പഴയനിയമ ബലിയെക്കുറിച്ചും ആരാധനയെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ പുതിയനിയമത്തിൽ പൂർത്തീകരിക്കപ്പെട്ടു. കർത്താവായ ഈശോമിശിഹായിലാണ് ഇതു പൂർത്തീകരിക്കപ്പെട്ടത്. ആദിമക്രൈസ്തവർക്ക് ബലിയും ആരാധനയുമെല്ലാം മിശിഹായിലുള്ള ജീവിതത്തിന്റെ പുനരാവിഷ്കരണമായിത്തീർന്നു.
പുതിയനിയമത്തിൽ ഒരു ബലിയെ ഉള്ളൂ. അതു വിശുദ്ധ കുർബാനയാണ്. പുതിയനിയമബലിയുടെ അടിസ്ഥാനം അന്ത്യാത്താഴവേളയിൽ അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങളാക്കി നൽകിയതിനു ശേഷം ‘എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ’ (ലൂക്കാ. 22:19) എന്ന മിശിഹായുടെ കൽപനയാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ട്. ഈ ബലിയുടെ അർത്ഥവ്യാപ്തി കുരിശിലെ ബലിയും സ്വർഗ്ഗത്തിൽ മിശിഹാ തമ്പുരാൻ പിതാവിനർപ്പിക്കുന്ന ബലിയും ഉൾക്കൊള്ളുന്നതാണ്. മനുഷ്യവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങളും പുതിയനിയമബലിയുടെ ഭാഗം തന്നെ.
ബലിയുടെ വിശദാംശങ്ങൾ
1. ജീവിതത്തിന്റെ സമർപ്പണം
അർപ്പകന്റെ ജീവിതത്തിന്റെ സമർപ്പണമായാലേ ബലി അവന്റേതാകുകയുള്ളൂ. വിശുദ്ധകുർബാനയിലെ പ്രധാന ബലിവസ്തു ഈശോ തന്നെയാണെന്നതു സുവിദിതമാണ്. അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീരരക്തങ്ങളായി രൂപാന്തരപ്പെടുന്നു. ഈശോയോടു ചേർന്നു നിന്നു ബലിയർപ്പിക്കുന്ന പുരോഹിതനും ദൈവജനവും അവിടുത്തോടൊപ്പം ബലിയർപ്പകരും ബലിവസ്തുക്കളുമാണ്., ആകണം. ഈ ബലിവസ്തുക്കളെയെല്ലാം പിതാവായ ദൈവം സ്വീകരിക്കുന്നു. പുരോഹിതനും ദൈവജനത്തിനും തന്റെ ആത്മാവിനെ നൽകി, അവിടുന്നു അവരെ ശക്തരാക്കി വിശുദ്ധീകരിക്കുന്നു. ഈ അനുഭവം അനുദിനജീവിതത്തിൽ അവിടുത്തേയ്ക്കു സാക്ഷികളാകാൻ അവർക്കു പ്രചോദനമാകുന്നു.
2. ബലി- ആരാധനയും സ്തുതിയും
ദൈവത്തിന് ആരാധനാ സ്തുതി സ്തോത്രങ്ങളർപ്പിക്കാനുള്ള സുന്ദരനിമിഷങ്ങളാണ് പരിശുദ്ധ കുർബാനയുടെ നിമിഷങ്ങൾ മിശിഹാ നമുക്കു നൽകുന്ന രക്ഷയെ സ്തുതിച്ചു മഹത്ത്വപ്പെടുത്താനുള്ള അവസരവുമാണിത്. സങ്കീർത്തകൻ നിർദ്ദേശിക്കുന്നുണ്ടല്ലോ. കർത്താവിനെ സ്തുതിക്കുവിൻ; കർത്താവിന്റെ നാസത്തെ സ്തുതിക്കുവിൻ കർത്താവിന്റെ ദാസരേ അവിടുത്തെ സ്തുതിക്കുവിൻ… (135:1) എന്ന്. വിശ്വാസിയുടെ പരമാരാധനയാണ് പരിശുദ്ധ കുർബാന; ഒപ്പം സർവ്വശ്രേഷ്ഠമായ സ്തുതിയുടെ ബലിയും.
3. മിശിഹായുടെ വിജയാഘോഷം
സഭാതനയർക്ക്, ലോകത്തെ കീഴടക്കിയ മിശിഹായുടെ, പോരാ പരിശുദ്ധ ത്രിത്വത്തിന്റെ തന്നെ വിജയാഘോഷമായിത്തീരുന്നു പരിശുദ്ധകുർബാന. അവർക്കു ദൈവികശക്തി സ്വീകരിക്കാനും പരസ്പരം ആശ്വസിപ്പിക്കാനും ഉള്ള സുമോഹന നിമിഷങ്ങളായി ദിവ്യബലി മാറ്റുന്നു. യോഹന്നാൻ 16:33-ൽ ഇതു സുവ്യക്തമാണ്. ”ലോകത്തിൽ നിങ്ങൾക്കു ഞെരുക്കങ്ങളുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” രോഗികൾ, പീഡിതർ, ദുഃഖിതർ, മതപീഡനം അനുഭവിക്കുന്നവർ തുടങ്ങിയവർക്ക് ഏറെ ആശ്വാസദായകമാണ് ഈശോയുടെ മേലുദ്ധരിച്ച വചനം.
4. വിശുദ്ധീകരണോപാധി
വിശുദ്ധ അർപ്പകരെ ”വിശുദ്ധരുടെ സഹപൗരന്മാരും ദൈവങവനത്തിലെ അംഗങ്ങളുമാക്കുന്നു” (എഫേ.2:19). ശ്ലീഹാ തുടരുന്നു: ”മിശിഹായിൽ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കർത്താവിൽ പുതിയ ആലയമായി അതു വളർന്നുകൊണ്ടിരിക്കുന്നു” (2:21). ദത്തുപുത്രന്മാരെ യഥാർത്ഥ തനയരായി മിശിഹായ്ക്കു സദൃശരാക്കാനും വിശുദ്ധിയിൽ വളർത്താനുമുള്ള ശിക്ഷണശുശ്രൂഷയാണ് പരിശുദ്ധ കുർബാന. മാതാപിതാക്കളോടൊപ്പം മറ്റു കുടുംബാംഗങ്ങളും ഒരു മനസ്സോടെ ബലിയർപ്പിക്കുമ്പോൾ അതു കൂടുതൽ കൂടുതൽ അനുഭവവേദ്യമാകും” (യോഹ. 15:1-5)
”യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു” (യോഹ. 4:23) എന്ന് വാഗ്ദാനത്തിന്റെ പൂർത്തീകരണമാണു പരിശുദ്ധ കുർബാന. ”അങ്ങയുടെ വചനമാണല്ലോ സത്യം” എന്ന പരാമർശത്തിലൂടെ ഈശോ മേൽപ്പറഞ്ഞ സത്യമാണ് വ്യക്തമാക്കുന്നത്. ഇതുമൂലം വിശുദ്ധ കുർബാനയിൽ വചനത്തിന്റെ ശുശ്രൂഷയും അപ്പത്തിന്റെ ശുശ്രീഷയും ഒത്തുചേർന്നിരിക്കുന്നു.
6. സ്വർഗ്ഗീയാരാധനയിലെ പങ്കാളിത്തം
കർത്താവിന്റെ തിരുബലി സ്വർഗ്ഗത്തിൽ ഈശോ പിതാവിനർപ്പിക്കുന്ന ബലി തന്നെയാണ്. ഈ സ്വർഗ്ഗീയബലി എന്നേയ്ക്കുമുള്ള ഏക ബലിയാണ്. ”എന്നാൽ, അവനാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേയ്ക്കുമായുള്ള ഏകബലി അർപ്പിച്ചു കഴിഞ്ഞപ്പോൾ ദൈവത്തിന്റെ വലത്തുഭാദത്ത് ഉപവിഷ്ടനായി.” നാം ബലിയർപ്പിക്കുമ്പോൾ ഈ നിത്യമായ ഏകബലിയിൽ ഭാഗഭാക്കുകളാകുകയാണ്.
7. ജീവജലത്തിന്റെ ഉറവ
ഓരോ വിശ്വാസിയിൽ നിന്നും ജീവജലത്തിന്റെ അരുവികൾ ഒഴുകത്തക്കവിധം ആത്മാവിനാൽ നിറയാനുള്ള മാർഗ്ഗമാണ് വിശുദ്ധകുർബാനയിലുള്ള പങ്കാളിത്തം. ഈ ആത്മാവു നമ്മെ വിശുദ്ധീരിച്ചു നയിക്കുന്നു. ഓരോ വിശുദ്ധ കുർബാനയിലും പരിശുദ്ധാത്മാവിനാൽ പൂരിതരായി കർത്താവിന്റെ തിരുശരീരരക്തങ്ങൾ സ്വീകരിച്ചുകൊണ്ട് നമ്മൾ അരൂപിയിൽ നിറഞ്ഞവരായി മാറണം (യോഹ. 7:37-39).
8. നിത്യജീവൻ
”നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവിടുത്തെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്” (യോഹ. 6:53-54). മിശിഹായുടെ വചനം അനുസരിച്ചു നിത്യജീവൻ അവകാശമാക്കാനും ഈശോയിൽ വസിക്കാനും ഈശോ മൂലം ജീവിക്കാനുമായി തന്റെ തിരുശരീരരക്തങ്ങൾ വിശുദ്ധ കുർബാനയിലൂടെ ഭക്ഷണപാനീയങ്ങളായി നമുക്കു ഈശോ നൽകുന്നു.
9. വിവാഹ വിരുന്ന്
മിശിഹായുടെ മണവാട്ടിയായ സഭ വിവാഹനിശ്ചയം കഴിഞ്ഞ് മണവാളന്റെ വരവിനായി സർവ്വാഭരണവിഭൂഷിതയായി കാത്തിരിക്കുന്നു തന്റെ രണ്ടാമത്തെ ആഗമനത്തിൽ മിശിഹാ എന്നേയ്ക്കുമായി സഭയെ തന്നോടു ചേർക്കും. മണവാട്ടിയുടെ കാത്തിരിപ്പിന്റെ സമയമാണിത്. ഈ സമാഗമത്തെപ്പറ്റി സഭയ്ക്കു പൂർണ്ണമായ ഉറപ്പുണ്ട്. അതിന്റെ മുന്നനുഭവത്തിൽ അവൾ ആഹ്ലാദിക്കുന്നു. കർത്താവേ വന്നാലും! ‘മാറാനാത്ത’ (വെളി.22:20) എന്ന പ്രാർത്ഥന ഈ കാത്തിരിപ്പിനെയാണു കാണിക്കുന്നത്.
10. അജഗണത്തിന്റെ സ്വർഗ്ഗോന്മുഖയാത്രയുടെ പാഥേയം
വചനത്തിന്റെ അടിസ്ഥാനന്നിൽ ഈശോയുടെ ദൈവജനവും തമ്മിലുള്ള ബന്ധം ഇടയനും ആടുകളും തമ്മിലുള്ള ബന്ധമായാണു തിരുസഭ കാണുന്നത്. നല്ലയിടയൻ ആടുകളെ മേച്ചിൽപ്പുറങ്ങളിലേയ്ക്കു നയിക്കുന്നു. പച്ചപ്പുൽപ്പുറങ്ങളിൽ അവർക്കു വിശ്രമം നൽകുന്നു. ശത്രുക്കളിൽ നിന്ന് അവരെ രക്ഷിക്കുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വജീവൻ സമർപ്പിക്കുന്നവനാണ്. ഇതുപോലെ തന്നെ ഈശോയും തന്റെ അജഗണത്തിനുവേണ്ടി സ്വജീവൻ അർപ്പിച്ച് അവിടുത്തെ സംരക്ഷണവും പരിപാലനവും സ്വർഗ്ഗോന്മുഖയാത്രയുടെ സജീവാനുഭവവും ദൈവമക്കൾക്കു ലഭിക്കുന്നതു വി. കുർബനയിലാണ്.
11. ഈശോ ബലിയർപ്പകനും ബലിവസ്തുവും
ദിവ്യബലിയിൽ ആദ്യന്തം ഈശോ തന്റെ ദൈവത്വത്തിന്റെ സകല മഹത്വങ്ങളിലും മനുഷ്യത്വത്തിന്റെ സകല മാനങ്ങളിലും, ബലിയർപ്പകനായും ബലിവസ്തുവായും സന്നിഹിതനാണ്. സാന്ദർഭികമായി ഈ സത്യം മുമ്പു സൂചിപ്പിച്ചിട്ടുണ്ട്. അവിടുത്തെ സാന്നിദ്ധ്യം തന്റെ വ്യക്തിത്വവുമായി നമ്മെ ബന്ധപ്പെടുത്തുന്നു, ബന്ധപ്പെടുത്തണം. ”ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹ. 15:5) എന്ന നാഥന്റെ ദിവ്യവചസ്സുകൾ ഇതിനോടു ചേർത്തുവായിക്കണം. ഞാനും ഈശോയും തമ്മിലുള്ള യഥാർത്ഥമായ ബന്ധം പൂർത്തിയാകുന്നത് ബലിയർപ്പണ സമയത്ത് ആത്മാവും ഹൃദയവും കൊണ്ട് ഈശോയോട് ഐക്യപ്പെട്ടിരിക്കുമ്പോഴും ഭയഭക്ത്യാദരവുകളോടെ അവിടുത്തെ തിരുശരീരരക്തങ്ങൾ അർപ്പകർ ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ മാത്രമാണ്. ദിവ്യബലിയുടെ പൂർത്തീകരണമായ ദിവ്യകാരുണ്യ സ്വീകരണം നടത്താത്ത വ്യക്തി ഈശോയുമായി ഒന്നാകുന്നില്ല. ”ഈ ജനം അധരംകൊണ്ട് എന്നെ സ്തുതിക്കുന്നു. ഇവരുടെ ഹൃദയം എന്നിൽ നിന്നു വളരെ അകലെയാണ്” എന്നു പ്രവാചകാധരങ്ങളിലൂടെ വിലപിക്കുന്ന കർത്താവിന്റെ വചനങ്ങൾ അത്തരം വ്യക്തികളെ സംബന്ധിച്ച് സ്വാർത്ഥമാകുകയാണ്. ദിവ്യബലി ബന്ധത്തിന്റെ, ഒന്നാകലിന്റെ ബലിയും വിരുന്നും കൂദാശയുമാണ്. ഞാനും ഈശോയുമായുള്ള ബന്ധത്തിനു പുറമേ. ഞാനും പരിശുദ്ധ ത്രിത്വവുമായുള്ള ഒന്നാകലും പരിശുദ്ധകുർബാനയിൽ സംഭവിക്കണം. ബന്ധപ്പെടുത്തി പറയാവുന്ന മറ്റൊരു സത്യം, പരിശുദ്ധകുർബാന എല്ലാവരേയും വിശിഷ്യാ എല്ലാ ക്രൈസ്തവരെയും ബന്ധപ്പെടുത്തി, അടുപ്പിച്ച് ഒരു ആട്ടിൻകൂട്ടമാക്കേണ്ട പരമദിവ്യ യാഥാർത്ഥ്യമാണെന്നതാണ്.
12. പരസ്പരബന്ധത്തിന്റെ സങ്കേതം
പരിശുദ്ധ കുർബാന പരസ്പരബന്ധത്തിന്റെ സങ്കേതമാണ്. സഹോദരരുമായി രമ്യപ്പെടാതെ ഞാൻ ബലിയർപ്പിച്ചാൽ ബലിവാസ്തവമാകും. എന്നാൽ അത് എനിക്ക് ഒന്നിനും ഉപകരിക്കുകയില്ല. ”നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ കാഴ്ചവസ്തു ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു രമ്യപ്പെടുക. പിന്നെ വന്നു കാഴ്ചയർപ്പിക്കുക” (മത്താ. 5:23-24). ”ദിവ്യബലിയെ അടിസ്ഥാനവും കേന്ദ്രബിന്ദുവുമാക്കിയല്ലാതെ ഒരു ക്രിസ്തീയസഭയും കെട്ടിപ്പടുക്കുക സാധ്യമല്ല” (വൈദികർ,6). എല്ലാ കൂദാകളുടെയും കേന്ദ്രവും പരമകാഷ്ഠവും പരിശുദ്ധ കുർബാനതന്നെയാണ് (പ്രേഷിതപ്രവർത്തനം,9). കൂദാശകളില്ലാതെ ക്രൈസ്തവ ജീവിതം സ്വർഗ്ഗപ്രാപ്തിയിലെത്തുകയില്ല.
13. ബലി ജീവിതമാകണം
അർപ്പകരുടെ പരസ്പര സ്നേഹവും സഹവർത്തിത്വവും ഐക്യവും ദിവ്യബലിയിലും തുടർന്നുള്ള ജീവിതത്തിലും പ്രസപ്ഷ്ടമാകണം. ഒരു ക്രൈസ്തവന് അന്യനോ, നിന്ദ്യനോ, ശത്രുവോ ആയി ആരുമില്ല; അങ്ങനെ ആരും ഉണ്ടാകരുത്. സ്നേഹവും ഐക്യവും സത്യവും നീതിയും സഹാനുഭൂതിയും സഹവർത്തിത്വവും ഒക്കെയാണ് അവന്റെ മുഖമുദ്രകൾ. ഇവയുടെ മാത്രമല്ല, മറ്റെല്ലാ നന്മകളുടെയും പുണ്യങ്ങളുടെയും പ്രഭവസ്ഥാനം പരിശുദ്ധ കുർബാനയാണെന്ന വസ്തുത തറപ്പിച്ചുപറയാനും പ്രായോഗികതലത്തിൽ അഭ്യസിക്കാനും ഓരോ ക്രൈസ്തവനും ഒഴികഴിവില്ലാത്ത കടമയുണ്ട്.
സഹോദരങ്ങൾക്കോ സഹജീവികൾക്കോ എതിരായി എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ അവയെല്ലാം ക്രൈസ്തവൻ, എന്തിന് എല്ലാ മനുഷ്യരും, യഥാർത്ഥ മനുഷ്യരാകാൻ, ദൂരെയകറ്റണം. ആർക്കെതിരെ പാപം ചെയ്തുവോ അവനുമായി വേഗത്തിൽ രമ്യതപ്പെടണം. ആൾ സമീപസ്ഥനല്ലെങ്കിൽ ഏറ്റം അടുത്ത അവസരത്തിൽ രമ്യപ്പെട്ടുകൊള്ളാമെന്നുള്ള ആത്മാർത്ഥമായ തീരുമാനം ചെയ്തിരിക്കണം. ദ്രോഹം ഏറ്റവൻ ദ്രോഹിയുടെ രമ്യത അംഗീകരിക്കണം. അവനെ അനുഗ്രഹിച്ചു ക്ഷമ നൽകണം. മനുഷ്യരോട് അവരുടെ തെറ്റകൾ നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ, സ്വർഗ്ഗസ്ഥനായ നിങ്ങളടെ പിതാവു നിങ്ങളോടും ക്ഷമിക്കുകയില്ല (മത്താ. 6:15). ഇവയുടെയെല്ലാം അംഗീകരണവും അനുസ്മരണവുമായി വേണം ദിവ്യബലിയിലെ സമാധാനാശംസയെ പരിഗണിക്കാൻ. ആത്മാർത്ഥമായി, സ്നേഹപൂർവ്വം, സമാധാനാശംസ നൽകാൻ കഴിയാത്ത ഒരു വ്യക്തിയുടെ ബലി ദൈവത്തിനു സ്വീകാര്യമായിരിക്കുകയില്ല. വിശുദ്ധ ജോൺ ഡമീഷൻ പറയുന്നത്, തെറ്റുകുങ്ങളുടെ ഓർമ്മ പോലും കഴുകിക്കളഞ്ഞിട്ടുവേണം വിശുദ്ധ രഹസ്യങ്ങളെ സമീപിക്കൻ എന്നാണ്. സീറോ മലബാർ കുർബാനയുടെ ആരംഭത്തിൽത്തന്നെ അർപ്പകരെല്ലാം പ്രഘോഷിക്കുന്നു:
അനുരഞ്ജിതരായ് തീർന്നീടാം
നവമൊരു പീഠമൊരുക്കീടാം
14. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം
ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം പരമദിവ്യബലിയാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അന്തസഃത്ത ഇതാണ്: പരിശുദ്ധ ത്രിത്വത്തിലെ രണ്ടാളായ പുത്രൻതമ്പുരാൻ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ കന്യാമറിയത്തിൽ നിന്നു മനുഷ്യനായി അവതരിച്ച്, സ്വർഗ്ഗപുതാവിനു നമ്മോടുള്ള സ്നേഹവും കാരുണ്യവും കരുതലും വെളിപ്പെടുത്തി, ഈ ഭൂമിയിൽ ജീവിച്ചു. അവിടുന്നു കണ്ടുമുട്ടിയവർക്കെല്ലാം രക്ഷയും സമാധാനവും നൽകി. തന്റെ ഈലോകജാവിതത്തിന്റെ അവസാനം മർത്യപാപങ്ങൾക്കു പരിഹാരമായി മരക്കുരിശിലേറി മരിച്ചു. മൂന്നാം നാൾ അവിടുന്ന് ഉയിർത്തെഴുന്നേറ്റു. തന്റെ സഹനമരണോത്ഥാനങ്ങളിലൂടെ അവിടുന്നു മാനവരാശിയുടെ മുഴുവൻ രക്ഷ സാധിച്ചു. ഈ രക്ഷയുടെ ഫലങ്ങൾ തിരുസ്സഭയിലൂടെ ലോകാവസാനം വരെ, വിശ്വസിക്കുന്നവർക്ക്, അവിടുന്നു പ്രദാനം ചെയ്യുന്നതു കൂദാശകളിലൂടെയാണ്, വിശിഷ്യ പരിശുദ്ധകുർബാനയിലൂടെയാണ്.
15. മിശിഹാബഹസ്യത്തിന്റെ ആവർത്തനം
മരണത്തെ ജയിച്ചടക്കിയ മിശിഹായുടെ രണ്ടാമത്തെ ആഗമനം വരെ രക്ഷയുടെ കേന്ദ്രബിന്ദു വിശുദ്ധകുർബാനയാണ്. രക്ഷയുടെ ഈ സത്യം തിരുസ്സഭ ലോകാന്ത്യം വരെയും തുടരും. മിശിഹാരഹസ്യത്തിന്റെ പുനരാവിഷ്കരണവും അനുഷ്ഠാനവും ആഘോഷവുമായ വിശുദ്ധകുർബാന രക്ഷാകര രഹസ്യങ്ങളുടെ കൗദാശികമായ പുനരാവർത്തനവും ആഘോഷവും കൂടിയാണ്. ദിവ്യനാഥൻ വെളിപ്പെടുത്തിയ രക്ഷാപദ്ധതിയുടെ കാതൽ, മിശിഹാരഹസ്യമാണ്. പ്രസ്തുത മിശിഹാരഹസ്യമാണ് അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും വിശുദ്ധകുർബാനയിൽ പുനരാവിഷ്ക്കരിക്കപ്പെടുക.. ഒരു വ്യക്തി വിശ്വാസപൂർവ്വം, യോഗ്യതയോടെ വിശുദ്ധകുർബാനയിൽ പങ്കെടുക്കുമ്പോൾ, ഈശോയിലൂടെ പിതാവു നമുക്കു പ്രദാനം ചെയ്യുന്ന രക്ഷയിൽ അയാൾക്കു ഭാഗഭാഗിത്വം കിട്ടുന്നു. അവനെ സംബന്ധിച്ച രക്ഷാകര പദ്ധതി പൂർത്തിയാവുകയും ചെയ്യുന്നു.