ക്രൈസ്തവ ജീവിതത്തിന്റെ ശക്തി കേന്ദ്രം, ഉർജ്യസ്രോതസു പരിശുദ്ധ കുർബാനയാണ്. ലോകാന്ത്യത്തോളം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ സവിശേഷമാംവിധം വസിക്കാൻ സർവശക്തനായ ദൈവം സജ്ജമാക്കിയിരിക്കുന്ന സർവോൽകൃഷ്ട സംവിധാനമാണ് ഇത്. ശിഷ്യൻ യോഹന്നാൻ ഹൃദയാവർജ്യമായി സ്ഥാപനരംഗം അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക.
“ഈ ലോകം വിട്ടു പിതാവിന്റെ സന്നിധിയിലേക്ക് പോകുന്നതിനുള്ള സമയമായി എന്ന് പെസഹാതിരുനാളിനു മുൻപ് ഈശോ അറിഞ്ഞു. ലോകത്തിൽ, തനിക്കു സ്വന്തമായി ഉള്ളവരെ അവിടുന്ന് സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു… അത്താഴത്തിനിടയിൽ അവിടുന്ന് എഴുനേറ്റു മേലങ്കി മാറ്റി ഒരു വെള്ള കച്ചയും അരയിൽ ചുറ്റി. അനന്തരം താലത്തിൽ വെള്ളമെടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി തുടച്ചു. (യോഹ. 13:1-5). വിനയത്തിന്റെ മാതൃക നല്കാൻ സ്നേഹത്തിന് പൊങ്കോടി നാട്ടാനാണ് അവിടുന്ന് ഇത് ചെയ്തത്.
“വൈകുന്നേരമായപ്പോൾ, അവിടുന്ന് 12 പേരോടൊപ്പം ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ അപ്പമെടുത്തു ആശീർവദിച്ചു ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അരുളി ചെയ്തു ‘വാങ്ങി ഭക്ഷിക്കുവിൻ, ഇത് എന്റെ ശരീരമാണ്.’ അനന്തരം പാനപാത്രമെടുത്തു, കൃതജ്ഞത സ്തോത്രം ചെയ്തു അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു ‘നിങ്ങളെല്ലാവരും ഇതിൽ നിന്ന് പാനം ചെയ്യുവിൻ. ഇത് പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്’ (മത്താ. 26:28). എല്ലാവരും അതിൽ നിന്ന് പാനം (ഭക്ഷിക്കുകയും) ചെയ്തു” (മാർകോ. 14:23).
പരിശുദ്ധ കുര്ബാനയെക്കുറിച്ചുള്ള ഈശോയുടെ പരമപ്രധാനമായ പ്രബോധനം യോഹന്നാൻ നൽകുന്നത് തന്റെ സുവിശേഷത്തിന്റെ ആറാം അധ്യായത്തിലാണ്. ഈശോ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു: ഞാനാണ് ജീവന്റെ അപ്പം… എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങള്ക്ക് ജീവനുണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം അവനെ ഞാൻ ഉയിർപ്പിക്കും… എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു, ഞാൻ പിതാവ് മൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും (യോഹ. 6:54, 56-58).
വി. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം ഒരു പ്രാവശ്യമെങ്കിലും മനസിരുത്തി വായിച്ചിട്ടുള്ളവന് പരിശുദ്ധ കുർബാനയെ തള്ളിപറയാനാവില്ല. തള്ളിപ്പറയുന്നവനുണ്ടെങ്കിൽ, സത്യമായും, അവനിൽ സത്യമില്ല. വഴിയും സത്യവും ജീവനുമായവൻ, നിത്യനായ ദൈവം, സത്യമനുഷ്യൻ ആണയിട്ടു പറയുന്നു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങള്ക്ക് ജീവനുണ്ടായിരിക്കുകയില്ല . എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും” (6:52).