കുട്ടികൾക്ക് കുറെ കൊച്ചു കാര്യങ്ങൾ

Fr Joseph Vattakalam
1 Min Read

ഇന്നുമുതൽ 12 ദിവസത്തേയ്ക്ക് കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു ചെറിയ പംക്തി ആവട്ടെ.

നല്ല ശീലങ്ങൾ

അതിരാവിലെ ഉണരുന്നത് ശീലമാക്കണം. ഉണർന്നാലുടനെ ദൈവത്തിന്റെ ദാനമായ പുതിയ ദിവസത്തിനായി അവിടുത്തോടു നന്ദി പറയുക. ആ ദിവസം സത്യസന്ധമായും എല്ലാവരോടും സ്നേഹത്തോടും സന്തോഷത്തോടും ചിലവഴിക്കാൻ വേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.

ദിവസത്തിൽ ഇടയ്ക്കിടെ നിശബ്ദമായി ചിന്ത ദൈവത്തിങ്കലേക്കു ഉയർത്തി ശക്തിയും ശാന്തിയും സംഭരിക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപ് അൽപസമയം ഒരു ആത്മപരിശോധന നടത്തി അന്നേ ദിവസത്തെ ജീവിതത്തെ ഒന്ന് പരിശോധിച്ച് നോക്കുക. അന്ന് ലഭിച്ച അനുഗ്രഹങ്ങൾക്കും നേട്ടങ്ങൾക്കും ദൈവത്തോട് നന്ദിപറയുക. വന്നുപോയ തെറ്റുകൾക്ക് മാപ്പപേക്ഷിക്കുകയും ചെയുക.

മനസ്സാണ് മനുഷ്യൻ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കുമല്ലോ. നന്മയും തിന്മയും പുറപ്പെടുന്നത് മനസ്സിൽ നിന്നാണ്. ആരോഗ്യത്തിന്റെയും ആനന്ദത്തിന്റെയും മർമ്മസ്ഥാനവും മനസ്സുതന്നെ.

ശരീരം വൃത്തിയായി സൂക്ഷിക്കുന്ന നമ്മൾ പലപ്പോഴും മനസിനെ മറക്കുന്നു. അഹങ്കാരം, അസൂയ, കോപം, വിദ്വെഷം മുതലായവ മനസിനെ മലിനമാക്കും. ഇവയെല്ലാം തുടച്ചു നീക്കി സ്നേഹം, അനുകമ്പ മുതലായ സത്വികാരങ്ങൾ   കൊണ്ട് മനസ്സ് നിറയ്ക്കണം. അശ്ലീലപുസ്തകങ്ങൾ, സഭ്യമല്ലാത്ത സിനിമ, അസഭ്യ ഭാഷണം മുതലായവ വർജിക്കണം. നിർമലമായ മനസ്സ് ശാരീരികാരോഗ്യത്തിനും അത്യാവശ്യമാണ്.

അലസന്റെ മനസ്സു അശുദ്ധമാകാൻ എളുപ്പമുണ്ട്. അതുകൊണ്ടു എപ്പോഴും പ്രവർത്തന നിരതരായിരിക്കണം. ചിന്ത ബോധപൂർവം നന്മയിലേക്ക് തിരിച്ചുവിടണം.

സത്യഗ്രന്ഥ്പാരായണം സത് വിചാരങ്ങളുണ്ടാക്കും. ഏറ്റവും നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കണം.

മാതാപിതാക്കളെയും മറ്റും സഹായിച്ചു സേവനത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിക്കാം.പാവപ്പെട്ടവരെ ശ്രവിച്ചും ആശുപത്രികളും മറ്റും സന്ദർശിച്ചും അനുകമ്പ വളർത്താം.

നിങ്ങള്ക്ക് ഉള്ളതിൽ ചില സാധനകളെങ്കിലും ഇല്ലാത്തവർക്ക് സന്തോഷത്തോടെ കൊടുക്കുക. ഇല്ലാത്തതിനെപ്പറ്റി പരാതിപെടുന്നതിനു മുൻപ് ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങളെ എണ്ണുന്നത് ശീലമാക്കിയാൽ കൂടുതൽ സംതൃപ്തിയോടെ ജീവിക്കാൻ സാധിക്കും. കാലില്ലാത്തവനെ കാണുമ്പോൾ ചെരിപ്പില്ലാത്തവന് ആശ്വാസമാകുമല്ലോ.

കള്ളം പറയുക ചില കുട്ടികളുടെ ദുശീലമാണ്. അതുകൊണ്ടു നേട്ടമുണ്ടാക്കാമെന്നു അവർ കരുതുന്നു. വാസ്തവം നേരെ മറിച്ചാണ്. ഒരിക്കൽ കള്ളം പറഞ്ഞവനെ പിന്നെ നേര് പറഞ്ഞാലും ആളുകൾ വിശ്വസിക്കുകയില്ല. അതുകൊണ്ടു കളിയായിട്ടുപോലും കള്ളം പറഞ്ഞു ശീലിക്കരുത്.

Share This Article
error: Content is protected !!