ്പെട്ടതുമായ മരണമാണ് യൗസേപ്പിതാവിനുണ്ടായത്. ഈശോയുടെ കരങ്ങളിൽ കിടന്നുകൊണ്ട്,ആ കണ്ണുകളിൽ നോക്കി പരിശുദ്ധഅമ്മയുടെ സവിശേഷ പരിചരണത്തിലായിരുന്നു ആത്മാവ് സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നത്. ഇതിനേക്കാൾ അനുഗ്രഹീത മഹനീയമായ ഒരു അന്ത്യം ചിന്തമോ? മരണാസന്നരുടെ പ്രത്യേക മധ്യസ്ഥനാണ് യൗസേപ്പിതാവ്. അദ്ദേഹത്തിന് ഇത് ദൈവ നിശ്ചയമാണ്. കാരണം, തന്റെ മരണത്തിനു സമാനമായ ഒന്ന് നമുക്ക് ലഭിക്കണമെന്ന് ദൈവം അതിയായി ആഗ്രഹിക്കുന്നു.

മരണം ജീവിതത്തിന്റെ അനിവാര്യതയാണ്. അനേകം ആശ്രമങ്ങളിൽ ഇങ്ങനെ ഒരു അനുസ്മരണക്കുറിപ്പ് ആലേഖനം ചെയ്തു വച്ചിട്ടുണ്ട്.

” നീയും മരിക്കും എന്ന് ഓർക്കുക “. 

ഇഹലോകജീവിതം അവസാനിക്കുമെന്നും നമ്മൾ മരണത്തിന് ഒരുങ്ങികൊണ്ടിരിക്കണം എന്നും നമ്മെ ഓർമ്മപ്പെടുത്തുകയാണ് ഈ കുറിപ്പും ചെയ്യുക. എന്നാൽ നൻമരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും എപ്പോഴും ഒരുക്കമുള്ളവർ ആയിരിക്കുകയും വേണം. ഇങ്ങനെയുള്ള ആത്മാക്കളെ നിരാശയിലേക്ക് നയിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് സാത്താൻ. നിരാശ അവന്റെ വജ്രായുധം ആണ്. മരണാസന്നരായ നിരാശയിലേക്ക് നയിക്കാൻ അവൻ കിണഞ്ഞു പരിശ്രമിക്കും. സംശയം ജനിപ്പിക്കുകയും കുറ്റബോധമുളവാക്കുക ഇവയൊക്കെ അവന്റെ അടവുകളിൽ പെടും. ഈ കാരണങ്ങളാൽ നമ്മുടെ ആത്മീയ പിതാവിന്റെ മാധ്യസ്ഥം നമുക്ക് അത്യന്താപേക്ഷിതമാണ്. പിതാവ് നമ്മെ ധൈര്യപ്പെടുത്തുകയും ബലപ്പെടുത്തുകയും സംരക്ഷിക്കുകയും ദൈവത്തിന്റെ സ്നേഹത്തിലും കരുണയിലുമുള്ള ആശ്രയം  കൊണ്ട് നിറയ്ക്കുകയും ചെയ്യും. വിശുദ്ധ അൽഫോൻസ് ലിഗോരി വ്യക്തമാക്കുന്നു :” വിശുദ്ധ യൗസേപ്പിതാവ് ഈശോയെ ഹെറോദസിന്റെ നിഗൂഢ പദ്ധതികളിൽ നിന്നും സംരക്ഷിച്ചതുപോലെ മരണാസന്നരെ ലൂസിഫറിന്റെ  കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പ്രത്യേക സൗഭാഗ്യം യൗസേപ്പിതാവിന് ഈശോ നൽകിയിട്ടുണ്ട്”.

യൗസേപ്പിതാവിനെ മാധ്യസ്ഥ്യം സാർവത്രികമാണ്. മരണം എല്ലാവർക്കും ഉള്ളതാണെന്നതു തന്നെയാണ് ഇതിന് കാരണം. മരണത്തിന് ഒരുക്കാൻ ഇത്ര നല്ലൊരു പിതാവ് ഉണ്ടെന്നുള്ളത് അസുലഭ ഭാഗ്യം തന്നെയല്ലേ?. ദൈവപരിപാലനയിൽ പരിപൂർണമായി ആശ്രയിച്ചു യൗസേപ്പിതാവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒന്നിനെയും കുറിച്ച് ഉൽക്കണ്ഠയോ ആകുലതയോ ഉണ്ടായിരുന്നില്ല . ദൈവസ്നേഹത്തിൽ സ്ഥിരത പ്രാപിച്ച്, അവിടുന്നിൽ പരിപൂർണ്ണമായി ആശ്രയിച്ചു , തിരുക്കുടുംബക്കാരെ കൂട്ടു പിടിച്ച് ജീവിക്കുകയും ആ കൂട്ടായ്മയിൽ മരിക്കുകയും ചെയ്യുന്നതായിരിക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം. ഇവിടെ യൗസേപ്പിതാവ് പ്രത്യേക സഹായം നൽകുകയും ചെയ്യും.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നത്, മരണത്തിന് നമ്മെ ഒരുക്കാൻ യൗസേപ്പിതാവിനു നിന്നെത്തന്നെ പ്രതിഷ്ഠിക്കുക എന്നാണ്. ഒരുക്കം ഇല്ലാതെയുള്ള  നിർഭാഗ്യ മരണം തടയാൻ കൂദാശകൾ സ്വീകരിക്കാതെ മരിക്കുന്നത് തടയാൻ യൗസേപ്പിതാവിന് പ്രതിഷ്ഠിച്ച് ഒരു വിശുദ്ധ ജീവിതം നയിച്ചുകൊണ്ട്, സ്വയം ഒരുങ്ങുക. പിതാവിന് പരിപൂർണ്ണമായി വിട്ടുകൊടുത്താൽ മേൽപ്പറഞ്ഞതുപോലെ മരണം ഉണ്ടാവുകയില്ല, ഉറപ്പ്.

പ്രതിഷ്ഠ

   ഓ! പ്രിയപ്പെട്ട യൗസേപ്പിതാവേ, അങ്ങയുടെ ബഹുമാനാർത്ഥം ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. അങ്ങ് എല്ലായ്പ്പോഴും എന്റെ രക്ഷയുടെ മാർഗ്ഗത്തിൽ വഴികാട്ടിയും പിതാവും സംരക്ഷകനുമായിരിക്കണമേ! ഉന്നതമായ ഹൃദയ പരിശുദ്ധിയും ആന്തരിക ജീവിതത്തോടുള്ള തീഷ്ണമായ സ്നേഹവും എനിക്ക് നേടി തരണമേ! അങ്ങയുടെ മാതൃക പിന്തുടർന്ന് ഈശോയുടെ തിരുഹൃദയത്തോടും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോടും ഐക്യപ്പെട്ട് എന്റെ എല്ലാ പ്രവർത്തികളും ദൈവ മഹത്വത്തിനായും ദൈവമക്കളുടെ നന്മയ്ക്കായും മാത്രം ഞാൻ ചെയ്യട്ടെ. ഓ അനുഗ്രഹീതനായ പിതാവേ, ഇന്നു ഞാൻ അന്ത്യശ്വാസം വലിക്കുകയാണെങ്കിൽ അങ്ങ് എന്റെ അടുത്തായിരുന്ന് ഈശോ യോടും എന്റെ അമ്മയോടുമൊപ്പം എന്നെ മരണത്തിന് ഒരുക്കണമേ! അങ്ങയുടെ വിശുദ്ധമായ മരണത്തിന്റെ സന്തോഷത്തിലും സമാധാനത്തിലും ഞാൻ പങ്കുചേരാൻ   എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ! ആമേൻ 

ലുത്തിനിയ (എന്നും ആവർത്തിക്കേണ്ടത്)

കർത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കർത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ!

സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ!

ലോകരക്ഷകനായ മിശിഹായേ ഞങ്ങളെ അനുഗ്രഹിക്കണമേ!

പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ!

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ!

പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!

വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ!

ദാവീദിന്റെ വിശിഷ്ട സന്താനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

പൂർവ്വപിതാക്കന്മാരുടെ പ്രകാശമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ദൈവജനനിയുടെ വിരക്ത ഭർത്താവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ദൈവകുമാരന്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ!

തിരുകുടുംബത്തിന്റെ സ്നേഹ നാഥനേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മഹാവിരക്തനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 മഹാവിവേകിയായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മഹാധീരനായ വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

എത്രയും അനുസരണമുള്ള

വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 മഹാവിശ്വസ്തനായ

വി. യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

ക്ഷമയുടെ ദർപ്പണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 ദാരിദ്ര്യത്തിന്റെ സ്നേഹിതാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 തൊഴിലാളികളുടെ മാതൃകയേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

തൊഴിലാളികളുടെ മധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കുടുംബ ജീവിതത്തിന്റെ മഹത്വമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കന്യകകളുടെ സംരക്ഷകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

കുടുംബങ്ങളുടെ നെടുംതൂണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

വേദനിക്കുന്നവരുടെ ആശ്വാസമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

രോഗികളുടെ ആശ്രയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

മരണാസന്നരുടെ മദ്ധ്യസ്ഥാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ! 

പിശാചുക്കളുടെ പരിഭ്രമമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

 തിരുസഭയുടെ പാലകാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

എത്രയും ദയയുള്ള യൗസേപ്പിതാവേ (എന്നും ചൊല്ലേണ്ടത്)

എത്രയും ദയയുള്ള യൗസേപ്പി താവേ, ഭക്തി വിശ്വാസങ്ങളോടുകൂടെ അങ്ങേ സന്നിധിയിൽ അണഞ്ഞ് അങ്ങേ മാധ്യസ്ഥ്യം യാചിച്ച ഒരുവനേയും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തു കേട്ടിട്ടില്ല എന്നു വി. അമ്മ ത്രേസ്യ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അങ്ങ് ഓർക്കേണമേ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തിന്റെ എത്രയും യോഗ്യതയുള്ള മണവാളാ, മധുരവും ആശ്വാസ ജനകവുമായ ഈ ഉറപ്പിൽ വിശ്വസിച്ച്, അതിൽ ധൈര്യം പ്രാപിച്ച് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ വന്നണയുന്നു. രക്ഷകനായ ഈശോയുടെ പിതാവ് എന്ന നാമം പേറുന്ന അങ്ങ് എന്റെ ഈ വിനീതമായ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ! ഞാൻ അങ്ങയുടെ മകനെന്നു ( മകളെന്നു) വിളിക്കപ്പെടാൻ തിരുമനസ്സാകണമേ! അങ്ങയുടെ അപേക്ഷകൾ കാരുണ്യപൂർവം കൈക്കൊള്ളുന്ന ഈശോയുടെ തിരുമുമ്പിൽ എന്റെ നിയോഗങ്ങൾ എനിക്കുവേണ്ടി അങ്ങു സമർപ്പിക്കണമേ, ആമേൻ.

Share This Article
error: Content is protected !!