വി. ഫൗസ്റ്റീനയുടെ ദൈവത്തിലുള്ള ശരണം
“ഓ ഈശോയെ, നിത്യസത്യമേ, എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമേ ; കർത്താവേ അങ്ങേയ്ക്ക് എല്ലാം സാധ്യമാണല്ലോ. അങ്ങേ കൂടാതെയുള്ള എന്റെ എല്ലാ പരിശ്രമങ്ങളും വൃഥാവിൽ ആണെന്ന് ഞാൻ അറിയുന്നു. ഓ ഈശോയെ, എന്നിൽ നിന്നും മറഞ്ഞിരിക്കരുതേ, എന്തെന്നാൽ അങ്ങയെ കൂടാതെ എനിക്ക് ജീവിക്കുക സാധ്യമല്ല. എന്റെ ആത്മാവിന്റെ രോദനം കേൾക്കണമേ. അവിടുത്തെ കരുണ ഒരിക്കലും നിലയ്ക്കുകയില്ലല്ലോ! കർത്താവേ, എന്റെ ദുരിതത്തിൽ അലിവ് തോന്നണമേ. അങ്ങയുടെ കരുണ എല്ലാ മാലാഖമാരുടെയും സകല ജനതയുടെയും അറിവിനെ അതിലംഘിക്കുന്നതാണല്ലോ; അതിനാൽ അങ്ങ് എന്നെ ശ്രവിക്കുന്നില്ലെന്ന് എനിക്ക് തോന്നിയാലും, അങ്ങേ കരുണ കടലിൽ ഞാൻ ശരണപ്പെടുന്നു, ഞാൻ വഞ്ചിക്കപ്പെടുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു”.
” ഈശോയെ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; അങ്ങയുടെ കരുണ കടലിൽ ഞാൻ ആശ്രയിക്കുന്നു. അങ്ങ് എനിക്ക് ഒരമ്മയാണ്”. അങ്ങേ ദിവ്യ കരുണയുടെ അനന്തശക്തി ഞാനറിയുന്നു. അങ്ങയുടെ ഈ ദുർബല ശിശുവിനാവശ്യമായത് അങ്ങുതന്നെ പ്രദാനം ചെയ്യുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു”.
” അങ്ങയുടെ ഏറ്റം കരുണാദ്രമായ ഹൃദയമാണ് എന്റെ എല്ലാ പ്രത്യാശയും. അങ്ങയുടെ കരുണ അല്ലാതെ എനിക്ക് മറ്റൊരു സംരക്ഷണമില്ല; അതിലാണ് എന്റെ എല്ലാ ശരണവും”. “ഓ ജീവന്റെ അപ്പമേ, അങ്ങിലല്ലാതെ എന്റെ പീഡിതമായ ആത്മാവിന് വേറൊരിടത്തും ആശ്രയം ഇല്ല. അങ്ങയുടെ കരുണാദ്രഹൃദയത്തിൽ ഞാൻ പൂർണമായി ശരണപ്പെടുന്നു. നാഥാ അങ്ങയുടെ വചനത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു”.
“ഓ ആർദ്രഹൃദയനായ ദൈവമേ, അങ്ങ് മാത്രമാണ് നല്ലവൻ. ഞാൻ അങ്ങയുടെ കരുണയിൽ അണയുന്നു. എന്റെ ദൈന്യത വലുതാണെങ്കിലും, എന്റെ തെറ്റുകൾ അനേകമെങ്കിലും, അവിടുത്തെ കരുണയിൽ ഞാൻ ശരണപ്പെടുന്നു. എന്തെന്നാൽ അനാദി മുതലേ അങ്ങ് കരുണയുള്ള ദൈവമാണ്. അങ്ങയുടെ കരുണയിൽ ആശ്രയിച്ച ആത്മാക്കളിലാരും ഭഗ്നാശരായതായി സ്വർഗ്ഗത്തിലോ ഭൂമിയിലോ ഒരിക്കലും കേൾക്കപ്പെട്ടിട്ടില്ല”.
ഞാൻ ഈശോയെ സ്വീകരിച്ചപ്പോൾ അവിടുത്തെ അത്യഗാധമായ കരുണയുടെ ഗർത്തത്തിലേക്ക് ഞാൻ എന്നെത്തന്നെ കൈവിട്ടു. ഞാൻ എത്രമാത്രം ദുരിതത്തിൽ ആണെന്ന് എനിക്ക് തോന്നിയ അത്രമാത്രം ശക്തമായി ഞാൻ ഈശോയിൽ ശരണപ്പെട്ടു.
ഈശോ നല്ലവനും കരുണ സമ്പന്നനുമാണ്. എന്റെ കാൽക്കീഴിൽ ഭൂമി പിളർന്നു പോയാലും ഞാൻ ഈശോയിൽ ആശ്രയിക്കും.