സാന്ത്വനോപദേശവേളയിൽ വൈദികനു പ്രകൃത്യാ ഉള്ള അറിവ് മാത്രം പോരാ. ദൈവത്തിന്റെ അപരിമേയമായ നന്മയുടെ അനന്ത ശേഖരത്തിന്റെ വാതിൽ ഹൃദയങ്ങൾക്ക് മുമ്പിൽ തുറന്നു കൊടുക്കാൻ അവന്റെ ഹൃദയം വെമ്പൽ കൊള്ളണം. ദൈവത്തിന്റെ കരുണ, എത്ര വലിയ പാപവും അനുതാപത്തിലൂടെയും കുമ്പസാരത്തിലൂടെയും ക്ഷമിച്ച്, അനുഗ്രഹിക്കുമെന്നുമുള്ള ബോധ്യം സംശയഗ്രസ്ഥനായി ഉഴലുന്ന പാപിക്ക് അതു നൽകാൻ പ്രാർത്ഥന, പഠനം, പ്രാക്ടീസ് ഇവയിലൂടെ ഒക്കെ ഓരോ വൈദികനും സുസജ്ജനാകണം. കൂടെയുള്ള തൊണ്ണൂറ്റൊമ്പതിനെയും ആവുന്നത്ര സുരക്ഷിതരാക്കിയിട്ട് നൂറാമതിനെ തേടിപോകുന്നതിന് തിടുക്കമുള്ള, ഒരുക്കമുള്ള ഒരു മനസ്സ് അവനുണ്ടാകണം; ഉണ്ടായേ മതിയാവൂ.
സംഭാഷണത്തിനു സമ്മതിക്കുന്ന ഓരോ വ്യക്തിക്കും തുറന്നു പറയാനുള്ളവ ക്ഷമാപൂർവ്വം ശാന്തമായി ഇരുന്ന് സസന്തോഷം ശ്രവിക്കാനുള്ള സന്നദ്ധത കൗൺസിലർക്കുണ്ടാകണം. ഇത് കൗൺസിലിങ്ങിന് വരുന്ന വിശ്വാസിയുടെ അവകാശമാണ്. പരിദേവനങ്ങളെ തടസ്സപ്പെടുത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുത്. എന്ത് പമ്പര വിഡ്ഢിത്തം പറഞ്ഞാലും അത് വിഡ്ഢിത്തമാണെന്ന് പറയുകയോ, അപ്രകാരം തോന്നുന്നുവെന്ന് ശരീരഭാഷ കൊണ്ട് പോലും പ്രകടിപ്പിക്കുക പാടില്ല.
കൗൺസിലിംഗ് നടക്കുമ്പോഴും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുകയും ആലോചന ചോദിക്കുകയും ചെയ്തു മുന്നേറണം. ക്ഷമാപൂർവം കേൾക്കുക. യാതൊരുവിധത്തിലും അക്ഷമത കാണിക്കരുത്. സഹതപിക്കുന്ന, കരുതുന്ന, ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കുന്ന ഒരു ഹൃദയം വൈദികനിൽ ശ്രോതാവ് തിരിച്ചറിയണം.
തെറ്റ് തെറ്റാണെന്ന് സൗമ്യമായി പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കണം. തന്നെ തേടി എത്തുന്നവർക്ക് വേണ്ടി അനുഭാവത്തോടെ, അർപ്പിത മനോഭാവത്തോടെ പ്രാർത്ഥിക്കാൻ ഉള്ള ആർജ്ജവം പുരോഹിതൻ പുലർത്തണം. പരിശുദ്ധാത്മാവിന്റെ സഹായത്തിൽ പരിപൂർണമായി ആശ്രയിക്കണം. ആത്മാക്കളുടെ രക്ഷയിൽ ആഹ്ലാദവും തൃപ്തിയും കൈവരിക്കാൻ പഠിപ്പിക്കണമേ എന്ന് നിത്യവും പ്രാർത്ഥിക്കണം. തേടിയെത്തുന്നവരുടെ ദയാപൂർവ്വം ഹൃദയപൂർവ്വം സ്വീകരിക്കാൻ അണുമാത്രം മടി പോലും കാണിക്കരുത്.
ചുരുക്കത്തിൽ, വരുന്നവർക്ക് “ഇത് മറ്റൊരു ക്രിസ്തു” എന്നു സത്യസന്ധമായി ചിന്തിക്കാൻ കഴിയും വിധം ആകട്ടെ വൈദികന്റെ വാക്കും പ്രവർത്തിയും ധ്യാനവും പ്രാർഥനയും സമർപ്പണവും.