സൂര്യരശ്മികൾ കറപുരണ്ട ഒരു ജനാലയിലൂടെ കടന്നുവരുന്നതുകൊണ്ട് സൂര്യപ്രകാശം ഒരിക്കലും മലീമസമാവുന്നില്ല. വൈദികൻ, സഭയുടെ പേരിൽ, കൂദാശകളും കൂദാശാനുകരണങ്ങളും ഇതര ശുശ്രൂഷകളും പരികർമ്മം ചെയ്യുമ്പോൾ അവയുടെ അനുഷ്ഠാനത്തിലൂടെ പവിത്രീകരിക്കപ്പെടുന്നുണ്ട്. അതായത് അവ കർമ്മണ്യേ പ്രവർത്തിയിൽ തന്നെ ഫലദായകം ആണ് (ex opere operato). കുറുകി വക്രമായ വരികളിൽ പോലും നേരെ എഴുതിച്ചേർക്കാൻ ദൈവത്തിന് സുസാധ്യമാണ്. പത്രോസ് എന്ന പോലെ യൂദാസിനും പൂർണ ആഗ്രഹമുള്ള ഒരുവന് മാമോദിസ നൽകാൻ സാധിക്കും.
ഒരു പുരോഹിതന്റെ പരിമിതികൾ ഈശോയുടെ ദിവ്യ പരിശുദ്ധിയാൽ പരിഹരിക്കപ്പെടുകയും അനുഗ്രഹം നല്കപ്പെടുകയും ചെയ്യും. മേൽപ്പറഞ്ഞ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഒരു വൈദികന്റെ ചുമതലകൾ. സുവിശേഷ പ്രഘോഷണം, രോഗികളെയും പീഡിതരെയും ആശ്വസിപ്പിക്കുക; പാപികളെ മാനസാന്തരത്തിലേക്കും, ദൈവവിളി പ്രോത്സാഹിപ്പിക്കുക, ദൈവവിളിയ്ക്കായി ഒരുങ്ങുന്നവരെയും അത് ലഭിക്കുന്നവരെയും പരിപാകപ്പെടുത്തി നയിക്കുക, അത്യാവശ്യ സാമൂഹ്യ സേവനങ്ങൾ ചെയ്യുക, അങ്ങനെ പലതും നിർവഹിക്കാനുണ്ട് പുരോഹിതന്. ഇവയൊക്കെ ഫലപ്രദമായി ചെയ്യുന്നതിന് അവൻ സ്വയം സജ്ജമാകേണ്ടതുണ്ട്. ഇതിന് ആദ്യമായി വേണ്ടത് തന്റെ ത്യാഗത്യാജ്യങ്ങളാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ലോക മോഹങ്ങളിൽ നിന്നും ആസക്തികളിൽ നിന്നും ചില ചുറ്റുപാടുകളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും അവൻ വിമോചിതനാവണം. പകരക്കാരന്റെ പ്രവർത്തനത്താൽ ഈശോമിശിഹായുടെ പ്രതിച്ഛായക്ക് ഒരുവിധത്തിലും മങ്ങലേൽപ്പിക്കാതെ അർപ്പണ മനോഭാവത്തോടെ വേണം വൈദികൻ ഓരോ നിമിഷവും മുന്നേറാൻ. സ്വാവിഷ്കരണത്തിൽനിന്നു പൂർണ്ണമായും സ്വതന്ത്രനാവണം. അവന്റെ മുഖമുദ്ര ശൂന്യവൽക്കരണമാണ്. ഈശോ അവനിൽ വളരണം. അവിടുന്ന് വളർന്നു വളർന്നു വരികയും പുരോഹിതൻ കുറഞ്ഞുകുറഞ്ഞ് വരുകയും വേണം.