ബലിയും വിരുന്നും കൂദാശയും

Fr Joseph Vattakalam
4 Min Read

ബലിയും (കാൽവരിയിൽ ഈശോ അർപ്പിച്ച ബലി ) വിരുന്നും (പിതാവായ ദൈവം തന്റെ തിരുക്കുമാരന്റെ തിരു ശരീര രക്തങ്ങൾ ഭക്ഷണപാനീയങ്ങളായി വിളമ്പുന്ന സ്വർഗ്ഗീയ വിരുന്ന് – കൂദാശ (തിരുബലി നമ്മെ വിശുദ്ധീകരിക്കുന്നതുകൊണ്ട് (കുർബാന കൂദാശയും ആണ് ) പരിശുദ്ധ കുർബാന യോഗ്യതാപൂർവ്വം അർപ്പിക്കാൻ അർപ്പകരെയെല്ലാം ഒരുക്കുക എന്നതാണ് ആമുഖ ശുശ്രൂഷയുടെ ലക്ഷ്യം. അതിനുതകുന്ന പ്രാർത്ഥനകളും കർമ്മങ്ങളും ആണ് ഈ ഭാഗത്ത് ഉള്ളത്. ആമുഖത്തിലെ തുടക്കമായ “അന്നാ പെസഹാത്തിരുനാളിൽ” എന്നത് വിചിന്തനത്തിന് വിധേയമാക്കിയപ്പോൾ അനുരഞ്ജനം, ഒരുമ, നവമായ പീഠം തുടങ്ങിയവയുടെ പ്രാധാന്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കണമെന്ന് സൂചിപ്പിച്ചല്ലോ. അതേ, വിശുദ്ധകുർബാന സ്നേഹബലിയാണ്,സ്നേഹ കൂദാശയാണ്, സ്നേഹ വിരുന്നാണ്.

‘ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ‘ ഈശോമിശിഹായുടെ ജനനസമയത്ത് മാലാഖമാർ പാടിയ സ്വർഗീയ ഗാനമാണ്. ഈ മഹാസംഭവം കണ്ടുകൊണ്ടിരുന്ന ദൈവത്തെ (പിതാവും പുത്രനും പരിശുദ്ധാത്മാവും) സ്വർഗ്ഗം പാടി പുകഴ്ത്തുകയാണ് ഇവിടെ. ഈ സ്തുതിപ്പ് ലോക രക്ഷകൻ പിറന്ന അതിന്റെ രണ്ടാമത്തെ അടയാളവും ആണ്.

ആദ്യത്തെ അടയാളം പിള്ള കച്ചകൾ പൊതിഞ്ഞു കാലിത്തൊഴുത്തിൽ കിടക്കുന്ന ശിശു തന്നെയാണ്.

രണ്ടാമത്തെ അടയാളമായി വരുന്നത് മാലാഖമാർ സ്വർഗ്ഗീയ സൈന്യങ്ങളുടെ ഒരു വ്യൂഹമാണ് ” അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി” എന്ന് മാത്രമല്ല അവർ പാടിയത്. അതിനോട് അവർ കൂട്ടിച്ചേർത്തു ഭൂമിയിൽ ദൈവ കൃപ ( ദൈവ പ്രസാദം ) ലഭിച്ചവർക്ക് സമാധാനം”( ലൂക്ക 2: 14 ). ഈശോയുടെ ജനനത്തിൽ ദൈവത്തിന്റെ മഹത്വവും കാരുണ്യാതിരേകവും വെളിപ്പെട്ടിരിക്കുന്നു. സ്വന്തം ഇഷ്ടത്താൽ താൻ തിരഞ്ഞെടുത്ത ” സമാധാനം നൽകി കർത്താവ് അവരെ അനുഗ്രഹിക്കുന്നു ( സങ്കീർത്തനം 29: 11 ). “നിനക്ക് ഒരു പുത്രൻ ജനിക്കും… അവന്റെ നാളുകളിൽ ഞാൻ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നൽകും. അവൻ എന്റെ നാമത്തിൽ ഒരു ഭവനം പണിയും…അവൻ എനിക്ക് പുത്രനും ഞാൻ അവനു പിതാവും ആയിരിക്കും ” എന്ന് ദാവീദിനോട് ദൈവം വാഗ്ദാനം ചെയ്തിരുന്നു.. ദാവീദിന്റെ പുത്രൻ സോളമനെ കുറിച്ചാണ് പ്രത്യക്ഷത്തിൽ ഇവിടെ പരാമർശം (1ദിന.22:9,10) എന്നാൽ ഒരു പ്രവചനം ആണ് ഇത്. യഥാർത്ഥത്തിൽ ദൈവപുത്രനായ ഈശോ, ഈശോ ഭൂമിയിൽ ജനിച്ചപ്പോൾ പ്രസ്തുത വാഗ്ദാനം പൂർത്തിയായി. യഥാർത്ഥ സോളമൻ – സമാധാനം ( സോളമൻ എന്ന പേരിന്റെ അർത്ഥം സമാധാനം എന്നാണ് ). ദൈവപുത്രത്വവും സമാധാനവും രാജത്വവും തമ്മിലുള്ള ബന്ധം ഈശോയിൽ യാഥാർഥ്യമായി.

ദൈവം വാഗ്ദാനം പൂർത്തിയാക്കി. ഈശോ സകല ജനപദങ്ങളുടെയും രക്ഷകനായി, സമാധാന രാജാവായി ജനിച്ചതാണ് ” വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത “. ഈ “വലിയ സന്തോഷം” ഭൂമിയിൽ ദൈവപ്രസാദം ഉള്ളവർക്ക് ( സന്മനസ്സുള്ളവർക്ക് ) സമാധാനം കൈവന്നിരിക്കുന്നു എന്നതാണ് (ലൂക്ക 2: 44 ).

മാലാഖമാരുടെ സ്തുതിപ്പ് പുരോഹിതൻ ദിവ്യബലിയിൽ ആവർത്തിക്കുമ്പോൾ, സ്വർഗ്ഗീയ ആരാധനയിൽ പുരോഹിതനും ദൈവജനം മുഴുവനും ഭാഗഭാക്കാവുകയാണ്. മൂന്ന് പ്രാവശ്യം നടത്തുന്ന ആവർത്തനം പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് വ്യക്തികളെയും രക്ഷാ പദ്ധതിയിലെ അവരുടെ സവിശേഷ ദൗത്യങ്ങളെയും അനുസ്മരിപ്പിക്കുന്നു, അനുസ്മരിപ്പിക്കണം. കൂടാതെ, ബലിയർപ്പണ ത്തിന്റെ അടിസ്ഥാനലക്ഷ്യം ആയ ദൈവത്തിനു ഈ മഹത്വവും മനുഷ്യർക്ക് രക്ഷയും കൂടി സൂചിപ്പിക്കപ്പെടുന്നുണ്ട്. ഈ സ്തുതിഗീതം.

കർത്താവായ ദൈവമേ, ഈ സ്വർഗ്ഗീയ ഗണങ്ങളോടു കൂടെ അങ്ങേയ്ക്കു ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോട് കല്പിച്ചതുപോലെ, എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു

നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ ‘. എന്നാൽ ശുശ്രൂഷിയുടെ അറിയിപ്പ് കുർബാനയുടെ വിവിധ ഭാഗങ്ങളിൽ കാണാൻ കഴിയും. സമൂഹത്തിനും കാർമ്മികന്റെയും മധ്യവർത്തിയായി നിലകൊള്ളുന്ന ശുശ്രൂഷി തന്റെ പ്രഘോഷണങ്ങളിലൂടെയും പ്രാർത്ഥന കളിലൂടെയും സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുകയാണ് അവൻ ചെയ്യുക. ഇതിനുപുറമേ പരമ പരിശുദ്ധ കുർബാനയിലെ സജീവ ഭാഗഭാഗിത്വം ഉറപ്പുവരുത്തുക എന്നതും ഈ ആഹ്വാനങ്ങളിലൂടെ അർത്ഥമാക്കുന്നുണ്ട്. ഈശോ പ്രധാന കാർമ്മികൻ ആയി ബലിയർപ്പിക്കുന്നത് കൊണ്ട് ആരാധനാ സമൂഹം മുഴുവൻ ഭയഭക്തി ആദരവുകളോടെ ആദ്യന്തം ബലി അർപ്പിക്കണം എന്നും ഈ ആഹ്വാനം അനുസ്മരിപ്പിക്കുന്നു.

കർത്തൃ പ്രാർത്ഥനയുടെ പരമപ്രാധാന്യം അംഗീകരിച്ചും ബോധ്യപ്പെട്ടുമാണ് സീറോ മലബാർ ലിറ്റർജിയിൽ അതു മൂന്നു പ്രാവശ്യം പൂർണമായും രണ്ടു പ്രാവശ്യം ഭാഗികമായും ആവർത്തിക്കുന്നത്. രണ്ടാം ക്രിസ്തുവെന്ന അപരനാമത്താൽ ലോകമെങ്ങും അറിയപ്പെടുന്ന ഫ്രാൻസിസ് അസീസി പുണ്യവാൻ “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ ദൈവ പിതാവുമായി മിസ്റ്റിക് ഐക്യത്തിൽ ആകുമായിരുന്നു. ഈ മഹാ വിശുദ്ധനും കർതൃ പ്രാർത്ഥന പലപ്പോഴും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് അഭിജ്ഞമതം. മഹാ വിശുദ്ധന്റെ ഈ മിസ്റ്റിക് അനുഭവം നമ്മുടെ സർവ്വശക്തിയും ആന്തരിക സിദ്ധികളും സമാഹരിച്ചു ദിവ്യബലി സർവ്വ ശ്രദ്ധയോടും ഭക്തിയോടും ശുദ്ധിയോടും കൂടെ അർപ്പിക്കാൻ നമുക്ക് പ്രചോദനമാകട്ടെ.

മാലാഖമാരുടെയും വിശുദ്ധരുടേയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും ദൈവദാസരുടെയും ഇതര സ്വർഗ്ഗവാസികളുടെയും ജീവിച്ചിരിക്കുന്ന സകലരുടെയും സകല ജീവജാലങ്ങളുടേയും കൂട്ടായ്മയിൽ ഈ പ്രാർത്ഥന ചൊല്ലുന്നതും അങ്ങേയറ്റം അനുഗ്രഹമായിരിക്കും. ബലിയർപ്പണം മുഴുവൻ തന്നെയും ഇപ്രകാരം അർപ്പിക്കുന്നതു വിശ്വം മുഴുവൻ അനുഗ്രഹിക്കപ്പെടാൻ ഇടയാക്കും.

Share This Article
error: Content is protected !!