മന്മോഷ്ണനം പാപിക്കും അവിശ്വാസിക്കും പോലും സ്വപ്രേരണയും പ്രചോദനവുമാവുന്ന, മിശിഹായ്ക്കു വേണ്ടിയുള്ള ‘ബാലസാന്നിദ്ധ്യമാവണം പുരോഹിതൻ. സർവ്വ പ്രധാനമാണ് ഈ സാന്നിധ്യം. അനുബന്ധമായി മറ്റു പല കാര്യങ്ങളുമുണ്ട്. സ്വയം ചെറുതാവുന്ന ശൂന്യവൽക്കരണത്തിന്റെ ഉടമയാവണം ഏതൊരു പുരോഹിതനും. ജീവൻപോലും ബലികഴിച്ചു സർവസംഗ പരിത്യാഗിയായ ഈശോമിശിഹായെ വെളിപ്പെടുത്താനുള്ള ശ്രമസാധ്യമായ ദൗത്യമാണ് അവന്റേത്. ‘ ലോകം, പിശാച്, ശരീരം, ഇവയിൽ നിന്നുള്ള വേറിട്ടുള്ള ഒരു ജീവിതം ആയിരിക്കണം അത്. പൗരോഹിത്യം തീർച്ചയായും വെല്ലുവിളിയിലേക്ക് നീങ്ങുന്ന ഒരു ഉൾവിളിയാണ്.
സ്വയം ദാനം ആത്മബലി ആണ്. ഇവിടെയാണ് പൗരോഹിത്യത്തിന്റെ മഹിമയും, മൂല്യവും മാധുര്യവും ഒപ്പം കയ്പ്പും അടങ്ങിയിരിക്കുന്നത്. കൊടുക്കുമ്പോഴാണ് ലഭിക്കുക മരിക്കുമ്പോഴാണ് ജനിക്കുക. ഈസദൃശ സവിശേഷതകളുള്ള ഒരു വൈദികനോ, എന്തിനു ഏതൊരു വ്യക്തിക്കും ദൈവജനത്തെ രൂപാന്തരപ്പെടുത്താനാവൂ.
പുരോഹിതന്റെ ആത്മീയ പിതൃത്വം ഏറെ സഹനങ്ങളും കഷ്ടനഷ്ടങ്ങളും പരിത്യാഗങ്ങളും തെറ്റിദ്ധാരണകളും അപമാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്നുണ്ട്. സത്യത്തിൽ ഇവയൊക്കെയും ശൂന്യവത്കരണത്തിന്റെ ഘടകങ്ങളുമാണ്. പുരോഹിതശുശ്രൂഷയ്ക്കു സമയക്ലിപ്തതയോ, നിയതമായ, കർക്കശമായ കാര്യപരിപാടികളോ ഉണ്ടായിരിക്കുകയില്ല. ഓരോ വ്യക്തിയുടെയും അജപാലനപരമായ ആവശ്യങ്ങളാണ് അവന്റെ കാര്യപരിപാടി ചിട്ടപ്പെടുത്തുക. ദിവസത്തിലെ 24 മണിക്കൂറും നീളുന്നതാണ് ഇടയദൗത്യം. പാപലേശമില്ലാത്ത സാക്ഷാൽ ദൈവവും മനുഷ്യനും ആയ മിശിഹാ ദുരാരോപിതനായി രണ്ട് കോടതികളിൽ വിസ്തരിക്കപ്പെടുകയും, ” കുറ്റം ഒന്നും കാണുന്നില്ല” എന്ന് പ്രഖ്യാപിച്ചതിനു ശേഷം ജനസഞ്ചയത്തെ പ്രീതിപ്പെടുത്താൻ, അന്യായമായി മരണത്തിനു വിധിക്കപ്പെടുകയും, രണ്ടു കള്ളന്മാരുടെ മധ്യേ മഹാ പാപിയെപ്പോലെ അതിക്രൂരവും നിഷ്ഠൂരവുമായ വിധത്തിൽ ക്രൂശിക്കപ്പെടുകയും ആ തിരുഹൃദയം കുത്തിതുറന്ന് അവസാനത്തുള്ളി രക്തവും വെള്ളവും കൂടി ഊറ്റി എടുക്കപ്പെട്ടു വധിക്കപ്പെടുകയും ചെയ്ത ആളാണ്, പുരോഹിതന്റെ റോൾ മോഡൽ. ഇത്രയൊക്കെ ആയിട്ടും മരണത്തിനു തൊട്ടു മുമ്പും പിമ്പുമായി രണ്ട് കഠിനഹൃദയരുടെ അത്ഭുത മാനസാന്തരം അവിടുന്ന് നിവർത്തിച്ചു. ഈ പ്രക്രിയകൾ ത്യാഗബദ്ധമായ അജപാലനകർമ്മം സസന്തോഷം, സംതൃപ്തിയോടെ നിർവഹിക്കാൻ ഏതൊരു പുരോഹിതനെയും പൂർവ്വാധികം പ്രചോദിപ്പിക്കും, പ്രോത്സാഹിപ്പിക്കും വെല്ലുവിളിയായിതന്നെ സ്വീകരിക്കും.