എനിക്ക് നല്കാൻ നിന്റെ പക്കൽ അധികമൊന്നും ഇല്ലെന്നു നിനക്ക് തോന്നുമ്പോൾ, നിന്റെ അപര്യാപ്തതകളൊക്കെ എനിക്ക് സമർപ്പിക്കുക. നിനക്കായി അവയെല്ലാം ഞാൻ പൊന്നാക്കി മാറ്റും. നീ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ജപമാലാമണികളെ എപ്രകാരം ഞാൻ പൊന്നാക്കി മാറ്റിയോ അപ്രകാരം തന്നെയാണിതും. ഇതുപോലെ നിന്നോട് എത്രയോ കൃപാലുവാണ് ഞാൻ. നിന്റെ യഥാർത്ഥ അമ്മയാണ് ഞാൻ, അല്ലെ?
പലതിനെക്കുറിച്ചും നീ ആശയക്കുഴപ്പത്തിലാണ്. ഓർക്കുക, ഞാൻ എല്ലാം ക്രമീകരിക്കുന്നു. ഇവയെല്ലാം എന്റെ കരുതലിനും വിട്ടുതരാൻ നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇവ നിന്നെ കീഴടക്കാൻ നീ അനുവദിക്കാതിരുന്നെങ്കിൽ! ഓർക്കുക, ഞാനാണ് ഇവയെക്കാൾ ശ്രേഷ്ടം. അതെ, ഞാൻ തന്നെ.
നിന്നെ ആകുലപ്പെടുത്തുന്ന ഏറ്റവും ചെറിയ കാര്യങ്ങൾപോലും എന്റെ പരിപാലനയുടെ വഴിവിട്ടു പോകാൻ ഞാൻ അനുവദിക്കുകയില്ല. നിന്നെ മുഴുവനും എന്റെ സംരക്ഷണത്തിനായി വിടുക. എന്റെ കൊച്ചു കുഞ്ഞേ, ഞാനല്ലാതെ വേറൊരു പങ്കായം ഇല്ല എന്നപോലെ ഒഴുക്കിനൊത്തു എല്ലാ ദിവസവും പോവുക.