ഫുൾട്ടൺ ജെ. ഷീൻ തിരുമേനി നവവൈദികനായിരുന്ന കാലം. ഒരു സായംകാലത്ത് അദ്ദേഹം തന്റെ ഇടവകയിലെ ജനങ്ങളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന്, അക്കാലത്തു പൊതുവിലും ധാരാളംപേർ വിശുദ്ധ കുമ്പസാരമെന്ന കരുണയുടെ കൂദാശയ്ക്ക് അണഞ്ഞിരുന്നു. പക്ഷേ അതാ ഒരു യുവതി കുമ്പസാരക്കൂടിനടുത്തു മുട്ടുകുത്തുന്നു. അച്ചൻ അവളെ ആശീർവദിക്കുന്നു. എന്നാൽ Bless me father, for I have sinned എന്ന അനുതാപദ്യോതകമായ ഫോർമുല അല്ല അവൾ ഉരുവിട്ടത്. പകരം അവൾ പറഞ്ഞത് ഇങ്ങെനയാണ്. അച്ചാ, എനിക്കു കുമ്പസാരത്തിൽ വിശ്വാസമില്ല. അപ്പോൾ പിന്നെ എന്തിനാണു നീ കുമ്പസാരക്കൂടിനു സമീപം വന്നത്, അച്ചൻ തെരക്കി.
എന്റെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അമ്മയെ, കബളിപ്പിച്ചു തൃപ്തിപ്പെടുത്താനാണു ഞാൻ വന്നത്. സത്യം തുറന്നുപറയാനുള്ള ആർജ്ജവത്വം അവൾ കാണിച്ചുവെന്നതു ശ്ലാഘനീയംതന്നെ. നിനക്കു കുമ്പസാരത്തിൽ വിശ്വാസമില്ലെങ്കിൽ, നീ സമാധാനത്തിൽ മടങ്ങിപ്പോകുക, അതായിരുന്നു ഫാ. ഫുർട്ടന്റെ നിർദ്ദേശം.
ആ യുവതി കുമ്പസാരിക്കാതെ മടങ്ങിപ്പോയയി. ആ നല്ല വൈദികൻ സൈന്യങ്ങളുടെ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയുള്ള ദാഹത്താലും കത്തിജ്ജ്വലിച്ചിരുന്ന അദ്ദേഹം ഇങ്ങനെ അഭ്യർത്ഥിക്കാൻ തുടങ്ങി. നിങ്ങളുടെ സമയം അനുവദിക്കുമെങ്കിൽ എന്റെ നിയോഗത്തിൽ ഒരു മണിക്കൂർ പരിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യഈശോയെ ആരാധിക്കുക. നിരവധി വിശ്വാസികൾ അച്ചന്റെ നിർദ്ദേശം ഗൗരവമായി എടുത്ത് അപ്പോൾത്തന്നെ ആരാധന നടത്തുകയായി.
കുമ്പസാരമെല്ലാം കഴിഞ്ഞ് അച്ചനും മുട്ടിന്മേൽനിന്ന് ദിവ്യകാരുണ്യ ഈശോയെ ആരാധിക്കാൻ തുടങ്ങി. 11 മണി രാത്രിവരെ അദ്ദേഹം ദൈവാലായത്തിൽ ആരാധനയിൽ മുഴുകിയിരുന്നു. പള്ളിയിലെ ലൈറ്റുകൾ അണച്ചിരുന്നു എങ്കിലും 11 മണി ആയപ്പോൾ പള്ളിയുടെ സൈഡ് കവാടത്തിൽ ആരോ ശക്തമായി മുട്ടുന്നത് അച്ചൻ ശ്രദ്ധിക്കുന്നു. അദ്ദേഹം എഴുന്നേറ്റുചെന്ന് കതകു തുറക്കുന്നു. ഒരു യുവതിയും അവളുടെ അമ്മയുമായിരുന്നു അച്ചനെ കാത്ത് പള്ളിക്കു പുറത്തു നിന്നിരുന്നത്. യുവതി മുന്നിലും അമ്മ പിറകിലും.
എന്താ മകളേ ഈ സമയത്തു നിങ്ങൾ ദൈവാലയത്തിലേക്കു വന്നത്?
അച്ചാ, ഞാനാണ് ഇന്നു സായംകാലത്തു കുമ്പസാരക്കൂട്ടിൽവന്ന് എനിക്ക് കുമ്പസാരത്തിൽ വിശ്വാസമില്ലെന്ന് അച്ചനോടു വെട്ടിത്തുറന്നു പറഞ്ഞത്. അച്ചാ, എന്നോടു ക്ഷമിക്കണം. എന്റെ കുമ്പസാരം അച്ചൻ ഇപ്പോൾത്തന്നെ കേൾക്കണം. ഈശോയുടെ പാപക്ഷമ, അച്ചന്റെ നാവിലൂടെയും പാണിയിലൂടെയും എനിക്കു കരഗതമാവട്ടെ.
ആ യുവതിയുടെ മാനസാന്തരത്തിനു പിന്നിൽ പ്രവർത്തിച്ചത് എന്തെന്ന് അനുവാചകനു വ്യക്തമായെന്നു കരുതുന്നു. ദിവ്യകാരുണ്യ ഈശോ പ്രവർത്തിച്ച അത്ഭുതം! അവിടുത്തെ വാഗ്ദാനം ഉണ്ടല്ലോ, ചോദിക്കുവിൻ, നിങ്ങൾ ലഭിക്കും (ലൂക്കാ 1:9) ഷീൻ തിരുമേനിയെപ്പോലെ നമുക്കും ദിവ്യകാരുണ്യ ഈശോയുടെ പ്രത്യേക ഭക്തരാകാൻ കഴിഞ്ഞിരുന്നെങ്കിൽ!