കുരിശുമരണവും രക്ഷയുടെ ബലിയുമായി ബന്ധപ്പെടുത്തുക വഴി പരിശുദ്ധാത്മാവ് പുരോഹിതനിൽ (സ്വാഭാവികമായി ഏതൊരു ക്രൈസ്തവനിലും) ആഴമേറിയ പാപബോധവും പശ്ചാത്താപവും ഉളവാക്കുന്നു. പ്രായോഗികതലത്തിൽ അതിന്റെ തുടർ ഫലം അവൻ സ്വയം, നിരന്തരം എന്നോണം നടത്തുന്ന ആത്മശോധനയാണ്, ആവണം. ഹെബ്രായ ലേഖനം ഇത് കൃത്യമായി നിർദേശിക്കുന്നുമുണ്ട്. ” ഇക്കാരണത്താൽ അവൻ( വൈദികൻ) ജനങ്ങളുടെ പാപങ്ങൾക്ക് എന്നതുപോലെ, സ്വന്തം പാപങ്ങൾക്ക് വേണ്ടിയും ബലി സമർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു”(5:3).
ദൈവശുശ്രൂഷയ്ക്കായി, മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഇടയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവനാണല്ലോ പുരോഹിതൻ. അതുകൊണ്ട്, ജനത്തിന് എന്നപോലെ അവനും നവീകരിക്കപ്പെടണം. അല്മായർ ചെയ്യുന്ന ഒരു പ്രവർത്തി തന്നെയാണ് പുരോഹിതനും ചെയ്യുന്നതെങ്കിലും അവന്റെ പ്രവർത്തി കൂടുതൽ ഗൗരവതരം ആകുന്നു. തന്മൂലം ദൈവം അവനോട് കൂടുതൽ പാപപരിഹാര ബലികൾ അർപ്പിക്കാൻ ആവശ്യപ്പെടുക സ്വാഭാവികം മാത്രം.
പുരോഹിതന്റെ പാപം സഭയെ ആകമാനം ഗ്രേസിക്കുമെന്ന് അന്യത്ര സൂചിപ്പിച്ചിട്ടുള്ളതാണ്. ബലിയർപ്പിക്കുന്ന ദൈവജനത്തിന്റെ ആത്മീയ പരിശുദ്ധിയുടെ പ്രത്യക്ഷ സാക്ഷ്യവും പ്രതീകവുമാണ്, ആകണം. ഏതെങ്കിലുമൊരു വൈദികന് ഒരു വീഴ്ച സംഭവിച്ചാൽ, അവൻ അനുതപിച്ച് മടങ്ങി വരത്തില്ലന്നോ, പോയെന്നോ ആരും വിധിക്കരുത്. അവനിൽ പാപബോധമുണ്ട്. അത് ആഴപ്പെടുത്തി കൂടുതൽ അനുതപിച്ച്, വി. കുമ്പസാരത്തിന് അണഞ്ഞ് പൂർണ വിമോചനം പ്രാപിക്കുക അവന്റെ സ്വാഭാവിക വ്യഗ്രത ആയിരിക്കും അങ്ങനെ ആയിരിക്കുകയും വേണം.