സന്യാസവിളിയുടെ പ്രാരംഭലക്ഷണങ്ങൾ
1) എളിമ, ഉപവി, ചൊൽവിളി , സദുദ്ദേശ്യം
2) തിരുത്തലുകൾ നല്കപ്പെടുമ്പോൾ ന്യായികരണം കൂടാതെ സ്വീകരിക്കാനുള്ള സന്നദ്ധത.
3) പുണ്യസമ്പാദനത്തിനുള്ള ആഗ്രഹം
4) ലോകം, പിശാച്, ശരീരം ഇവയെ ഉത്സാഹപൂർവ്വം പരിത്യജിക്കുക.
5) സ്വയം പരിത്യാഗം “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശുമെടുത്തു എന്നെ അനുഗമിക്കുക” (മത്താ. 16 : 24)6) സ്വന്തക്കാരോട് അമിത മമത ഇല്ലാതിരിക്കുക.
പരിശീലനത്തിന്റെ ഘട്ടങ്ങൾ
1) ആസ്പിറൻസി (aspirancy)സന്യാസ ഭവനത്തിൽ പ്രവേശിക്കുന്ന ദിവസം മുതൽ ഒരു വര്ഷം പൂർത്തിയാകുന്നത് വരെയുള്ള കാലഘട്ടമാണിത്. അനുദിന ബലിയർപ്പണം, ജപമാല, യാമപ്രാർത്ഥന, വ്യക്തിപരമായ പ്രാർത്ഥന, അനുദിന ധ്യാനം, ആത്മശോധന, അടുക്കലടുക്കലുള്ള വിശുദ്ധ കുമ്പസാരം, ദൈവവിളിയെക്കുറിച്ചുള്ള ക്ലാസുകൾ സന്യാസത്തെ കുറിച്ചുള്ള പ്രാരംഭ പ്രബോധനങ്ങൾ, പുണ്യസമ്പാദനത്തെക്കുറിച്ചുള്ള ക്ലാസുകൾ, പ്രാരംഭ ധ്യാനം
(3 ദിവസം) വാർഷിക ധ്യാനം (ഒരാഴ്ച) ഇത്രയുമൊക്കെയെങ്കിലും ഇക്കാലഘട്ടത്തിൽ സാധാരണ രീതിയിൽ ഉണ്ടായിരിക്കും.
ദൈവവിളിയുടെ പ്രാരംഭദിശയിൽ ദൃശ്യമാകുന്ന, ആകേണ്ട, ലക്ഷണങ്ങൾ വളർത്തിയെടുക്കാൻ ആസ്പിറൻസി സഹായിക്കുന്നു. വിശുദ്ധിയിലും വിവേകത്തിലും വിജ്ഞാനത്തിലും എരിവും തീക്ഷ്ണതയുമുള്ള ഗുരുജനങ്ങളാണ് ഈ ദൗത്യത്തിനായി നിയോഗിക്കപ്പെടുക. പരിപക്വമായ സന്യാസ ചൈതന്യം ഓരോ സഭയുടെയും പ്രത്യേക സിദ്ധി(കാരിസം)യെകുറിച്ചുള്ള ആഴമേറിയ അറിവ്, ബോധ്യം, വിശുദ്ധി ഇവയൊക്കെ വിലയിരുത്തിയാണ് അവരെ ബന്ധപ്പെട്ട അധികാരികൾ നിയോഗിക്കുക.
അവധാനപൂര്വകവും പ്രാര്ഥനാനിര്ഭരവുമായ നേതൃത്വത്തിലും പരിലാളനത്തിലും അർത്ഥികൾ, ഒരുക്കമുള്ളവരായി വളർന്നു വികസിക്കുന്നു. ഈ അവസ്ഥയിൽത്തന്നെ ആസ്പിറൻസിയിലുള്ളവർ ചില കാര്യങ്ങൾ അറിയുകയും ബോധ്യപ്പെടുകയും വേണം. ഇവിടെ ആശാരി കുറ്റമറ്റവിധം പണിയണം തടി വളഞ്ഞുപോകരുതേ.
Well begun, half done. ലേഖകൻ സന്യാസിയല്ല. പക്ഷെ സന്യാസത്തെക്കുറിച്ചു ആവുന്നത്ര പഠിക്കാനും കുറച്ചൊക്കെ പഠിപ്പിക്കാനും അവസരം കിട്ടിയിട്ടുണ്ട്. പൗരോഹിത്യത്തിലും സന്യാസം വിശുദ്ധിയിലേക്കുള്ള വിളിയാണ്. ഒരു തെരഞ്ഞെടുപ്പ് അത്യാവശ്യമായി വന്നാൽ വിശുദ്ധിക്ക് തന്നെ പ്രഥമ പ്രാധാന്യം. വിശ്വവിഖ്യാതമായ വി. ജോൺ മരിയ വിയാനി ആത്മാർത്ഥമായും സത്യസന്ധമായും സെമിനാരിപഠനം നടത്താൻ അങ്ങേയറ്റം പരിശ്രമിച്ചെങ്കിലും പഠനത്തിൽ പിന്നോക്കമായിരുന്നു.
പൗരോഹത്യ പട്ടം നല്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കുന്ന കൗൺസലിൽ ബഹുഭൂരിപക്ഷം ഗുരുക്കന്മാരും നിഷേധാത്മക നിലപാടാണ് എടുത്തത്. പഠനത്തിൽ വളരെ പിന്നോക്കമാണെന്നു മാത്രമാണ് അവർക്കെല്ലാവർക്കും പറയാനുണ്ടായിരുന്ന കാരണം.
വന്ദ്യ വയോധികനായ ഒരു വൈദികൻ പ്രസ്തുത കൗൺസിലിൽ ഉണ്ടായിരുന്നു. അദ്ദേഹം എല്ലാവരോടുമായി ചില ചോദ്യങ്ങൾ ചോദിച്ചു. പഠനത്തിലെ കുറവിനെക്കുറിച്ചു അദ്ദേഹത്തിനും ബോധ്യമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം ചോദിച്ചു ജോണിന്റെ സ്വഭാവം എങ്ങനെയുണ്ട്? സഹോദര സ്നേഹമുണ്ടോ? ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം ഇവ അഭംഗുരം പാലിച്ചു ജീവിക്കുന്നു എന്ന് ഉറപ്പുണ്ടോ? ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടോ? തുറവി (ഹൃദയത്തിന്റെ) ഉണ്ടോ? വിനയമുണ്ടോ? പരിത്യാഗപ്രവർത്തികൾ ചെയ്യാറുണ്ടോ? വിധേയത്വമുണ്ടോ? പരിശുദ്ധ കുര്ബാനയോടു ഭക്ത്യാദരവുകളും തീക്ഷണതയുമുണ്ടോ? അടുക്കലടുക്കൽ വിശുദ്ധ കുർബാന സ്വീകരിക്കാറുണ്ടോ? പാവങ്ങളോടും പരിത്യക്തരോടും പാപികളോടും സ്നേഹവും കരുതലുമുണ്ടോ? പാപത്തെ വെറുക്കുന്നുണ്ടോ? ദൈവത്തിന്റെ ശക്തമായ ഉപകരണമായ വിശുദ്ധനായ വല്യച്ഛന്റെ ചോദ്യങ്ങൾക്കു സകലരും ‘yes’ പറഞ്ഞപ്പോൾ, ‘എന്നാൽ ആ കഴുതയും പട്ടം സ്വീകരിക്കട്ടെ’ എന്ന് നിർദ്ദേശിക്കുകയും അങ്ങനെ ജോൺപൗരോഹിത്യത്തിനു പാത്രഭൂതനായി.അങ്ങനെയാണ് കത്തോലിക്ക സഭയുടെ അഭിമാനമായ, അനേകായിരങ്ങൾക്ക് സ്വർഗം നേടിക്കൊടുത്ത വി. ജോൺ മരിയ വിയാനി ലോകത്തിനു ലഭിച്ചത്.
ഇത്രയും എഴുതിയപ്പോൾ ദൈവത്തെയും തിരുസഭയെയും, അതിനാൽ തന്നെ തിരുസഭാമക്കളെയും വിശിഷ്യാ സന്യസ്ത ലോകത്തെയും കഠിന ദുഃഖത്തിന്റെ പാനപാത്രം മട്ടുവരെ തന്നെ കുടിപ്പിക്കുകയും ചെയ്ത ചില ആനുകാലിക സംഭവങ്ങൾ മനസിനെ മഥിക്കുന്നു. മഥിച്ചു ഉലയ്ക്കുന്നു. സന്യസ്തരെന്നും വൈദികരെന്നും അവകാശപ്പെടുന്ന അംഗുലീപരിമിതരായ വ്യക്തികളാണ് പത്രോസിന്റെ പടവ് മുക്കാമെന്നു വ്യാമോഹിച്ചു കഴിയുന്നവരാണ് കഥാപാത്രങ്ങൾ.
ഇവർ ചെയ്തുകൂട്ടിയ ദൈവദോഷം കഴുകിക്കളയാൻ കർത്താവിനു ഭഗീരഥ പ്രയത്നം ചെയേണ്ടിവരുംമെന്നത് തീർച്ച. കർത്താവു സ്പഷ്ടമായി പറയുന്നു ഒരേസമയം രണ്ടു യജമാനന്മാർ സേവിക്കാൻ ആർക്കും സാധിക്കുകയില്ല. ഒന്നുകിൽ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും (ലോകം, നിഗൂഢ അജണ്ടകൾ, വർഗീയ ശക്തികൾ, രാഷ്ട്രീയ ശക്തികൾ, നാരകീയ ശക്തികൾ, പിശാചും അവന്റെ ആഡംബരങ്ങളും -ധിക്കാരം, സ്വജനപക്ഷപാതം, സ്വാർത്ഥത സുഖലോലുപത, സ്ഥാനമോഹം, തോന്നിയവാസം ധൂർത്തും) സേവിക്കാൻ ഒരാൾക്ക് സാധിക്കുകയില്ല.