പുരോഹിതന്റെ ആധ്യാത്മിക ജീവിതം രണ്ടു വിധത്തിൽ ഇശോയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസിയുടെ വിശുദ്ധീകരണം, വൈദികന്റെ വിശുദ്ധിയെ വളരെയധികം ആശ്രയിച്ചാണ് നിൽക്കുക. ” നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കും “. വിശുദ്ധ വൃക്ഷം വിശുദ്ധ ഫലം പുറപ്പെടുവിക്കും. അന്ത്യത്താഴം വേളയിലെ നാഥന്റെ ഉദ്ബോധനം അപ്പോസ്തോലർ (പുരോഹിതർ)ക്കെന്നതുപോലെ ഇന്നത്തെയും എന്നത്തെയും പുരോഹിതരെക്കൂടി പൊതിഞ്ഞു പിടിച്ചു കൊണ്ടാണെന്ന് സത്യം വിസ്മരിച്ചുകൂടാ.
” അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടെണ്ടതിനു അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടികൂടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്.”(യോഹ 17:19, 20) യോഹന്നാൻ 17. ഈശോയുടെ പുരോഹിതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് (Priestly prayer ). തന്റെ മക്കൾക്കുവേണ്ടി പരമ പരിശുദ്ധിയായ ഈശോ വീണ്ടും തന്നെത്തന്നെ വിശുദ്ധീകരിക്കുന്നു – വിശുദ്ധിയുടെ പരിപൂർണ്ണ മാതൃകയാക്കുന്നു. എങ്കിൽ ഓരോ പുരോഹിതനും തന്റെ ആത്മീയ മക്കൾക്കുവേണ്ടി തന്നെത്തന്നെ എത്രയധികം വിശുദ്ധികരിക്കേണ്ടിയിരിക്കുന്നു!
ഈശോ തന്നെത്തന്നെ വിശുദ്ധീകരിച്ചത് തനിക്ക് വേണ്ടി ആയിരുന്നില്ല. കാരണം അവിടുന്ന് വിശുദ്ധി തന്നെയാണ്. ‘God is All Holy’.
അവിടുന്ന് അങ്ങനെ ചെയ്തത് (വിശുദ്ധീകരിച്ചത് )തന്റെ മക്കൾക്ക് വേണ്ടിയാണ്. മക്കളിൽ പ്രധാനസ്ഥാനം തന്റെ പകരക്കാരായ പ്രതിപുരുഷന്മാരായ പുരോഹിതർക്കാണല്ലോ. ഉപ്പ് വെള്ളത്തിൽ അലിഞ്ഞു ചേരുന്നതുപോലെ പുരോഹിതൻ ഈശോയിൽ ‘അലിഞ്ഞു’ ചേരണം. ഈ ലയനം പരിപൂർണ്ണമായി വാസ്തവമാക്കിയ പുരോഹിത ശ്രേഷ്ഠനാണ് വിശുദ്ധ പാദ്രെപിയോ. എല്ലാ വിശുദ്ധ പുരോഹിതരും ഇങ്ങനെയാണ്. “All are equal. But St. Padre Pio is a little more equal “.
ദൈവത്തിന്റെ വിശുദ്ധി ഭൂമിയിൽ എത്തിയത് മിശിഹായിലൂടെയാണ്. തന്നോട് സഹകരിക്കുന്ന സകലർക്കും വിശിഷ്യ, വൈദികർക്കും അവിടുന്ന് അത് പകർന്നു കൊടുക്കുന്നു. ഈ വിശുദ്ധി അജഗണങ്ങളിൽ എത്തിക്കുന്നതും വർദ്ധിപ്പിക്കുന്നതും വൈദികരുടെ ദൗത്യം തന്നെ. ഉള്ളതേ പകരാൻ കഴിയൂ. ഈശോയുടെ പൗരോഹിത്യവും വിശുദ്ധിയും എനിക്കും നിങ്ങൾക്കും വേണ്ടിയുള്ളതാണ്. ഈ പൗരോഹിത്യവിശുദ്ധി ഓരോ പുരോഹിതനും സ്വന്തമാക്കണം. ഇതിനു സ്വർഗ്ഗത്തിൽ നിന്നുള്ള സഹായം അവന് അത്യന്താപേക്ഷിതമാണ്.