ദൈവം മോശയോട് അരുളിചെയ്തു; “ബലിപീഠത്തിൽ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം അത് കെട്ടു പോകരുത്”( ലേവ്യ. 6:13 ). പുരോഹിതൻ ആത്മപരിശോധന നടത്തണം. എന്റെ സമർപ്പണത്തിന്റെ യാഗാഗ്നി കെട്ടുപോകുകയോ ചെയ്യുന്നുണ്ടോ? കനലുകൾക്ക് മീതെ ചാരം വന്നുകൂടി അവ ഗോചരമല്ലാതാകുന്നുണ്ടോ? ഓരോ പ്രഭാതത്തിലും പുതിയ വിറക് അഗ്നിയിൽ കൊണ്ട് ഇടണമെന്നും ലേവ്യ ഗ്രന്ഥത്തിൽ നിർദ്ദേശമുണ്ട്. ( ലേവ്യ 6:12 ).
പുരോഹിതൻ ഹൃദയത്തിൽ എരിഞ്ഞു വിളങ്ങേണ്ട നിത്യാഗ്നിക്ക് നിദാനം മനനവും ധ്യാനവും ആത്മശോധനയും വചന പാരായണവുമൊക്കെ. അവന്റെ ഹൃദയം പൂർണ്ണമായും ജഢീകതയിൽ നിന്നും വേറിട്ട് നിൽക്കണം. മാനവരാശിയെ ഒന്നാകെ മാനസാന്തരപ്പെടുത്താൻ പൗലോസിനെ ശാന്തനാക്കിയത് മനസ്സിൽ ജ്വലിച്ചുനിന്ന നിർമ്മലതയുടെ സ്ഫലിംഗം തന്നെയാണ്.
അദ്ദേഹം നിർദ്ദേശിക്കുന്നത് ശ്രദ്ധിക്കുക: "ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തനും (ഓരോ പുരോഹിതനും) ജീവിതം നയിക്കട്ടെ". ( 1 കൊറീ 7 :17 ). അദ്ദേഹം തുടരുന്നു:
വളരെപ്പേരെ നേടേണ്ടതിന് ഞാൻ എല്ലാവരുടെയും ദാസൻ ആയിത്തീർന്നിരിക്കുന്നു.
യഹൂദരെ നേടേണ്ടതിന് ഞാൻ അവരുടെ ഇടയിൽ യഹൂദനെപ്പോലെയായി.
നിയമത്തിൻ കീഴെയുള്ള വരെ നേടേണ്ടതിന്, നിയമത്തിന് വിധേയനല്ല എന്നിരിക്കലും, ഞാൻ അവരെ പോലെയായി. നിയമത്തിന് പുറമേ ഉള്ളവരെ നേടേണ്ടതിന് നിയമം ഇല്ലാത്തവനെ പോലെയായി. അതേസമയം ഞാൻ ദൈവ നിയമം ഇല്ലാത്തവൻ ആയിരുന്നില്ല; പ്രത്യുത, ക്രിസ്തുവിന്റെ നിയമത്തിന് അധീനനായിരുന്നു.
ബലഹീനരെ നേടേണ്ടത് ഞാൻ അവർക്ക് ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടത് ഞാൻ എല്ലാവർക്കും എല്ലാമായി. സുവിശേഷത്തിൽ ഭാഗഭാക്കാകുന്നതിനായി, സുവിശേഷത്തിന് വേണ്ടി ഞാൻ ഇവയെല്ലാം ചെയ്യുന്നു ( 1 കൊറീ 9:19-23)