വൈദീകൻ തന്നോട് തന്നെ ചോദിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ഗൗരവാവഹമായ ഏതാനും ചോദ്യങ്ങളുണ്ട്. എനിക്ക് പൗരോഹിത്യം എന്താണ്? -അധികാരം? അംഗീകാരം? ആഡംബരം? പേര്? പെരുമ? ആദായമാർഗം? സുഭിക്ഷത (എല്ലാ മേഖലകളിലും?)ഗർവ്വ്? സ്ഥാപിതതാല്പര്യങ്ങൾ സ്ഥാപിച്ചെടുക്കുക? അധികാരസ്രേണിയിൽ കയറി കയറി പോവുക? പ്രതബദ്ധ ജീവിതം – ബ്രഹ്മചര്യം എങ്ങനെ?
അനുസരണം ദാരിദ്ര്യം സന്തോഷവും സംതൃപ്തിയും ഉണ്ടോ? സ്വാർത്ഥതാത്പര്യങ്ങൾ നേടി എടുക്കുന്നതിനു ബദ്ധപ്പെട്ടവരെ പ്രീതിപ്പെടുത്തുക?. ഓരോ വൈദികന്റെയും സവിശേഷ സാഹചര്യങ്ങളിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ഉണ്ടാവും. ഇവയൊന്നും ആയിരിക്കരുത് ഒരുവന് പൗരോഹിത്യം എന്നത് ഏത് കൊച്ചുകുഞ്ഞിനാണ് അറിയാത്തത്?
ക്രിസ്തുവിനെ സാക്ഷ്യം വഹിക്കുക, ക്രിസ്തുവിനെ മറ്റുള്ളവർക്കു കൊടുക്കുക, അവിടുത്തോടുള്ള ഹൃദയയൈക്യത്തിൽ അവരെ ദൃഢപ്പെടുത്തുക, ദൈവീക ജീവനിൽ വളർത്തുക, ആത്മരക്ഷ ഉറപ്പാക്കുക, ഇടറുന്നവരെ കരുതി, സഹായിച് രക്ഷിക്കുക, നിരാശരെ പ്രത്യാശയിലേക്കു നയിക്കുക, അകന്നു നിൽക്കുന്നവരെ അടുപ്പിക്കുക, അവരുമായി നിരന്തരം സംവാദത്തിലും സമ്പർക്കത്തിലും സഹകരണത്തിലുമായിരിക്കുക. പുരോഹിതൻ തന്റെ ജനത്തിന്, പ്രധാനമായും അപ്പനും അമ്മയും സഹോദരനുമാവണം.
വ്യാജപ്രവാചകൻമാരിൽ നിന്നും തന്റെ ജനത്തെ രക്ഷിച്ചു സത്യ പ്രബോധനത്തിൽ അവരെ നിലനിർത്തണം.
മേൽപ്പറഞ്ഞ കാര്യങ്ങളും ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങളും അജഗണത്തെ മിശിഹായോട് ഒട്ടി ചേർത്തുനിർത്താൻ പുരോഹിതനെ ബാദ്ധ്യസ്ഥനാക്കുന്നു. ഈ സത്യം പൗലോസ് ആവിഷ്കരിക്കുന്നത് അങ്ങേയറ്റം ഹൃദയസ്പർശിയും വളരെയേറെ ശ്രദ്ധേയവുമാണ്. അദ്ദേഹം എഴുതുന്നു: “എന്റെ കുഞ്ഞു മക്കളെ മിശിഹാ നിങ്ങളിൽ രൂപപ്പെടുന്നതുവരെ, വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി, ഈറ്റുനോവ് അനുഭവിക്കുന്നു.
ആദിമസഭയിൽ നടമാടിയിരുന്നതിനേക്കാൾ വളരെയേറെ ശത്രുക്കൾ ഇന്ന് സഭയ്ക്ക് അകത്തും പുറത്തും സ്വൈരവിഹാരം നടത്തുന്നുണ്ട്. തന്മൂലം വൈദികർ “കണ്ണിൽ എണ്ണയുമൊഴിച് ” അജഗണങ്ങൾക്ക് കാവലിരിക്കേണ്ടിയിരിക്കുന്നു.