പൗരോഹിത്യ ശുശ്രൂഷയിൽ ഭരണനിർവഹണം ആത്മരക്ഷ യെക്കാൾ പ്രാഥമ്യം വഹിക്കുന്ന അവസ്ഥ വളരെ അപകടകരമാണ്. തമ്പുരാന്റെ കണ്ണിൽ ഭരണമല്ല ആത്മരക്ഷ ആണ് ഏറ്റവും പ്രധാനം. ഭരണനിർവഹണവും നിർമ്മാണവും അഹത്തിന്റെയും ഇഹത്തിന്റെയും പണത്തിന്റെയും പ്രൗഢി പ്രകാശിപ്പിക്കാൻ സഹായിച്ചേക്കും. ദൈവഹിതപ്രകാരമുള്ളതും ശാശ്വതവുമായത് ഇഹത്തെയും അഹത്തെയും പരിത്യജിച്ച് നിർമ്മലനും, ദരിദ്രനും, മരണത്തോളം അതേ, കുരിശു മരണത്തോളം അനുസരണ വിധേയനുമായ ക്രിസ്തുവിനെ അനുകരിച്ച് മറ്റൊരു ക്രിസ്തുവായ് ജീവിക്കുന്ന ക്രിസ്തുവായി തീരുക എന്നതാണ്.
ധനസമാഹരണത്തിൽ ഉള്ളും ഉണ്മയും പണയം വെക്കുന്നവർക്ക് അജപാലന ശുശ്രൂഷ ( പുരോഹിതന്റെ പരമ പ്രധാന ദൗത്യം)എങ്ങനെ കാര്യക്ഷമമായി ഫലപ്രദമായി നിർവഹിക്കാൻ ആവും? വിശ്വാസ പരിവർത്തനത്തിന് വേണ്ടി ഒരു വൈദികൻ എത്ര പ്രാധാന്യം പ്രാഥമ്യം നൽകുന്നുവെന്ന ഓരോ ദിവസവും അജപാലകൻ ആത്മശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ച ഈശോ ആണ് അവന്റെ മാതൃക.
ദൈവാത്മാവ് പ്രവർത്തിക്കുന്ന ഇടങ്ങളിലേ പരിവർത്തനങ്ങൾ സംഭവിക്കുകയുള്ളൂ. ആദിമസഭയിൽ “അവർ ഏകമനസ്സോടെ താൽപര്യപൂർവ്വം, അനുദിനം, ദേവാലയത്തിൽ ഒരുമിച്ചു കൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു.. അവർ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്ക് പാത്രമാവുകയും ചെയ്തു രക്ഷ പ്രാപിക്കുന്നവരെ കർത്താവ് അവരുടെ ഗണത്തിൽ പ്രതിദിനം ചേർത്തുകൊണ്ടുമിരുന്നു.