ആർജ്ജവത്വമുള്ള ഓരോ പുരോഹിതനും നിരന്തരം അന്വേഷണത്തിലായിരിക്കുന്ന ഒരു സത്യമുണ്ട്. വൈദികവൃത്തി യുടെ അടിസ്ഥാന നിയോഗ ധാരയിലേക്ക് ഉൾചേരുന്നതിനുള്ള വഴി എന്താണ്? പൂർണ്ണമായ ഒരു മാർഗനിർദേശം അസാധ്യമാണ്. മനുഷ്യൻ പരിമിതവിഭവൻ ആണല്ലോ. യഥാർത്ഥത്തിൽ അന്തിമവിശകലനത്തിൽ മനസ്സിലാവുന്നത് ഇത് സ്വയം കണ്ടെത്തലിന്റെ മേഖലയാണെന്ന് തന്നെയാണ്. അനുഭവസമ്പത്തിൽ നിന്നെങ്കിലും ചില മാർഗ്ഗ നിർദ്ദേശങ്ങൾക്ക് സാധ്യതയുണ്ട്.
ഇടർച്ച വരുന്ന ചാലുകൾ ചൂണ്ടിക്കാട്ടാം. ഒന്നാമതായി ദൈവത്തോട് ആലോചന ചോദിക്കുക. അത്യന്തികമായി ആവർത്തിക്കാവുന്ന മാർഗ്ഗം ഇതുതന്നെയാണ്. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം നൽകാൻ കഴിവുള്ളവനാണ് അവിടുന്ന്. അവിടുന്ന് പ്രഥമമായി പറയുന്നത് ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ ബലിയർപ്പിക്കുക എന്നതാണ്. പരിശുദ്ധ അമ്മയുടെ ഉള്ളത്തിൽ ഈശോ “അവതീർണനാ”കുന്ന അത്യപൂർവ നിമിഷമാണ് വിശുദ്ധ കുർബാനയുടെ നിമിഷം. അവിടുന്നിൽ പരിപൂർണ്ണമായി ആശ്രയിക്കുക.
തന്റെ പരിശുദ്ധാത്മാവിലൂടെ വഴിനടത്താൻ അപേക്ഷിക്കുക. ഇവരെക്കാൾ ശ്രേഷ്ഠരായി മറ്റാരും ഇല്ലല്ലോ?. ” മശിഹായുടെ തിരുരക്ത ങ്ങളെ അനുഷ്ഠിക്കുകയാണ് സഭയിലെ ആത്മീയ ഘടകങ്ങളിൽ ഏറ്റവും ദിവ്യവും അമൂല്യവും പൂർണ്ണവും നിർണായകവുമായ ശുശ്രൂഷ. The eucharist is the fonds of all the spiritual goods of the church”(Pope Pius X). ദിവ്യകാരുണ്യ ബലിയുടെ സത്തയിൽ നിന്നാണല്ലോ മറ്റെല്ലാ കൂദാശകൾക്കും അവയുടെ പവിത്രത, മൂല്യം കൈവരിക.
പുരോഹിതന്റെ എല്ലാ പ്രഘോഷണങ്ങളും കുമ്പസാരങ്ങളും ഭരണവും എല്ലാം ഉടലെടുക്കുന്നത് ആ സ്നേഹജ്വാലയിൽ നിന്നാണ്. വിശുദ്ധ കുർബാനയിൽ ലഭ്യമാകുന്ന പ്രഭാ പ്രസരണത്താൽ പുരോഹിതന്റെ ധ്യാനങ്ങളും പ്രചോദനങ്ങളും ബോധമനസ്സിൽ നിന്നും ഉപബോധ മനസിലേയ്ക്കു ആഴ്ന്നിറങ്ങി അവിടെ അവ രൂഢമൂലമാവുകയും സകല പ്രവർത്തികളെയും, എന്തിന് അവന്റെ ചലനങ്ങൾപോലും പ്രചോദിപ്പിക്കുന്നു. രോഗി ശുശ്രൂഷ, സുവിശേഷപ്രഘോഷണങ്ങൾ, അനുതാപ ശുശ്രൂഷകൾ വിശുദ്ധ കുമ്പസാരം ഇവയിലൊക്കെ ഒരു പുത്തനുണർവ് ഉത്തേജിതമായി കടന്നുവരുന്നു. ഹൃദയത്തിൽ നിറഞ്ഞു കരങ്ങളിലൂടെ ത്രസിക്കുന്ന ദൈവീക സ്പന്ദം ആണ് ഈ അന്തരം സാധ്യമാക്കുന്നത്. ഒരു വൈദികനു തന്റെ കൈവശമുള്ളവ മാത്രമേ നൽകാനാവൂ. മിശിഹായെ മറ്റുള്ളവർക്ക് കൊടുക്കുകയും വേണം. വൈദികൻ എപ്പോഴും ക്ഷമയുള്ളവൻ ആയിരിക്കണം. എതിർക്കുന്നവരോട് പ്രത്യേകിച്ചും. അവർ സഭയ്ക്കെതിരെ നിരത്തുന്ന നുണകളെ വളരെ ശരിയെ ന്ന് തോന്നത്തക്കവിധത്തിലൊക്കെ അവർ അവതരിപ്പിക്കും. പെട്ടുപോയാൽ അവരെക്കാൾ വൈദികൻ തന്നെ സഭയെ ശക്തമായി എതിർക്കുന്നവനും വെറുക്കുന്നതിനും കാരണമാകാം. ഇവിടെ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കനുമായിരിക്കണം. വീണുപോയാൽ വീഴ്ച വളരെ വലുതായിരിക്കും.
എതിർ മുഖങ്ങളെ അന്ധമായി എതിർക്കുക അല്ല വേണ്ടത്. വിശകലനം ചെയ്തു പഠിക്കണം. നമ്മുടെ വിശ്വാസത്തെ അവർ എതിർക്കുന്നത് എന്തുകൊണ്ടാണ്? അന്വേഷി രണ്ടുവിധത്തിൽ എതിർ മുഖത്ത് എത്താം. ബൗദ്ധിക തലത്തിലും, ധാർമിക തലത്തിലും. ഒരുക്കത്തോടു കൂടി, യഥാർത്ഥ അനുതാപത്തോടെ, അടുക്കലടുക്കൽ കുമ്പസാരിക്കുക. തിരുമണിക്കൂർ നടത്തുക; ജപമാല മുടങ്ങാതെ ചൊല്ലുക.
പുരോഹിതന്റെ അമ്മയാണ് പരിശുദ്ധ അമ്മ. അമ്മയെ മുറുകെപ്പിടിക്കുക. പ്രാർത്ഥനയോടെ തികഞ്ഞ വിശ്വസ്തത പുലർത്തുക. ഇവയെല്ലാം വൈദികനെ തന്നെ അടിസ്ഥാന നിയോഗത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്. ഒറ്റവാക്കിൽ എപ്പോഴും ക്രിസ്റ്റഫർ ക്രിസ്തുവിനെ വഹിക്കുന്നവർ ആയിരിക്കുക.