മഹാസത്യം

Fr Joseph Vattakalam
2 Min Read

ലാൻസിയാനോ എന്ന് നിങ്ങൾ കേട്ടിരിക്കും. അവിടുത്തെ ദൈവാലയത്തിൽ 8 –ാം നൂറ്റാണ്ടിൽ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതം ഇന്നും അത്ഭുതമായി തുടരുന്നു .  ദൈവാലയത്തിൽ  ഒരു വൈദികൻ ബലിയർപ്പിക്കുകയായിരുന്നു. ഭക്തനും തീക്ഷ്‌ണമതിയുമായ ആ വൈദികൻ  കൂദാശവചനകൾ ഉച്ചരിച്ചു. ഈശോ ആ അപ്പത്തിലേക്കും വീഞ്ഞിലേക്കും   കൗദാശികമായി  ഈശോഎഴുന്നള്ളി വന്നു. പെട്ടന്ന് അവയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിദ്ധ്യത്തെക്കുറിച്ചു അച്ചന് ഒരു സംശയം ഉണ്ടായി. ഇത് അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കി. വിശുദ്ധിയിൽ നിലനിൽക്കാൻ ആത്മാർഥമായി പരിശ്രമിച്ചിരുന്ന ഒരു വൈദികനാണ് അദ്ദേഹം.

 എല്ലാം അറിയുന്ന തമ്പുരാൻ തന്റെ മകനെ സഹായിക്കുകയായി. അപ്പവും വീഞ്ഞും സത്വരം ഈശോയുടെ  മാംസരക്തങ്ങളായി മാറി! ആ ശരീര രക്തങ്ങൾ ഇപ്പോഴും ലാൻസിയാനോയിലുള്ള സാൻഫ്രാൻസിസ്കോ   ദൈവാലയത്തിൽ പൂർവസ്ഥിതിയിൽ  തന്നെയുണ്ട്! ഇന്നും തീർത്ഥാടകർ അങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

ക്രിസ്തുമതവിരോധികൾ വി.അന്തോനീസിനെ നേരിടാനും പരാജയപ്പെടുത്താനും കടുത്ത ഒരു തന്ത്രം പ്രയോഗിച്ച കഥ  നിങ്ങൾ കേട്ടിരിക്കുമല്ലോ. വി. കുർബാനയിൽ ഈശോ സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന സത്യം പാടെ നിഷേധിച്ചവരാണ് അവർ. അക്കൂട്ടരിൽ ചിലരാണ് അന്തോനീസ് പുണ്യവാനെ പരീക്ഷിച്ചത്.

ഈ സത്യം ജനമധ്യേ അസാധുവാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവർ അന്തോനീസ് പുണ്യവാനെ വെല്ലുവിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. പരിശുദ്ധ കുർബാനയിൽ ദിവ്യ ഈശോ ആത്മശരീരങ്ങളോടെ, സത്യമായും എഴുന്നള്ളിയിരിക്കുന്നുവെന്നു മൃഗങ്ങൾ പോലും അറിയാം. “തെളിയിക്കാമോ?”, അവർ ആക്രോശിച്ചു. പുണ്യവാൻ പറഞ്ഞു : “നിങ്ങൾ ഒരു കഴുതയെ മൂന്നു ദിവസം  പട്ടിണിയിടുക. അനന്തരം ആ കഴുതയെ അഴിച്ച് ആശ്രമത്തിൽ കൊണ്ട് വരുക. ഒരു കെട്ടു തീറ്റിയും കരുതിക്കൊള്ളുക. എല്ലാം സജ്ജമായിക്കഴിയുമ്പോൾ എന്നെ അറിയിക്കുക. അപ്പോൾ ഞാൻ ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചു കൊണ്ടുവരും. ഈശോയെയും പുല്ലുക്കെട്ടും അടുപ്പിച്ചു വയ്ക്കുക. കഴുത എങ്ങനെ പ്രതികരിക്കുന്നുവെന്നു സൂക്ഷിച്ചു നോക്കിക്കൊള്ളുക. നിശ്ചിതസമയമായി, സജ്ജീകരണങ്ങൾ പൂർത്തിയായി. അപ്പോൾ പുണ്യപിതാവ് ഈശോയെ എഴുന്നള്ളിച്ചുകൊണ്ട് വന്നു. വെല്ലുവിളിച്ചവർ പുല്ലു കെട്ട് കഴിയുന്നത്ര കഴുതയുടെ അടുത്താണ് പിടിച്ചിരുന്നത് എന്നിട്ടും കഴുത ഇരുമുട്ടുകളും മടക്കി ഭക്തിപൂർവ്വം ഈശോയെ ആരാധിച്ചു. അതെ, വന്യമൃഗങ്ങൾക്കു പോലും തിരിച്ചറിയാൻ കഴിയുന്ന മഹാസത്യമാണ് കൂദാശചെയ്യപ്പെട്ട തിരുവോസ്തി ഈശോ ആണെന്നത്.

സുഹൃത്തുക്കളെ  നൂറുക്കണക്കിന് ദിവ്യകാരുണ്യ അത്ഭുതങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലും  ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്നതായും നടക്കുന്നതായും നമ്മുക്കറിയാമല്ലോ. . വിശ്വസിക്കുക. സിശ്വസിക്കുന്നവർക്കു നിത്യജീവനുണ്ട് , വിശ്വസിക്കുന്നവർക്കേ ദൈവമഹത്ത്വം കാണാൻ കഴിയൂ. നിത്യസത്യങ്ങൾ മനസ്സിലാകൂ. തടവറയിലെ അത്ഭുതം (അപ്പ. 16 :25 -34 ) കണ്ട കാവൽക്കാരന്റെ  “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം?” എന്ന ചോദ്യത്തിന് പൗലോസ് നൽകിയ മറുപടിയുടെ സാക്ഷാത്കാരമാണ് ഇന്നിന്റെ ഏറ്റം വലിയ ആവശ്യം. “കർത്താവായ ഈശോയിൽ വിശ്വസിക്കുക. നീയും നിന്റെ കുടുബവും രക്ഷപ്രാപിക്കും” (16 :31 ).

Share This Article
error: Content is protected !!