Maintenance Church

Fr Joseph Vattakalam
3 Min Read
കേരളത്തിൽ കരിസ്മാറ്റിക് നവീകരണം ആരംഭിച്ചിട്ട് 50 വർഷമായി. സുവർണ ജൂബിലി ആഘോഷവും കഴിഞ്ഞു. അഭിവന്ദ്യ തട്ടിൽ പിതാവിന്റെ ഒരു പ്രഭാഷണം അതിൽ ഉണ്ടായിരുന്നു. വാസ്തവത്തിൽ ഒരു ആത്മശോധനയും ആത്മാവിഷ്ക്കാരവുമായിരുന്നു അദ്ദേഹത്തിന്റെ അഭിഷേകം നിറഞ്ഞ വാക്കുകൾ. അദ്ദേഹം ഹൃദയം നൊന്തു പറഞ്ഞു: “It is high time that we changed our renewal to re-evangelization.” ഇന്നിന്റെ ഏറ്റവും വലിയ ആവശ്യം നവ സുവിശേഷവത്ക്കരണമാണ്.
ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞ ഒരു സംഭവം ഓരോ ക്രൈസ്തവന്റെയും കര്ണപുടങ്ങളിൽ ആഞ്ഞു പതിക്കുകയും അവന്റെ കണ്ണുകൾ തുറപ്പിക്കുകയും ചെയേണ്ടതാണ്. അടുത്ത കാലത്തു മാർത്തോമാ സഭസമൂഹത്തിലെ മെത്രാന്മാർക്കും മെത്രാപ്പോലീത്താമാർക്കുമായി വാർഷിക ധ്യാനം നടത്താൻ നല്ലവനായ ദൈവം അദ്ദേഹത്തെ നിയോഗിച്ചു. അവരിൽ ഏറ്റവും സീനിയറായ തിരുമേനിയെ കേരളീയർ നന്നായി അറിയും. ശതാബ്ദി ആഘോഷിക്കാനുള്ള അനുഗ്രഹം അദ്ദേഹത്തിന് ദൈവം നല്കിയിരിക്കുന്നുവെന്നതാണ് സദ്വാർത്ത. നര്മത്തിലൂടെ നമ്മെ പഠിപ്പിക്കുന്ന നല്ല പിതാവാണ് അദ്ദേഹമെന്നത് സുവിദിതമാണ്.
സംഭാഷണ മദ്ധ്യേ തട്ടിൽ പിതാവ് ക്രിസോസ്റ്റം തിരുമേനിയോട് കത്തോലിക്ക സഭയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്? അതിന്റെ കുറവുകൾ എന്തൊക്കെയാണ് എന്ന് പുത്രനിർവിശേഷമായ ശാലീനതയോടും ആദരവോടും കൂടെ ചോദിച്ചു. അതിനു മറുപടി പറയാൻ അദ്ദേഹത്തിന് ഏറെ സമയം വേണ്ടിവന്നില്ല. അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ സഭ ഒരു maintenance church ആണ്. ഞങ്ങളുടെ സഭ ഒരു missionary church ആണ്.”
ഏതൊരു കത്തോലിക്കനെയും, അല്മയനാവട്ടെ, പുരോഹിതനാവട്ടെ, മെത്രാനാവട്ടെ… ഞെട്ടിപ്പിക്കേണ്ട ഒരു മറുപടിയല്ലേ ഇത്. ഓർക്കുമോ ഈശോയുടെ കൽപ്പന: “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും” (മാർക്കോ. 16:15,16).
അതെ സഭ സ്വഭാവേന മിഷ്ണറിയാണ്. ലോകമെങ്ങും പോയി സർവ സൃഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കാൻ കടപ്പെട്ട കത്തോലിക്ക സഭ പ്രത്യേകിച്ചു ഭാരത കത്തോലിക്ക സഭ (2000 വർഷത്തെ പാരമ്പര്യമുള്ള!), അതായതു ഞാനും നിങ്ങളും ആദിമ സഭയുടെ ചൈതന്യത്തിൽ മിഷ്ണറിമാരായിരുന്നുവെങ്കിൽ, ഭാരത സഭ ഇത്ര വലിയ ചെറിയൊരു ന്യുനപക്ഷമായി തുടരുമായിരുന്നോ? നമ്മൾ വിശ്വാസ വെളിച്ചം പറയിന്കീഴ് വച്ചിരിക്കുകയല്ലേ?
‘സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം!’ ‘വചനത്തിന്റെ വിത്ത് വിതയ്ക്കാൻ പോകാം.’
ഒരു കാര്യം സമ്മതിച്ചേ മതിയാവു. കേരളത്തിൽ ക്രിസ്ത്യാനിറ്റി ഇല്ലെങ്കിലെന്താ ചുർച്ചയാണിറ്റി വളരെ ശക്തമാണ്. എല്ലാവരാലും പരിത്യക്തമായ, ജീർണതയുടെ പര്യായമായ ഒരു ഗുഹാന്തര്ഭാഗത്തെ തൊഴുത്തിലെ പുൽക്കൂട്ടിൽ പിറന്ന ഈശോയ്ക്കുവേണ്ടി ബഹുനില  ബസലിക്കകൾ (പലരുടെയും പര്യമ്പുറങ്ങളിലും പ്രദേശങ്ങളിലുമാണെങ്കിലെന്താ?), ‘കല്ലറപ്പള്ളികൾ’ ബ്രഹ്മാണ്ഡമായ ദേവാലയങ്ങൾ, പള്ളിമുറികൾ, പാരിഷ് ഹാളുകൾ, അജപാലന കേന്ദ്രങ്ങൾ, സ്മാരകങ്ങൾ, സ്വർണക്കൊടിമരങ്ങൾ, കൽകുരിശുകൾ ഇത്യാദികളെല്ലാം പണിയപ്പെടുന്നുവെന്നത് അതിശ്ലാഘനീയം തന്നെ! ഇവയ്ക്കൊക്കെയായി നിക്ഷേപിക്കുന്നതോ കോടികൾ, കോടികൾ! കോടികൾ! ഇവയൊക്കെ പടുത്തുയർത്താൻ പഠിച്ചപണി പതിനെട്ടും പയറ്റുന്ന മെത്രാന്മാർക്കും അച്ചന്മാർക്കും two cheers, reserving one for our Lord, who profusely weeps because, after all these. He is neglected to an unknown corner, that too covered with costly curtains. ഇത്രയും പുരോഗമിക്കാത്ത പള്ളികൾ പലതുമുണ്ടെന്നത് വിസ്മരിക്കുന്നില്ല. കഠിനാധ്വാനികൾക്കെല്ലാം നമോ നമ:
ഇവയൊക്കെ കണ്ടുപഠിക്കുന്ന ജനവും രംഗത്തുണ്ട്. കോടികൾ മുടക്കി മത്സരിച്ചു രമ്യഹർമ്മ്യങ്ങൾ പടുത്തുയർത്തപ്പെടുന്നു. തുടർന്ന് ആഘോഷമായ വീട് വെഞ്ചിരിപ്പ്. ആഘോഷങ്ങൾ five star ഹോട്ടലുകളിലാണ് അരങ്ങേറുക. എണ്ണവും വണ്ണവും വർധിപ്പിക്കുന്നു. ലക്ഷങ്ങൾ, ലക്ഷങ്ങളുടെ (കോടികൾ?) കല്യാണങ്ങൾ, മനസമ്മതങ്ങൾ, നിശ്ചയങ്ങൾ, മധുരംവയ്പ്പുകൾ, മാമ്മോദീസകൾ, പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങൾ… മരിച്ചടക്കിനു മരകുരിശെടുക്കാൻ കൂലിക്കാരനെ ഉള്ളുവെങ്കിലും അതിനുമുണ്ടപ്പ ഇവൻറ് മാനേജ്മന്റ്. ആംബുലൻസുകളും ഫ്രിഡ്ജുകളും ഉള്ളത് ഘോഷത്തിനു കൊഴുപ്പേകാൻ സഹായകം.
ക്രിസ്തുവില്ലാത്ത ക്രിസ്മസ്, ദിവ്യകാരുണ്യ സ്വീകരണംപോലുമില്ലാത്ത ഉയിർപ്പുതിരുനാളുകൾ, കുമ്പസാരമില്ലാതെയുള്ള കുർബാന സ്വീകരണങ്ങൾ എല്ലാം സുലഭം. മൂന്നാം ക്രിസ്തുവെന്നു വിശേഷിക്കപ്പെടേണ്ട ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽ സങ്കടത്തോടെ പറഞ്ഞു: ഇന്നു വിശുദ്ധ കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം സീമാതീതമായി വർധിച്ചിരിക്കുന്നു! (കുമ്പസാരിക്കുന്നവരുടെ എണ്ണം കുറയുന്നതാണ് പരി. പിതാവിനെ ദുഃഖിപ്പിക്കുന്നതു).
ആധ്യാത്മികത തണുത്തുറഞ്ഞപ്പോൾ അതിനെ തട്ടിയുണർത്താനാണ് പിതാമഹന്മാർ തിരുനാളാഘോഷങ്ങൾ ആരംഭിച്ചത്. ഇന്നത്തെ തിരുനാളാഘോഷങ്ങളെക്കുറിച്ചു എന്ത് പറയാൻ? (വാദപ്രദിവാദങ്ങൾക്കല്ല, ഇല്ലതാനും)
Share This Article
error: Content is protected !!