മനുഷ്യന്റെ ദുഃഖ ദുരിതങ്ങളുടെയും, പാപ പീഡനങ്ങളുടെയും, ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആ ദുരിതങ്ങളിൽ നിന്നും പാപങ്ങളിൽനിന്നും അവന് മോചനം ലഭിക്കുംവരെ ഈശോ ജനമധ്യേ ജീവിച്ചു. ഇവ പൂർണമാകുന്നത് വരെ അവിടുന്ന് മറ്റൊന്നിലും ശ്രദ്ധിച്ചില്ല.
” നമ്മുടെ ബലഹീനതകളിൽ സഹതപിക്കാൻ കഴിയാത്ത ഒരു നിത്യപുരോഹിതൻ അല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും, എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് അവിടുന്ന്”(ഹെബ്ര 4:15). ഈ മഹാപുരോഹിതന്റെ പ്രതിരൂപമാണ്, അവിടുത്തെ പൗരോഹിത്യത്തിൽ പങ്കാളിയാകുന്ന ഓരോ പുരോഹിതനും. അവിടുത്തെ ദൗത്യം തന്നെയാണ് പച്ച മനുഷ്യനായ ഈ പുരോഹിതനും തന്റെ ചങ്കോട് ചേർത്തുവയ്ക്കുക. പൗരോഹിത്യവും ബലിയും മിശിഹായിൽ ഒന്നായി ഇരിക്കുന്നതുപോലെ ബലഹീനനായ, അഭിഷിക്ത പുരോഹിതനിലും ഇവ ഒന്നായിത്തീരുന്നു. ഈ ഏകീഭാവം കൈമോശം വരാതെ കാത്തുസൂക്ഷിക്കാൻ നിതാന്ത ജാഗ്രതയാണ് അവൻ പുലർത്തുക. അൾത്താരയിലെ ആത്മബലി അവൻ തന്റെ ആത്മാവിൽ പുന:സൃഷ്ടിക്കുന്നത്. ശ്രമ സാധ്യമായ ഈ യജ്ഞം ശുഭ പരിസമാപ്തിയിൽ എത്തിക്കാൻ ദൈവത്തിന്റെ സകല ആയുധങ്ങളും അവൻ എടുത്തു ഉപയോഗിക്കുന്നു. ഇവിടെ അവന് ഒരേയൊരു പാതയെ, മാതൃകയെ ഉള്ളൂ- ഈശോമിശിഹാ. പാപത്തിനു മരിക്കുക എന്നത് പുരോഹിതരുടെ മുഖമുദ്ര ആകുന്നു. ദൈവത്തിനുവേണ്ടി അവൻ, ദൈവകൃപയിൽ, ജീവിക്കുന്നു. ഈ പ്രക്രിയ പൗലോസ് വിവരിക്കുന്നത് ഇങ്ങനെ, :” അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവർ ആണെന്നും ഈശോമിശിഹായിൽ ദൈവത്തിനു വേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊൾവിൻ”
(റോമ 6:10-11).
ഒരർത്ഥത്തിൽ ഇത് ഈശോയിൽ ലയിക്കുക തന്നെയാണ്. അവിടുന്ന് അനുഭവിച്ചതത്രയും അനുഭവിക്കാനും, ആ തൃപ്പാദങ്ങൾ പതിഞ്ഞ വഴിയെ എല്ലാം സഞ്ചരിക്കാനുള്ള നിയോഗം, ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയം വച്ച്, സ്വയം, സ്വതന്ത്രമായി സസന്തോഷം കയ്യാളിച്ചവനാണ് കർത്താവായ മിശിഹാ.
അവിടുന്നിൽ ലയിക്കുമ്പോൾ ഒരു ശൂന്യവത്കരണം നടക്കുന്നുണ്ട്. ഈ ഉന്നതമായ കൃപയ്ക്കുവേണ്ടി , എത്ര ചെറുതായാലും അത് അധികമായി പോവില്ല.