‘എന്റെ അന്തരാത്മാവിലേക്കു ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന തന്റെ ഡയറികുറിപ്പികളിൽ വി. ഫൗസ്റ്റീന എഴുതുന്നു: “ഏഴുവയസു മുതൽ സന്ന്യാസത്തിലേക്കുള്ള ദൈവവിളിയുടെ കൃപ വളരെ വ്യക്തമായി എനിക്ക് അനുഭവപ്പെട്ടിരുന്നു. ഏഴാമത്തെ വയസിലാണ് ആദ്യമായി എന്റെ അന്തരാത്മാവിൽ ദൈവസ്വരം ഞാൻ ശ്രവിച്ചത്.” കൂടുതൽ പൂർണതയുള്ള ഒരു ജീവിതത്തിലേക്കുള്ള ക്ഷണമാണ് ഇതെന്നും വിശുദ്ധ വ്യക്തമാക്കുന്നു. അവർ തുടരുന്നു “മഠത്തിൽ ചേരുവാൻ എന്റെ മാതാപിതാക്കളോട് അനുവാദം ചോദിച്ചു. അവർ അത് അപ്പാടെ നിരസിച്ചു. ഈ തിരസ്ക്കരണത്തിനു ശേഷം ഞാൻ കൃപയുടെ വിളിക്കു ചെവികൊടുക്കാതെ വ്യർത്ഥമായ ജീവിതചര്യയിലേക്കു തിരിഞ്ഞു. എന്നാൽ ഒന്നില്നിന്നും എന്റെ ആത്മാവിനു സംതൃപ്തി ലഭിച്ചില്ല. നിരന്തരമായ കൃപയുടെ വിളി എന്നിൽ ദുഖമുളവാക്കി. അതിനെ വിനോദങ്ങൾ കൊണ്ട് അമർച്ച ചെയ്യാൻ ഞാൻ ശ്രമിച്ചു. ദൈവത്തെ നിരാകരിച്ചു, മുഴുഹൃദയത്തോടെ, ഞാൻ സൃഷ്ട്ടികളിലേക്കു തിരിഞ്ഞു. എന്നിട്ടും ദൈവകൃപ എന്റെ ആത്മാവിൽ വിജയം വരിച്ചു.”
ഒരിക്കൽ, എന്റെ സഹോദരിമാരിൽ ഒരാളുമായി ഞാൻ നൃത്തത്തിന് പോയി. എല്ലാവരും വളരെ സന്തോഷിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ആത്മാവ് ഹൃദയനൊമ്പരം അനുഭവിക്കുകയായിരുന്നു. നൃത്തം ചെയ്യാൻ ആരംഭിച്ചപ്പോൾ, പെട്ടെന്ന്, എന്റെ അരികിൽ ഈശോയെ ഞാൻ കണ്ടു. വേദനയാൽ പീഡിപ്പിക്കപ്പെട്ടും, വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപെട്ടും മുറിവുകളാൽ ആവൃതനായും കാണപ്പെട്ട ഈശോ എന്നോട് ഇങ്ങനെ സംസാരിച്ചു “എത്രനാൾ ഞാൻ നിനക്കായി കാത്തിരിക്കും? എത്രനാൾ നീ എന്നെ ഒഴിവാക്കും?” ആ നിമിഷം ഞാൻ കേട്ടുകൊണ്ടിരുന്ന മധുരഗാനം നിലച്ചു. എന്റെകൂടെ ഉണ്ടായിരുന്നവരെല്ലാം എന്റെ കണ്മുൻപിൽ നിന്ന് അപ്രത്യക്ഷരായി. ഞാനും ഈശോയും മാത്രമായി.
തുടർന്ന് ആരാലും ശ്രദ്ധിക്കപെടാതെ,ഞാൻ ഭദ്രാസന ദേവാലയത്തിലേക്ക് നടന്നു. പ്രഭാതരശ്മികൾ പതിച്ചു തുടങ്ങിയിരുന്നു… ഇനി എന്ത് ചെയ്യണമെന്ന് മനസിലാക്കിത്തരാൻ ദയ തോന്നണമേയെന്നു ഞാൻ കർത്താവിനോടു യാചിച്ചു. അപ്പോൾ ഈ വാക്കുകൾ ഞാൻ ശ്രവിച്ചു. “വാർസോയിലേക്കു ഉടനെ പോകുക അവിടെ ഒരു മഠത്തിൽ നീ പ്രവേശിക്കും.”
സന്ന്യാസത്തിലെക്കുള്ള അനിതരസാധാരണമായ ഒരു വിളിയുടെ ചുരുളഴിയുകയാണ് ഇവിടെ. സന്യാസത്തിലേക്കുള്ള ലക്ഷോപലക്ഷം വിളികളുടെ അന്തസത്ത വി. ഫൗസ്റ്റീനയുടെ മേലുദ്ധരിച്ച വാക്കുകളിലുണ്ട്. ദൈവത്തിന്റെ വലിയ കരുണ, തിരഞ്ഞെടുപ്പ്, ക്ഷണം, പ്രതികൂലങ്ങൾ, അർത്ഥിനിയുടെ ഉത്കടമായ തൃഷ്ണയോടെ ദൈവത്തിലേക്ക് തിരയുന്നത് താനും ഈശോയും ഒന്നാകുന്ന അനുഭവം, ദൈവകൃപയുടെ വിജയം ഇവയുടെ ഒക്കെ ആകെത്തുകയാണ് ഒരു സന്യാസിനി!