എല്ലാം നന്മയ്ക്കായി

Fr Joseph Vattakalam
2 Min Read

ലോലാക് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു കുട്ടിയുടെ കഥകേൾക്കുന്നതു രസകരവും അനുഗ്രഹപ്രദവുമായിരിക്കും. അവനു കേവലം 9 വയസുള്ളപ്പോൾ അവന്റെ ‘അമ്മ മരിച്ചു. പിന്നെ 9  വര്ഷം കൂടി പിന്നിട്ടപ്പോൾ അപ്പനും മരിച്ചു. നാട്ടിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തേർവാഴ്ച. എവിടെയും പടയോട്ടങ്ങളും പട്ടാള റെയ്‌ഡുകളും പലായനങ്ങളും! ലോലാക് ഇവയെല്ലാം അതിജീവിച്ചു മുന്നേറാൻ ശ്രമിക്കുകയാണ്. പാറമടയിൽ കല്ലുപൊട്ടിച്ചും ജലശുദ്ധീകരണശാലയിൽ കഠിനാധ്വാനം ചെയ്തും അവൻ കാലയാപനം കഴിച്ചുപോന്നു. ശുദ്ധഭീകരതയുടെ കൊടുംകെടുതികൾ അതിന്റെ കാഠിന്യത്തിലും ബീഭത്സതയിലും അനുഭവിച്ചു. പാറമടയിൽ പണിചെയ്തുകൊണ്ടിരുന്നപ്പോൾ ട്രക്ക് ഇടിച്ചു അവൻ അതി ഗുരുതരാവസ്ഥയിലായി. ആ അവസ്ഥയിൽ പരിശുദ്ധ അമ്മയ്ക്ക് തന്നെതന്നെ പൂർണമായി സമർപ്പിച്ചു അവൻ ഏറ്റുപറഞ്ഞു: “ഞാൻ മുഴുവനും അങ്ങയുടേതാണ് (Totus tuus) അത് പിന്നിട് ആ മഹ്ദജീവിതത്തിന്റെ ആദര്ശവാക്യമായി മാറി.

അപകടത്തിൽനിന്ന് ആ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. തുടർന്നു ലോലാക് സെമിനാരിയിൽ ചേരുകയായി. പഠിച്ചുകൊണ്ടിരിക്കവേ, ഒരു ദിവസം അദ്ദേഹത്തിന്റെ സഹപാടികളെയെല്ലാവരെയും പട്ടാളം പിടിച്ചുകൊണ്ടുപോയി! അവരെയെല്ലാം അവർ വധിച്ചു! ലോലാക് മാത്രം സംരക്ഷിക്കപ്പെട്ടു! നല്ലവനായ ദൈവം ആ മഹദ്‌വ്യക്തിത്വത്തെ ഉരുക്കി, വാർത്തു, സ്നേഹംകൊണ്ട് നിറച്ചുകൊണ്ടിരുന്നു.

ലോലക്കിന്റെ ഔദ്യോഗിക നാമം കരോൾ ജോസഫ് എന്നായിരുന്നു. ബാല്യത്തിലും കൗമാരത്തിലും യുവത്വത്തിലും അധ്വാനിച്ചു തഴമ്പിച്ച ജോസെഫിന്റെ പാവനപാണികൾ പിൽക്കാലത്തു വത്തിക്കാനിലും ലോകമെമ്പാടും ജനകോടികളെ ആശിർവദിക്കാൻ അഖിലേശൻ തെരെഞ്ഞെടുത്തുവെന്നത് ചരിത്രത്തിലെ മഹാത്ഭുതമായിരിക്കുന്നു. കരോൾ പഠിച്ചു പരിശീലനം നേടി ഒരു പുരോഹിതനായി, മെത്രാനായി, മെത്രാപ്പോലീത്തയായി, കർദിനാളായി, കാൽ നൂറ്റാണ്ടിലധികം കത്തോലിക്കാ സഭാനൗകയുടെ അമരക്കാരനായി, പിന്നീട് വിശുദ്ധനുമായി -വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ.

മാരകമായ അപകടത്തിൽനിന്നും വധത്തിൽനിന്നും ദൈവം തന്നെ രക്ഷിച്ചതിനെ കുറിച്ച് പരിശുദ്ധ പിതാവ് പറയുന്നു: “അത് കേവലം യാദൃശ്ചികമായിരുന്നില്ല. യുദ്ധത്തിന്റെ ഭീകരതയുടെ മദ്ധ്യേ വ്യക്തിജീവിതത്തിലെ സർവവും എന്റെ ദൈവവിളിയുടെ നമ്‌നയെമാത്രം ലക്ഷ്യമാക്കി ദൈവം ക്രമീകരിച്ചതാണെന്നു എനിക്ക് നന്നായി അറിയാം!”  ഇങ്ങനെയാവണം ആ പ്രാർത്ഥന. ‘ഓ, ദൈവമേ, ഈ ഭൂമിയിൽ നീ അവനു സ്വന്തക്കാരും പിന്മുറക്കാരുമായി ആരെയും അവശേഷിപ്പിക്കാതിരുന്നത് നിനക്ക് അവനെ സ്വന്തമാക്കാനായിരുന്നല്ലേ? അഥവാ, അവനെ എല്ലാവർക്കുമായി നൽകാനുള്ള നിന്റെ പദ്ധതിയുടെ ഭാഗമായിരുന്നില്ല?’ ദൈവം ഒരാളെ തന്റെ പദ്ധതിക്കായി ഒരുക്കുന്ന അത്ഭുതവഴികൾ എത്രയോ മഹനീയം, എത്രയോ നിഗൂഡം, എത്രയോ വൈവിധ്യം!

Share This Article
error: Content is protected !!