വി കുർബാന; ബലി

Fr Joseph Vattakalam
5 Min Read

വിശുദ്ധ കുർബാനയുടെ ബലിമാനമാണ് സഭ ഉയർത്തിക്കാട്ടിയിട്ടുള്ളത്. വി. കുർബാനവഴി ബലിയാകാനും ബലിയേകാനുമുള്ള ദൗത്യമാണ് ഈ ഭൂമിയിൽ സഭയ്ക്കുള്ളത്. ക്രിസ്തുവിന്റെ ബലിയിൽ പങ്കുചേരുക വഴി തിരുസ്സഭയും ഒപ്പം സഭാംഗങ്ങളും ബലിയായിത്തീരേണ്ടതാണ്. എന്നാൽ കുർബാനയിൽ ബലിയർപ്പണത്തിന്റെ മാനം ഇക്കാലത്ത് ഏറെ നഷ്ടമായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം  ദുഃഖകരമാണ്. ഒത്തുചേരലുകൾക്കും  ആഘോഷത്തിനുമൊക്കെയാണ് ഇന്ന് മുൻതൂക്കം. തെറ്റായ  ഈ പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റം ശോചനീയം. തീർത്ഥാടകസഭയുടെ ജീവിതത്തിന്റെ സിരാകേന്ദ്രവും  അടിത്തറയും വി. കുർബാന എന്ന ബലിയാണ്.

കുർബാന എന്ന ബലി

വിശുദ്ധ കുർബാനയെ വിശുദ്ധദിനത്രയും എന്നാണ് വി.ജോൺ പോൾ രണ്ടാമൻ പാപ്പാ വിശേഷിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച  സായാഹ്നം മുതൽ ഞായറാഴ്ച പ്രഭാതംവരെയുള്ള പെസഹാരഹസ്യം ദിവ്യകാരുണ്യരഹസ്യത്തിൽ പ്രഘോഷിക്കപ്പെടുന്നു എന്നാണ് പാപ്പാഅനുസ്മരിക്കുന്നത്. ദിവ്യകാരുണ്യം യേശുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും രഹസ്യം മാത്രമല്ല, ഉത്ഥാനത്തിന്റെ രഹസ്യത്തെയും സന്നിഹിതമാക്കുന്നു എന്നാണതിനർത്ഥം .

വിശുദ്ധ  ദിനത്രയത്തെ അനുസ്മരിപ്പിക്കുന്ന പെസഹാരഹസ്യം എന്ന നിലയിൽ വിശുദ്ധ കുർബാനയ്ക്കു പ്രഥമത യാഗാത്മക (ബലി സ്വഭാവം) സ്വാഭാവമാണുള്ളത്. ആദിമസഭയിൽ അന്ത്യത്താഴബലിയെ  കർത്താവിന്റെ അത്താഴം‘ (1  കോറി. 11 :20 ), ‘അപ്പം മുറിക്കൽ‘ (അപ്പ. 2 : 42 , 46 ;20 :7 ) എന്നീ പേരുകളിലാണ് വിളിച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വിശ്വാസികളുടെ കൂട്ടായ്മയിൽ പ്രാർത്ഥനയ്ക്കും കൃതജ്ഞതാസ്‌ത്രോത്തിനും  പ്രാധാന്യമേറിവന്നു. അക്കാലത്ത് അന്ത്യത്താഴ സ്മരണയോടെയുള്ള അപ്പം മുറിക്കലിനെ അവർ എവ്ക്കരിസ്തിയ‘ (കൃതജ്ഞത പ്രകാശനം) എന്ന് പേരുവിളിച്ചു (1  കോറി 11 : 24 ; ലൂക്ക. 22 :19 ). എന്നാൽ നാലാം നൂറ്റാണ്ടുമുതൽ അന്ത്യത്താഴ ബലിയെയും കുരിശിലെ  ബലിയെയും കൂട്ടിയിണക്കി വ്യാഖ്യാനിക്കാൻ തുടങ്ങി. വിശുദ്ധരായ സിപ്രിയനും അഗസ്റ്റിനുമൊക്കെ ക്രിസ്തുരഹസ്യങ്ങളിലെ ബലിയുടെ തലത്തെ ഉയർത്തിക്കാട്ടി. വിശുദ്ധ കുർബാന ഈശോയുടെ പരമപ്രധാനമായ  ബലിയാണെന്ന പ്രബോധനം അക്കാലം മുതൽതന്നെ സഭയിൽ പ്രബലമായതാണ്. പിതാവായ ദൈവത്തിനു തന്റെ സ്നേഹവും അനുസരണവും ജീവനും അർപ്പിച്ച ഈശോയുടെ  സമാനതകളില്ലാത്ത ബലിയാണ് വിശുദ്ധ കുർബാനയെന്നും അത് പഴയനിയമബലികളെയെല്ലാം  – പ്രത്യേകമായി, ആബേലിന്റെ ബലി (ഉല്പ 4 :4 ) അബ്രാഹത്തിന്റെ ബലി (ഉല്പ. 22 :1 -17 ) മെൽക്കിസെദേക്കിന്റെ ബലി (ഉല്പ 14 :18 ) തുടങ്ങിയവ -പൂർത്തിയാക്കുകയും അവയ്‌ക്കെല്ലാം അതീതമായി നിലകൊള്ളുകയും ചെയ്യുന്നതാണെന്നും ക്രൈസ്തവ  ദൈവശാസ്ത്രം വിശദീകരിച്ചു പഠിപ്പിച്ചു.

രക്തം ചിന്തിയുള്ള ബലിയെയാണ് ശ്രേഷ്ഠബലിയായി യഹൂദരും വിജാതീയരുമൊക്കെ അക്കാലത്ത് കണക്കാക്കിയിരുന്നത്. രക്തം ജീവന്റെ ഉടവിടമാണെന്നു  വിശ്വസിച്ചുകൊണ്ട് ദൈവപ്രസാദത്തിനായി മൃഗങ്ങളുടെ  രക്തം അവർ ബലിപീഠത്തിലൊഴുക്കി. ധാന്യബലി, സമാധാനബലി, ദഹനബലി, പ്രായശ്ചിത്തബലി, പാപപരിഹാരബലി തുടങ്ങി ധാരാളമായി ബലികളർപ്പിച്ചിരുന്ന യഹൂദർ പാപമോചത്തിനായി ആടുകളുടെ രക്തം ബലിക്കല്ലിൽ ഒഴുകുകയാണ്  ചെയ്തിരുന്നത്. രക്തം ചിന്തൽ കൂടാതെ പാപമോചനമില്ല‘ (ഹെബ്ര. 9 :22 ) എന്ന അടിസ്ഥാനവിശ്വാസമാണ്  മൃഗബലിക്ക് അവരെ പ്രേരിപ്പിച്ചത്.

  പാപമോചനത്തിനും ദേവപ്രസാദത്തിനു  വേണ്ടി മനുഷ്യർ നരബലി അർപ്പിച്ചിരുന്ന ഒരു കാലത്താണ് അബ്രഹാം ജീവിച്ചിരുന്നത്. അബ്രാഹത്തിന്റെ വിശ്വാസത്തെ പരീക്ഷിച്ച ദൈവം അബ്രാഹത്തോടു തന്റെ ഏകജാതനായ ഇസഹാക്കിനെ ബലിയർപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അതിനു പകരമായി ഒരു കുഞ്ഞാടിനെ ബലിയർപ്പിച്ചാൽ മതിയെന്ന് നിഷ്കർഷിക്കുന്നു. നരബലി ദൈവം ആഗ്രഹിക്കുന്നില്ലെന്നും നരബലിക്കുപകരം മൃഗബലി മതിയെന്നും ലോകത്തോട് വിശുദ്ധഗ്രന്ഥകർത്താക്കൾ വിളിച്ചുപറയുക കൂടിയായിരുന്നു ഈ സംഭവത്തിലൂടെ,

 അബ്രാഹം ഇസഹാക്കിനെ ബലിയർപ്പിക്കാൻ മോറിയാമലയിലേക്കു പോകുംവഴി ഹൃദയസ്പർശിയായ ഒരു ചോദ്യം നിഷ്‌ക്കളങ്കനായ ഇസഹാക്ക് ചോദിച്ചു, ‘ബലിയർപ്പിക്കാനുള്ള കുഞ്ഞാടെവിടെ?’ ‘ദൈവം തരുംഎന്നതായിരുന്നു അബ്രാഹത്തിന്റെ മറുപടി. ലോകത്തിന്റെ മുഴുവൻ പാപങ്ങൾ നീക്കാനുള്ള ഒരു കുഞ്ഞാടിനെ ദൈവം തരും എന്നാണു ഇസ്രായേൽ ജനം ആ വാക്കുകളിൽ നിന്ന് മനസ്സിലാക്കിയത്. അക്കാലം മുതൽ ഇസ്രയേലിന്റെ  വിശ്വാസജീവിതത്തിലെ പ്രബലമായ  ഒരു ഏടായിരുന്നു ദൈവത്തിന്റെ കുഞ്ഞാട് വരുമെന്ന പ്രതീക്ഷയുടേത്. യേശുവിനെ ചൂണ്ടി “ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് സ്നാപകയോഹഹന്നാൻ വിളിച്ചു പറഞ്ഞു. മാനവകുലത്തിന്റെ പാപപരിഹാരാർത്ഥം ബലിയർപ്പിക്കപ്പെടാനുള്ള ദൈവത്തിന്റെ കുഞ്ഞാടാണ് ഈശോഎന്നത് ഈശോയ്ക്ക് ചേർന്ന ഏറ്റവും ഉത്തമമായ വിശേഷണമാണ്. അനേകരുടെ രക്ഷയ്ക്കുള്ള മോചനദ്രവ്യമായി (മർക്കോ. 10 :45 ) ബലിയായി അർപ്പിക്കപ്പെടാൻ വേണ്ടിയാണല്ലോ യേശു മനുഷ്യാവതാരം ചെയ്തത്.

കുർബാനയിൽ ബലിയുടെ മാനമാണ് സഭ എന്നും ഉയർത്തിക്കാട്ടിയിട്ടുള്ളത്. വിശുദ്ധകുർബാനവഴി ഈ ഭൂമിയിൽ സഭയ്ക്കുള്ളത് ബലിയാകാനുള്ള ദൗത്യമാണ്. ക്രിസ്തുവിന്റെ ബലിയിൽ പങ്കുചേരുക വഴി സഭയും സഭയോടുകൂടെ വ്യക്തികളും ബലിയായിത്തീരേണ്ടതാണ്.

സഭയുടെ ബലി

കുർബ്ബാനയില്ലാതെ വിശ്വാസിസമൂഹത്തെക്കുറിച്ചോ വിശ്വാസജീവിതത്തെക്കുറിച്ചോ ചിന്തിക്കാൻ കഴിയില്ല. സ്നേഹത്തിന്റെ  ശൃംഖലയും മാനവൈക്യത്തിന്റെ പ്രതീകവുമായ വിശുദ്ധ കുർബാന കൂടാതെ സഭയുടെ സുവിശേഷവത്ക്കരണദൗത്യം  നിർവഹിക്കുന്നതും അസാധ്യമായ കാര്യമാണ്. ഈശോയുടെ  പെസഹാ മഹോത്സവത്തിന്റെ അനുസ്മരണവും  പ്രഘോഷണവും ആഘോഷവുമായ വിശുദ്ധ കുർബാന ക്രൈസ്തവ വിശ്വാസത്തിന്റെയും ആരാധനയുടെയും ജീവിതസാക്ഷ്യത്തിന്റെയും  ഉറവിടവും ഉച്ചകോടിയുമാണ്

ഫ്രഞ്ചുകാരനായ ഹെൻറി ദി ലുബാക്  രണ്ടാം വത്തിക്കാൻ സൂനഹദോസിനു പത്തുവർഷങ്ങൾക്കു മുമ്പ് എഴുതി, ‘വിശുദ്ധ കുർബാന സഭയെ സൃഷ്ടിക്കുന്നു.എന്ന് വിശുദ്ധ കുർബാനയിൽ വിശ്വാസികൾ ക്രിസ്തുവുമായി ഐക്യപ്പെടുന്നതുപോലെ തമ്മിൽത്തമ്മിലും ഐക്യപ്പെടുന്നു എന്നത് കൊണ്ടാണ് ലുബാക്ക് ഇങ്ങനെ പ്രസ്താവിച്ചത്.  അപ്പം ഒന്നേയുള്ളു എന്നത് തന്നെ കാരണം (1 കോറി 10 : 17 ).

    ക്രൈസ്തവ  സമൂഹം വിശുദ്ധ കുർബാന ആഘോഷിക്കുമ്പോൾ ക്രൂശിതനായും ഉത്ഥിതനതുമായ ക്രിസ്തുവിനോട്  സവിശേഷമാം വിധം  താദാത്മ്യപ്പെടുകയും. ഒരു പരിധിവരെ അവിടുത്തോടു  അനുരൂപപ്പെടുകയും  ചെയ്യുന്നു. ഈശോയുടെ  ബലിയിൽ എന്നപോലെ, സഭയുടെ ജീവിതവും ബലിയർപ്പണത്തിനുള്ളതാണെന്ന തിരിച്ചറിവ് ഓരോ ബലിയിലും പ്രഘോഷിക്കപ്പെടുന്നു. ഒരേ അപ്പത്തിലും ഒരേ പാനപാത്രത്തിലും പങ്കുചേരുന്ന ക്രിസ്തുശിഷ്യർ പലരാണെങ്കിലും ക്രിസ്തുവിൽ ഏകശരീരമായി സഭാഗാത്രത്തിനു  രൂപംകൊടുക്കാൻ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. യാഗവും ഉടമ്പടിയും വിരുന്നും കൂദാശയുമായ വിശുദ്ധ കുർബാന മാനവ സമത്വത്തിന്റെയും ആഗോള നീതിയുടെയും ലോക സമാധാനത്തിന്റെയും അനശ്വര സ്രോതസ്സും നിതാന്തപ്രചോദനവുമായി  നിലകൊള്ളുമ്പോൾ അതിൽ പങ്കുചേരുന്ന വിശ്വാസി സമൂഹവും സമൂലമായ പരിവർത്തനത്തിനു  നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കണം. സഭകൾ തമ്മിൽത്തമ്മിലും വിശ്വാസികൾ തമ്മിൽത്തമ്മിലും വിഘടിച്ചും വിച്ഛേദിക്കപ്പെട്ടും  നിൽക്കുമ്പോൾ അനുദിനം ആഘോഷിക്കുന്ന വിശുദ്ധ കുർബാനയ്ക്കു അത് എതിർസാക്ഷ്യമായി മാറുകയാണ്.

Share This Article
error: Content is protected !!