ഇന്ന് തിരുമണിക്കൂർ ആരാധനസമയത്ത്, ആത്മീയജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ കനിവുണ്ടാകണമെന്നു ഞാൻ ഈശോനാഥനോടു അപേക്ഷിച്ചു. ഈശോ എന്നോട് പറഞ്ഞു, എന്റെ മകളെ, ഞാൻ നിന്നോട് പറയുന്ന വചനകൾക്കു അനുസൃതമായി വിശ്വസ്തതയോടെ ജീവിക്കുക. നിനക്ക് വളരെ വിലപ്പെട്ടതായി തോന്നിയാലും ബാഹ്യമായ കാര്യങ്ങൾക്കു വലിയ മൂല്യം കല്പിക്കരുത്. നീ നിന്നെത്തന്നെ ഉപേക്ഷിച്ചിട്ട്, എപ്പോഴും എന്നോടൊത്തു വസിക്കുക. നീ സ്വന്തമായി ഒന്നും ചെയ്യാതെ എല്ലാം എന്നെ ഭരമേല്പിച്ചിട്ട്, ആത്മാവിൽ എപ്പോഴും പൂർണ്ണസ്വാതന്ത്ര്യം അനുഭവിക്കുക. ഏതെങ്കിലും ഒരു സാഹചര്യമോ സംഭവമോ നിന്നെ അസ്വസ്ഥയാക്കാതിരിക്കട്ടെ. ആളുകളുടെ അഭിപ്രായത്തിനു ഒട്ടും പ്രാധാന്യം കൊടുക്കേണ്ട. എല്ലാവരും അവർക്കിഷ്ടമുള്ളതുപോലെ നിന്നെ വിധിക്കട്ടെ. നിന്നെ അതൊട്ടും ബാധിക്കുകയില്ല. നീ നിന്നെത്തന്നെ ന്യായീകരിക്കേണ്ട. നിനക്ക് ഏറ്റവും ആവശ്യമുള്ള വസ്തുപോലും, ഒരാൾ ചോദിച്ചാൽ ആ നിമിഷംതന്നെ, അവർക്കു നൽകുക. എന്നോട് ആലോചിക്കാതെ നീ ഒന്നും ആവശ്യപ്പെടരുത്. നിനക്ക് ന്യായമായി അർഹതപ്പെട്ട ബഹുമാനം, സൽപ്പേര് എല്ലാം അവർക്കു വിട്ടുകൊടുത്തുകൊണ്ട്, നിന്റെ അരൂപി അതിനെല്ലാം ഉപരിയായി ഉയരട്ടെ. അതിനാൽ എല്ലാറ്റിൽനിന്നും വിടുതൽ പ്രാപിച്ച്, നിന്റെ സമാധാനം ഒന്നിനാലും നഷ്ടപ്പെടുത്താതെ, എന്റെ ഹൃദയത്തോട് ചേർന്നിരിക്കുക. എന്റെ കുട്ടീ, ഞാൻ നിന്നോട് പറഞ്ഞതെല്ലാം കാര്യമായി പരിഗണിക്കുക. (ഡയറി: 1685 )
എന്റെ മകളെ, ആത്മീയ പോരാട്ടത്തെക്കുറിച്ച് നിന്നെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കലും നിന്നിൽത്തന്നെ ആശ്രയിക്കരുത്. എന്റെ ഹിതത്തിനു നിന്നെത്തന്നെ പൂർണ്ണമായി വിട്ടുതരിക. വിജനമൂകതയിലും അന്ധകാരത്തിലും പലതരത്തിലുള്ള സംശയങ്ങളിലും നീ എന്റെ അടുക്കലേക്കോ നിന്റെ ആത്മീയ ഉപദേഷ്ടാവിന്റെ അടുക്കലേക്കോ ഓടിയണയുക. അവൻ എനിക്കുവേണ്ടി നിനക്ക് ഉത്തരം നൽകും. പ്രലോഭനങ്ങളുമായി ഒരിക്കലും വാഗ്വാദത്തിലേർപ്പെടരുത്; എത്രയും വേഗം എന്റെ ഹൃദയത്തിൽ അഭയം തേടിയതിനുശേഷം ആദ്യാവസരത്തിൽത്തന്നെ പ്രലോഭനങ്ങളെപ്പറ്റി കുമ്പസാരക്കാരനോട് വെളിപ്പെടുത്തുക. സ്വാർത്ഥസ്നേഹത്തെ അവഗണിക്കുക. നിന്റെ പ്രവർത്തികളെ അത് കളങ്കപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. സ്വയം വളരെ ക്ഷമയുള്ളവളായിരിക്കുക. ആന്തരിക തപശ്ചര്യകളെ തള്ളിക്കളയരുത്. നിന്റെ അഭിപ്രായങ്ങളെക്കാളുപരി നിന്റെ അധികാരികളുടെയും കുമ്പസാരക്കാരന്റെയും അഭിപ്രായങ്ങളാൽ നിന്നെ വിലയിരുത്തുക. പകർച്ചവ്യാധിയിൽ നിന്നെന്നപോലെ പിറുപിറുക്കുന്നവരിൽനിന്നു അകന്നിരിക്കുക. അവർ അവരുടെ ഇഷ്ടംപോലെ പ്രവർത്തിക്കട്ടെ; പക്ഷെ നീ ഞാൻ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കുക.
സാധിക്കുന്നിടത്തോളം, വിശ്വസ്തതയോടെ നിയമങ്ങൾ അനുസരിക്കുക. ആരെങ്കിലും നിന്നെ അസ്വസ്ഥതപ്പെടുത്തിയാൽ, നിന്നെ വേദനിപ്പിച്ച വ്യക്തിക്ക് എന്തുനന്മ ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുക. നിന്റെ വികാരങ്ങൾ നീ പ്രകടിപ്പിക്കരുത് . നിന്നെ കുറ്റപ്പെടുത്തുമ്പോൾ നിശഃബ്ദയായിരിക്കുക. മറ്റുള്ളവരോട് അഭിപ്രായം ആരായാതെ കുമ്പസാരക്കാരന്റെ അഭിപ്രായം മാത്രം ആരായുക; ഒരു കൊച്ചുകുട്ടിയുടെ ആത്മാർത്ഥതയോടും ലാളിത്യത്തോടുംകൂടെ അദ്ദേഹത്തോട് പെരുമാറുക. നന്ദിയില്ലായ്മയിൽ നിരാശയാകരുത്. ഞാൻ ന്നിനെ നയിക്കുന്ന വഴികളെ ജിജ്ഞാസയോടെ പരിശോധിക്കരുത് . വിരസതയും നിരുത്സാഹവും നിന്റെ ഹൃദയത്തിൽ അലയടിക്കുമ്പോൾ നിന്നിൽനിന്നുതന്നെ നീ ഓടിയകന്നു എന്റെ ഹൃദയത്തിൽ അഭയംപ്രാപിക്കുക. ആത്മീയപോരാട്ടത്തെ ഭയപ്പെടരുത്. നമ്മുടെ ധൈര്യസ്വഭാവംതന്നെ പലപ്പോഴും പ്രലോഭനങ്ങളെ കീഴ്പ്പെടുത്തുന്നതിനാൽ നമ്മെ വീണ്ടും ആക്രമിക്കാൻ അവ മുതിരുകയില്ല.
ഞാൻ നിന്നോടുകൂടെയുണ്ടെന്ന ഉത്തമവിശ്വാസത്തോടെ എപ്പോഴും പോരാടുക. വികാരങ്ങളാൽ നയിക്കപ്പെടരുത്. എന്തെന്നാൽ, അവ എപ്പോഴും നിന്റെ നിയന്ത്രണത്തിലല്ല. എന്നാൽ ഇച്ഛാശക്തിയിലാണ് എല്ലാ യോഗ്യതയും അടങ്ങിയിരിക്കുന്നത്. എപ്പോഴും, നിസ്സാരകാര്യങ്ങളിൽപോലും നിന്റെ അധികാരികളെ ആശ്രയിക്കുക. സമാധാനത്തിന്റെയും സമാശ്വാസത്തിന്റെയും വീക്ഷണത്തിന്റെ ഒരു വ്യാമോഹം ഞാൻ നിനക്ക് നൽകുകയില്ല മറിച്ച്, വലിയ യുദ്ധത്തിനായി തയ്യാറെടുക്കുക. സ്വർഗ്ഗവും ഭൂമിയും ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഒരു വേദിയിലാണ് നീ എന്ന് മനസ്സിലാക്കുക. നിനക്ക് പ്രതിഫലം നേടാൻ സാധിക്കുന്നവിധം ഒരു വീരയോദ്ധാവിനെപ്പോലെ പോരാടുക. ആവശ്യമില്ലാതെ ഭയപ്പെടരുത്, എന്തെന്നാൽ നീ ഒറ്റയ്ക്കല്ല. (ഡയറി: 1760 )
തിരുസഭാമാതാവിന്റെ വിശ്വസ്ത പുത്രിമാർ
ഓ ദൈവത്തിന്റെ സഭയെ, നീ ഒരു നല്ല അമ്മയാണ്. നിനക്ക് മാത്രമേ ഒരാത്മാവിനെ പരിപാലിക്കാനും വളർത്താനും സാധ്യമാകൂ. ഓ മാതാക്കളിൽ ഏറ്റം ശ്രേഷ്ഠയായ സഭയേ, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു! (ഡയറി: 197 ). എന്റെ വ്യക്തിപരമായ വിശുദ്ധീകരണത്തിലൂടെ ഇപ്പോൾ ഞാൻ തിരുസഭയ്ക്കു പൂർണ്ണമായും ഉപയോഗയോഗ്യയായിത്തീർന്നു. തിരുസഭയിൽ ജീവസ്പന്ദനമായി ഞാൻ മാറുന്നു. കാരണം, നാമെല്ലാവരും ഈശോയിൽ ഏകശരീരമാണ്. അതുകൊണ്ടാണ് എന്റെ ഹൃദയമാകുന്ന വയലിൽ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ഞാൻ തീവ്രമായി പ്രയത്നിക്കുന്നത്. മാനുഷിക ദൃഷ്ടികൾ ഇതൊരിക്കലും കണ്ടില്ലെന്നു വരാം. എന്നാൽ, ഇതെല്ലാം, വെളിവാകുന്ന ഒരു ദിവസം ഉണ്ടാകാതിരിക്കുകയില്ല. എന്തെന്നാൽ, അനേകം ആത്മാക്കൾ ഈ ഫലം ഭുജിച്ച് വിശപ്പടക്കിയിട്ടുണ്ട്; തുടർന്നും അനേകർ ഇത് ഭുജിച്ച് വിശപ്പടക്കുകയും ചെയ്യും (ഡയറി:1364 )
തിരുസഭയ്ക്കു ഉപകാരമുണ്ടാകുന്നതിനായി ഏറ്റവും ഉന്നതമായ പരിപൂർണ്ണത കൈവരിക്കുവാനാണ് ഞാൻ പരിശ്രമിക്കുന്നത്. തിരുസഭയോടുള്ള എന്റെ കടപ്പാട് അത്ര വലുതാണ്. ഓരോ ആത്മാവിന്റെയും വിശുദ്ധിക്കും വീഴ്ചയ്ക്കും തിരുസഭ മുഴുവന്റെമേൽ ഒരു സ്വാധീനമുണ്ട്. എന്നെയും എന്റെ ചുറ്റുമുള്ളവരെയും ശ്രദ്ധിച്ചപ്പോൾ മറ്റാത്മാക്കളുടെ മേൽ വലിയ സ്വാധീനം എനിക്കുണ്ടെന്നു മനസ്സിലാക്കുവാൻ ഇടയായി. അത് അവരെ സ്പർശിക്കത്തക്ക വിധത്തിലുള്ള വീരോചിതമായ പ്രവർത്തങ്ങൾകൊണ്ടൊന്നുമല്ല, വളരെ ചെറിയ പ്രവർത്തനങ്ങൾ; ഉദാഹരണത്തിന് കൈകളുടെ ഒരു ചലനമോ ഒരു നോട്ടമോ മറ്റേതെങ്കിലും പ്രവൃത്തികളോ അങ്ങനെയുള്ള നാനാവിധരീതിയിൽ. (ഡയറി:1475 )