അൾത്താരയിൽ ബലിയർപ്പിക്കുന്ന പുരോഹിതനു സന്തതസഹചാരികളായി പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവുമുണ്ട്. അവന്റെ തുടർന്നുള്ള അജപാലന ശുശ്രൂഷ കളിലും അവർ സഹായത്തിനുണ്ട്. ഈശോയ്ക്ക് അവർ എപ്രകാരം താങ്ങും തണലുമായിരുന്നോ അപ്രകാരം തന്നെ പുരോഹിതനും അവർ സമാശ്വാസവും സാന്ത്വനവും ആണ്. ഈശോയെ നോക്കി പരിശുദ്ധ അമ്മ ഇപ്രകാരം ചിന്തിച്ചിരിക്കണം:” ഇത് എന്റെ ശരീരം ആണ്”; ഇത് എന്റെ രക്തമാണ്. സമർപ്പിത പുരോഹിതനെ കുറിച്ചും അമ്മ അങ്ങനെ പറയുന്നുണ്ടാവണം.
ഒരർത്ഥത്തിൽ ഈ മാതൃഹൃദയം അന്നും( ഈശോയെ കുറിച്ച്) ഇന്നും പുരോഹിതനെ കുറിച്ച് ഈയൊരു അവകാശം സ്ഥാപിക്കുന്നു. ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങളിൽ വാൾ കടന്നത്പോലെ പുരോഹിതന്റെ ഹൃദയത്തിലും വാൾ (സഹനം )കടക്കും, കടക്കണം. ഹൃദയത്തിൽ വാൾ കുത്തി ഇറക്കാതെ, സ്വയം വ്യയം ചെയ്യാതെയുള്ള പുരോഹിതശുശ്രൂഷ വിശിഷ്യ, ബലിയർപ്പണം ഒരു അനുഷ്ഠാനം മാത്രം ആയി തരംതാഴുമെന്നു പുരോഹിതന് നന്നായി അറിയാം. ഈ അവബോധം അവനെ കൂടുതൽ തീക്ഷ്ണമതിയാക്കുന്നു. തന്റെ മുറിപ്പാടുകൾ കണ്ട് മഹോന്നതൻ സന്തോഷിക്കുമെന്നുള്ള പ്രത്യാശയിൽ അവൻ മുന്നേറുന്നു. സ്നേഹത്താൽ പ്രേരിതനായി, സസന്തോഷം, പുരോഹിതൻ പേറുന്ന മുറിപ്പാടുകൾ അവന് അനുഗ്രഹീത ഫലങ്ങളാണ് നേടിക്കൊടുക്കുക. അവന്റെ ബലി ജീവിതം കണ്ട് സംതൃപ്തൻ ആവുന്ന സ്നേഹ സ്വരൂപ നായ ദൈവം അവനെ നോക്കി പ്രഖ്യാപിക്കും:” ഇതാ, ഞാൻ നിന്നെ എന്റെ ഉള്ളം കയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യ 49:16)