പ്രാർത്ഥനയിലും ധ്യാനത്തിലും മറ്റു പ്രവർത്തനങ്ങളിലും സഹനങ്ങളിലും വ്യക്തവും സ്പഷ്ടവുമായല്ലെങ്കിലും, അവ്യക്തവും സാമാ ന്യവുമായ രീതിയിലെങ്കിലും മറിയത്തെ എത്രയധികം കാണുന്നുവോ, അത് ഉത്തമമാംവിധം നീ ഈശോയെ കണ്ടെത്തും. സ്വർഗ്ഗത്തിലോ ലോകത്തിൽ മറ്റേതെങ്കിലും സൃഷ്ടിയിലോ എന്നതിനെക്കാൾ മറിയ ത്തിലും മറിയത്തോടുകൂടിയുമായിരിക്കുമ്പോഴാണ് ഈശോമിശിഹാ കൂടുതൽ വലിയവനും ശക്തനും പ്രവർത്തനനിരതനുമായി കാണപ്പെടുക. ദൈവത്തിൽ നിർലീനയായ പരിശുദ്ധ മറിയം പുണ്യപൂർണ്ണത ലക്ഷ്യമാക്കി ചരിക്കുന്നവർക്ക് ഒരു തടസ്സമാകുമെന്ന് ആരും പറയാതിരിക്കട്ടെ. പ്രത്യുത, അതിനു നമ്മെ സഹായിക്കുവാൻ അവളെപ്പോലെ ഇതുവരെ ഒരു സൃഷ്ടിക്കും കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ദൈ വൈക്യത്തിനായി മറിയം കൃപാവരങ്ങൾ ധാരാളമായി നമുക്ക് പകർന്നു തരുന്നു. “നീ വഴിയല്ലാതെ ആരും ദൈവചിന്തയാൽ പരിപൂരിതനാകുന്നില്ല” എന്ന് ഒരു വിശുദ്ധൻ പറഞ്ഞിട്ടുണ്ട്. മാത്രമല്ല പിശാചിന്റെ കെണികളിലും ചതികളിലും നിന്ന് അവൾ നമ്മെ കാത്തുരക്ഷിച്ചു കൊണ്ടുകൂടിയും ഈ ഐക്യത്തിലേക്കാനയിക്കുന്നു.
മറിയം ഉള്ളിടത്ത് പിശാചില്ല. നാം മറിയത്തിന്റെ യഥാർത്ഥ ഭക്ത രായിരിക്കുകയും പലപ്പോഴും അവളെപ്പറ്റി ചിന്തിക്കുകയും സംസാരി ക്കുകയും ചെയ്യുന്നെങ്കിൽ, ദൈവചൈതന്യമാണ് നമ്മെ നയിക്കുന്നതെ ന്നതിന്റെ ഏറ്റവും അപ്രമാദമായ ലക്ഷണങ്ങളിൽ ഒന്നാണത്. ഒരു വിശുദ്ധന്റെ അഭിപ്രായമാണിത്. ശരീരം മരിച്ചിട്ടില്ല എന്നതിന്റെ നിസ്സന്ദേഹമായ അടയാളമാണ് ശ്വാസോച്ഛ്വാസം. അതുപോലെ മറിയത്തെപ്പറ്റി എപ്പോഴുമുള്ള ചിന്തയും അവളോടുള്ള സ്നേഹപൂർവ്വകമായ പ്രാർത്ഥനയും ആത്മാവ് പാപത്തിൽ മരിച്ചിട്ടില്ല എന്നതിന്റെ സംശയ രഹിതമായ അടയാളമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മറിയം മാത്രമേ എല്ലാ പാഷണ്ഡതകളെയും തകർത്തിട്ടുള്ളൂ. പരിശുദ്ധാത്മാവു നയിക്കുന്ന തിരുസഭ ഇത് നമ്മെ പഠിപ്പിക്കുന്നു. “ലോകമെമ്പാടുമുള്ള സകല പാഷണ്ഡതകളെയും നശിപ്പിച്ചത് അവിടുന്ന് മാത്രമാണ്.” വിമർശകർ എത്ര മുറുമുറുത്താലും നമുക്ക് തീർച്ച യാണ് മറിയത്തിന്റെ വിശ്വസ്തഭക്തൻ ഒരിക്കലും അറിഞ്ഞുകൊണ്ട് പാഷണ്ഡതയിൽ ഒരുവിധത്തിലും ഉൾപ്പെടുകയില്ല എന്ന്. അസത്യത്തെ സത്യമെന്നും ദുഷ്ടാരൂപിയെ സത്യാരൂപിയെന്നും തെറ്റിദ്ധരിച്ച് അവൻ തെറ്റിൽ വീണുപോയെന്നുവരാം. (മറ്റുള്ളവരെപ്പോലെ അത്ര എളുപ്പ ത്തിൽ വീഴില്ല.) വല്ലപ്പോഴും വീണുപോയാൽത്തന്നെയും ഉടൻ തന്നെയോ കുറേകഴിഞ്ഞാ അവൻ സത്യം ഗ്രഹിക്കാതിരിക്കുകയില്ല. സത്യമെന്നു വിശ്വസിച്ചിരുന്ന അസത്യത്തെ, നിർബന്ധബുദ്ധിയോടെ വിശ്വസിക്കുകയോ അതിനെ സമർത്ഥിക്കുവാൻ ശ്രമിക്കുകയോ ചെയ്യുകയില്ല.