അഭീഷ്ടപൂർവമായ തെരഞ്ഞെടുപ്പ്

Fr Joseph Vattakalam
4 Min Read

നാലാമദ്ധ്യായം :
അധഃപതിച്ച മാനവവംശത്തിനു സായൂജ്യം പറഞ്ഞൊത്ത സ്‌നേഹധനനായ ദൈവത്തെയാണു മൂന്നാമദ്ധ്യായത്തിൽ നാം കണ്ടത്. ആ ഈശ്വരൻ തന്റെ വാഗ്ദാനം പാലിക്കുന്നതിനവലംബിച്ച മാർഗ്ഗമാണു ‘തെരഞ്ഞെടുപ്പ്’ എന്ന ശബ്ദംകൊണ്ടു ഞാൻ ഇവിടെ വിവക്ഷിക്കുന്നത്. വ്യാപകമായ അർത്ഥത്തിൽ സൃഷ്ടികർമ്മംപോലും സർവ്വേശ്വരന്റെ സ്വതന്ത്രമായൊരു സ്വയംവരമാണെന്നു പറയാം. എന്നാൽ നിഷ്‌കൃഷ്ടാർത്ഥത്തിൽ, വ്യക്തികളിൽ തുടങ്ങി ഇസ്രായേൽ ജനതയോളം എത്തി അവരെ ‘തന്റെ ജനമാക്കുന്ന’ അഖിലേശന്റെ പ്രവൃത്തിയാണു തെരഞ്ഞെടുപ്പ്.

ജഗന്നാഥൻ അബ്രാഹത്തെ വിളിക്കുന്ന വസ്തുത നാം കണ്ടുകഴിഞ്ഞു. വിളിക്കപ്പെട്ട ജനത്തിന്റെ പിതാവാണദ്ദേഹം. അദ്ദേഹത്തിന്റെ വിളിയിലൂടെ വിശ്വനാഥൻ തന്റെ പരിത്രാണപദ്ധതി പൂർവ്വാധികം വെളിപ്പെടുത്തുകയായിരുന്നു. തനിക്കു ലഭിച്ച ഈശ്വരാഹ്വാനത്തിന് അബ്രാഹം വിശ്വാസത്തിലൂടെ പ്രത്യർപ്പണം അരുളുകയും ചെയ്തു.

ഇസ്രായേൽജനതയെ ഈജിപ്ഷ്യൻ അടിമത്തത്തിൽ നിന്നു മോചിപ്പിക്കാൻ യാവെ മോശയെയാണു തെരഞ്ഞെടുത്തത്. ഒരിക്കൽ മരുഭൂമിയുടെ മദ്ധ്യഭാഗത്ത് മോശ ആടുകളെ മേയിക്കുകയായിരുന്നു. നടന്നു നടന്നദ്ദേഹം ദൈവത്തിന്റെ മലയായ ഹോരെബിൽ എത്തി. തത്സമയം ഒരു മുൾപ്പടർപ്പിനു തീ പിടിച്ചിരിക്കുന്നതും എന്നാൽ അതു കത്തിയെരിയാതിരിക്കുന്നതും കണ്ട് അയാൾ അത്ഭുതസ്തിമിതനായി. ഈ വിസ്മയദൃശ്യം അടുത്തുചെന്നൊന്നു കാണുകതന്നെ. മോസസ് മന്ദം മന്ദം മുമ്പോട്ടു നീങ്ങി. അപ്പോൾ മുൾപ്പടർപ്പിന്റെ ഉള്ളിൽനിന്ന് ‘മോസസ്, മോസസ്’ എന്നൊരു ധ്വനി! ‘ഇതാ ഞാൻ’ മോശ മറുപടി പറഞ്ഞു. ശബ്ദം തുടർന്നു: ‘ഞാൻ നിന്റെ പിതാവിന്റെ ദൈവം, അബ്രാഹം, ഇസഹാക്ക്, യാക്കോബ് ഇവരുടെ ദൈവമാണ്. ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങൾ ഞാൻ കണ്ടറിഞ്ഞിരിക്കുന്നു…. ആകയാൽ നീ വരുക. എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തിൽനിന്നാനയിയ്ക്കുന്നതിനു നിന്നെ ഞാൻ ഫറവോന്റെ പക്കലേയ്ക്കയക്കാം’ ആദ്യം ഭയന്നെങ്കിലും പിന്നീട് ആത്മധൈര്യത്തോടെ ദൈവത്തിന്റെ ശക്തിയിലും സ്‌നേഹത്തിലും വിശ്വസിച്ച് മോശ തന്റെ ദൗത്യം സ്തുത്യർഹമാംവിധം പൂർത്തിയാക്കി.

ഇസ്രായേൽ ജനത തെരഞ്ഞെടുക്കപ്പെടുന്ന രംഗം ആവർത്തനപ്പുസ്തകം ഹൃദയവർജ്ജകമാംവിധം വിശദീകരിക്കുന്നുണ്ട്. സർവ്വപ്രധാനമായ ഭാഗംമാത്രം ചുവടെകുറിക്കുന്നു: ‘നിങ്ങളുടെ ദൈവമായ കർത്താവിനു നിങ്ങൾ വിശുദ്ധ ജനമാണ്. ഭൂമിയിലുള്ള എല്ലാജനങ്ങളിലുംനിന്ന് അവിടുന്നു തന്റെ വാത്സല്യവിഷയമായി നിങ്ങളെ സ്വീകരിച്ചു'(7:6). ഈശ്വരൻ ഇസ്രായേൽ ജനത്തെ നിത്യമായി സ്‌നേഹിച്ചിരുന്നു. അവരുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുവാൻ അടിമത്തത്തിന്റെ അഗ്നികുണ്ഡമായ ഈജിപ്തു നാട്ടിൽ നിന്നവരെ വിമോചിപ്പിക്കുകയും ഫറവോന്റെ പിടിയിൽനിന്നു തന്റെ കരുത്തേറിയ കരംകൊണ്ടവരെ രക്ഷിക്കുകയും ചെയ്തു (7:8).

തിരഞ്ഞെടുപ്പിലൂടെ ഇസ്രായേൽ ജനത ഈശ്വരന്റെ ദത്തുപുത്രരായി. പ്രവാചകന്മാർവഴി അവിടുന്നു വെളിപ്പെടുത്തി, ഇസ്രായേൽ തന്റെ ആദ്യജാതനാണെന്ന്. എറമിയായുടെ അധരങ്ങളിലൂടെ അത്യുന്നതൻ അരുൾ ചെയ്യുന്നു. ‘പ്രലപിച്ചു പുറപ്പെടുന്ന ഇസ്രായേൽ മക്കൾക്ക് ആശ്വാസം പകർന്നുകൊണ്ട് നിരപ്പായ വഴിയിലൂടെ നീർച്ചാലുകളിലേയ്ക്ക് അവരെ ഞാൻ നയിക്കും. അവരുടെ പാദങ്ങൾ ഇടറുകയില്ല. ഇസ്രായേലിന്റെ വത്സലപിതാവാണു ഞാൻ. എഫ്രായിം എന്റെ ആദ്യജാതനും'(31:9). ‘ഇസ്രായേൽ ശിശുവായിരുന്നപ്പോൾ മുതൽ അവനെ ഞാൻ സ്‌നേഹിച്ചു. എന്റെ മകനെ ഈജിപ്തിൽ നിന്നു ഞാൻ സ്‌നേഹിച്ചു’ എന്ന് ഓസി പ്രവാചകനും പ്രഘോഷിക്കുന്നു.

യഹൂദവംശത്തിനുമാത്രമല്ല തെരഞ്ഞെടുക്കപ്പെടാനുള്ള അനർഘഭാഗ്യം സിദ്ധിച്ചത്. പുതിയ ഇസ്രായേലായ സഭയെ സ്ഥാപകനായ ക്രിസ്തു തന്റെ ജീവിതസഖിയായി സ്വീകരിച്ചിരിക്കുന്നു. സഭാമതാവിലൂടെ നാമോരുരുത്തരും ക്രിസ്തുവഴി ദൈവത്താൽ പ്രത്യേകമായവിധം വിളിക്കപ്പെട്ടിരിക്കുന്നു. സെന്റ് പോളിന്റെ ശൈലിയിൽ, ജഗദീശൻ തന്റെ സ്‌നേഹത്തികവിൽ ലോകസ്ഥാപനത്തിനുമുമ്പുതന്നെ നമ്മെ മിശിഹായിൽ തെരഞ്ഞെടുത്തു. ഈശ്വരസവിധേ നിഷ്‌ക്കളങ്കരും പരിശുദ്ധരുമായി ജീവിക്കണം നാം…അതാണവിടുത്തെ ലക്ഷ്യം. മിശിഹാവഴി ജഗന്നിയന്താവു നമ്മിൽ വർഷിച്ചിട്ടുള്ള കൃപാവരത്തിന്റെ മഹത്വം വിളിച്ചറിയിക്കുകയും നമ്മുടെ ധർമ്മമാണ്. മിശിഹായുടെ ചുടുനിണത്തിലൂടെ നമുക്കു നിത്യരക്ഷയും സർവശക്തന്റെ കൃപാവരംവഴി പാപമോചനവും ലഭിച്ചിരിക്കുന്നു.

സഭയുടെ സ്വയംവരത്തെ സംബന്ധിച്ചു സെന്റ് പീറ്ററും പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാഷയിൽ ക്രൈസ്തവർ വിളിക്കപ്പെട്ട വംശവും രാജകീയ പുരോഹിതരും വിലയ്ക്കു വാങ്ങപ്പെട്ട വിശുദ്ധജനപദവുമാണ്. അന്ധകാരത്തിൽനിന്ന് അത്ഭുതപ്രകാശത്തിലേയ്ക്കവരെ ക്ഷണിച്ച ആ അനന്ത നന്മയുടെ പൂർണ്ണതകൾ പരക്കെ പ്രഘോഷിക്കേണ്ടവരാണവർ. ഇതിന് ഇസ്രായേൽവംശം അവർക്ക് ഉത്തമ മാതൃകയാണ്.

ദൈവം ഒരു വ്യക്തിയേയോ അഥവാ ജനപദത്തേയോ തെരഞ്ഞെടുക്കുന്നത് അവർക്ക് തങ്ങളുടെ സൃഷ്ടാവിനോടുള്ള കടപ്പാട് പ്രത്യേകമാംവിധം വ്യക്തമാക്കാനൊരവസരം സൃഷ്ടിക്കാൻവേണ്ടിയാണ്. ഈശ്വരാവിഷ്‌കരണത്തിനവർ അവകാശികളാകകൊണ്ട്, ഈശ്വരനെ അടുത്തറിയാനും അവിടുത്തെ ആഴമായും ആത്മാർത്ഥമായും സ്‌നേഹിക്കാനും സാധിക്കുമവർക്ക്. ഈശ്വരവിചാരം സന്മാർഗ്ഗിക ചിന്ത യഥാർത്ഥമായ ആത്മജ്ഞാനം വിശ്വാസ്യതം, ആചാരശിഷ്ടത, വിനയം, നീതിബോധം തുടങ്ങിയ സദ്ഗുണങ്ങളിലേയ്ക്കും നമ്മെ നയിക്കും.

ചുരുക്കത്തിൽ, ഈശ്വരൻ ആരെയെങ്കിലും പ്രത്യേകമായവിധം വിളിക്കുന്നത് അവരെ ദൈവദാസന്മാരാക്കാനാണ്. തങ്ങളെ പ്രത്യേകവിധ സ്‌നേഹത്തിനു വിഷയമാക്കിയ സ്രഷ്ടാവുമായി അഭിമുഖസാമീപ്യം സംസിദ്ധമാക്കുകയാണ് അവരുടെ പ്രധാന കടമ. ആത്മാവു തന്റെ സ്രഷ്ടാവിനെ കണ്ടെത്തുകയും അദ്ദേഹവുമായി അഭേദ്യസംസർഗ്ഗം അനുഭവിക്കുകയും ചെയ്യുന്നതുവരെ അവരുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും. ജീവൻതന്നെ പണയംവെച്ചും പാപത്തെ എതിർക്കാനും അതിനോടു മല്ലിടാനുമുള്ള ധാർമ്മിക കടമയുണ്ടവർക്ക്. അധികമധികം പരിശുദ്ധരാകാൻ പരിശ്രമിച്ചുകൊണ്ടവർ ദൈവത്തോടു കൂടുതൽ അടുക്കുന്നു. ഈശ്വരൻ ഇന്ദ്രിയങ്ങൾക്കതീതനെങ്കിലും അവിടുത്തെ ദിവ്യസംഗീതം തങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ ഇടവിടാതെ പ്രതിധ്വനിക്കുന്നത് അവർ ശ്രദ്ധിക്കും. ഹൃദയത്തെ നവീകരിക്കാനും അതിനെ രൂപാന്തരപ്പെടുത്താനും ഈശ്വരനെ അവർ അനുവദിക്കുന്നു.

ദൈവദാസരാകാൻ വിളിക്കപ്പെട്ട നമ്മുടെ സ്‌നേഹം യഥാർത്ഥമാണെങ്കിൽ അതു നമ്മെ കുരിശിലേയ്ക്ക് നയിക്കുമെന്നതു തീർച്ച. സ്വാർത്ഥസ്‌നേഹവും ക്രൂശിക്കപ്പെടുമ്പോൾ മാത്രമാണ് ദൈവസ്‌നേഹവും പരസ്‌നേഹവും നമ്മിൽ ഉയിർകൊണ്ടു വളരുക. പഴയനിയമം യാവേയുടെ ദാസനായി അവതരിപ്പിക്കുന്ന ക്രിസ്തു സ്‌നേഹം മാംസം ധരിച്ചതാണ്. മനുഷ്യരോടുള്ള സ്‌നേഹത്തെപ്രതി മരക്കുരിശിൽ തൂങ്ങിമരവിച്ചു മരിക്കാനും മടിച്ചില്ലവിടുന്ന്. സെന്റ് പോൾ പറയുന്നതുപോലെ, മിശിഹായുടെ പീഡകളിൽ പങ്കുകാരാക്കപ്പെടുന്നതുകൊണ്ടു നാം സന്തോഷിക്കണം. അപ്പോഴാണ് അവിടുത്തെ മഹിമയുള്ള വെളിപാടിൽ മനംനിറയെ സന്തോഷിക്കാൻ നമുക്കു സാധിക്കുക. ദുഃഖവെള്ളിയുടെ ഭയാനകത മഹിമയുടെ കിരണങ്ങളെ പ്രസരിപ്പിക്കുന്ന ഉയിർപ്പു ഞായറാഴ്ച ഉണ്ടെന്ന വസ്തുത വിസ്മരിക്കരുത്. സഹനത്തിന്റെ വഴിത്താരിയിലൂടെയുള്ള ക്രിസ്തുവിന്റെ പ്രയാണം ഏവർക്കും വെളിച്ചം പകരട്ടെ.

Share This Article
error: Content is protected !!