ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ആത്മസത്തയുമായുള്ള പുതിയ ഗാഢസമ്പർക്കമാണ് ദിവ്യകാരുണ്യത്തിൽ സംഭവിക്കുന്നത്. ദിവ്യകാരുണ്യനാന്തരം ക്രിസ്ത്യാനിയാണ് പുതുയുഗത്തിൽ മുറിക്കപ്പെടുകയും ജീവൻ പകരുകയും ചെയുന്ന ക്രിസ്തുവിന്റെ ശരീരം. വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഓർക്കാം. “Please don’t call us sisters of charity, we are the contemplatives of the Blessed Sacrament.” ഒരിക്കൽ മദർ തെരേസയോട് ഒരു അഭിമുഖത്തിൽ, അങ്ങേക്ക് ലോകത്തിൽ എത്ര കോൺവെന്റുകൾ ഉണ്ടെന്നു ചോദിച്ചപ്പോൾ, “ഞങ്ങൾക്ക് 584 സക്രാരികൾ ഉണ്ട്” എന്നായിരുന്നു മറുപടി.
വിശുദ്ധ കുർബാനയിലൂടെ ദൈവവും മനുഷ്യനും പ്രപഞ്ചവുമെല്ലാം പരസ്പരം കണ്ടുമുട്ടുകയും ഐക്യത്തിൽ ഒന്നാക്കപ്പെടുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ശരീരത്തിലൂടെയാണ് ദൈവവുമായുള്ള ഈ ഐക്യം സാധ്യമാകുക. ഇത് അനുദിനമുള്ള ഉയിർത്തെഴുന്നേൽപ്പാണ്; മനുഷ്യരുടെയും പ്രപഞ്ചത്തിന്റെയും. വിശുദ്ധ കുർബാനവഴി ക്രിസ്തുവിന്റെ വാക്കുകളും കർമ്മങ്ങളും സഭയുടെ അൾത്താരയിൽ പുനരവതരിപ്പിക്കപ്പെടുന്നു. വിശുദ്ധ കുർബാനയില്ലാത്ത ജീവിതം ക്രിസ്തീയമല്ല.
കുർബാന എന്ന കൂദാശ
ഒരു കൂദാശ എന്ന നിലയിൽ ദൃശ്യമായ അപ്പവും വീഞ്ഞും അദൃശ്യമായ യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു എന്നതാണ് കുർബാനയുടെ കൗദാശികവശം. വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളിൽ, “ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്ന് യേശു പ്രഖ്യാപിച്ച അപ്പത്തെയും വീഞ്ഞിനേയും ഇനിമേൽ ആർക്കു സംശയിക്കാൻ കഴിയും?” അപ്പത്തിനും വീഞ്ഞിനും അവയുടെ ഗുണങ്ങളായ രൂപത്തിനോ നിറത്തിനോ മണത്തിനോ രുചിയ്ക്കോ ഒന്നും മാറ്റം വരുത്താതെതന്നെ, സത്താപരമായി യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു. ഇപ്രകാരമുള്ള സത്താഭേദമാണ് (transubstantiation ) വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നതെന്ന് ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്മാർ പഠിപ്പിക്കുന്നു. വചനം വഴി ഇല്ലായ്മയിൽനിന്നു (ex nihilo ) പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിനു ഇത് അസാധ്യമായ കാര്യമല്ല. സൃഷ്ടിയുടെ ദൈവശാസ്ത്രത്തിന്റെ (theology of creation ) ചുവടുപിടിച്ചാണ് കുർബാനയിലെ സത്തഭേദത്തെയും സഭ വിശദീകരിക്കുന്നത്.
മധ്യയുഗകാലത്ത് ബെരംഗർ എന്ന തത്വചിന്തകൻ കുർബാനയിൽ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിത്തീരുന്നു എന്ന ക്രൈസ്തവ വാദത്തെ ചോദ്യം ചെയ്തപ്പോഴാണ് മേൽപ്പറഞ്ഞ സത്താഭേദം എന്നവാദം ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്മാർ ഉയർത്തിക്കാട്ടിയത്.
ഒരു വസ്തുവിന്റെ യാഥാർത്ഥ്യവും അതിന്റെ പ്രത്യക്ഷീകരണവും ഒന്നാണെന്നും ഒരു വസ്തുവിനെ നാം കാണുമ്പോൾ അതിന്റെ പൂർണ്ണ യാഥാർത്ഥ്യത്തെയും സത്തയെയും കാണുന്നുവെന്നാണ് ബെരംഗർ വാദിച്ചത്. അദ്ദേഹത്തിന്റെ വാദമനുസരിച്ച്, കുർബാനയിൽ യേശുവിന്റെ ശരീരവും രക്തവുമായി അപ്പവും വീഞ്ഞും മാറുന്നുവെന്ന് പറയാനാവില്ല. കൂദാശവചനങ്ങൾക്കുശേഷവും നാം കാണുന്നത് അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രത്യക്ഷത തന്നെയാണല്ലോ. ഈ വാദത്തെ ഖണ്ഡിക്കാൻ ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്മാർ കണ്ടെത്തിയേ വാക്കാണ് ‘സത്താഭേദം ‘. ഏതൊന്നിന്റെയും സത്ത നിലനിൽപ്പിലുള്ള ഒരു യാഥാർത്ഥ്യമാണെങ്കിലും പ്രകൃതിയിൽ അത് പ്രത്യക്ഷപ്പെടുന്നത് പ്രത്യേക ഗുണങ്ങളോടുകൂടിയാണ്. എന്നാൽ ഗുണങ്ങൾക്കു സത്തയെക്കൂടാതെ സ്വയമേവ നിലനിൽക്കുക സാധ്യമല്ല. സത്തയെ ആശ്രയിച്ചാണ് ഗുണങ്ങൾ നിലനിൽക്കുന്നത്; അപ്പോഴും സത്തയും ഗുണങ്ങളും വ്യത്യസ്തമാണുതാനും. സത്തയും ഗുണങ്ങളും ഒന്നല്ലാത്തതുകൊണ്ടാണ് ഗുണങ്ങൾക്കു മാറ്റം വരുമ്പോഴും സത്ത മാറാതെ നിലകൊള്ളുന്നത്. ഗുണങ്ങളോടൊപ്പം സത്തയും മാറിയിരുന്നെങ്കിൽ അത് മറ്റൊരു യാഥാർത്ഥ്യമായി തീർന്നേനെ. ഇക്കാരണത്താൽ, കൂദാശവചനങ്ങൾ വഴി അപ്പത്തിന്റെയും വീഞ്ഞിന്റെയും ബാഹ്യഗുണങ്ങൾ നിലനിർത്തിക്കൊണ്ട് അവയുടെ സത്തയെ ക്രിസ്തു തന്റെ ശരീരരക്തങ്ങളുടെ സത്തയാക്കി മാറ്റുന്നു എന്നതാണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നത്.
ഒരിക്കൽ വിശുദ്ധ കുർബാനയെക്കുറിച്ച് സംസാരിക്കവേ, പണ്ഡിതനായ ഒരു ബ്രാഹ്മണൻ ബീഡ് ഗ്രിഫിത്സിനോട് ഇങ്ങനെ പറഞ്ഞു, ‘ God can manifest Himself ഇൻ every forum in the universe.’ ലോകത്തിലുള്ള ഏത് വസ്തുവിന്റെ മേലും സ്വയം ആവിഷ്കരിക്കാൻ കഴിയുന്ന ദൈവം മനുഷ്യകുലത്തൊടൊത്തു വാഴാൻ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യമെടുത്തു. നശ്വരമായ മന്നാ മരുഭൂമിയിൽവച്ച് ഭക്ഷിച്ച് ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലിനെ തിരിച്ചറിഞ്ഞ ഇസ്രായേൽ ജനതയുടെ പിൻതലമുറക്കാർക്ക് അനശ്വരമായ ഭക്ഷണം എന്നോണം യേശു അപ്പവും വീഞ്ഞും തന്റെ ശരീരമാക്കി നൽകുന്നു. വിശുദ്ധ കുർബാനയിലെ കൂദാശ വചനങ്ങൾ വഴി അപ്പവും വീഞ്ഞും യേശുവിന്റെ ശരീരരക്തങ്ങളുടെ പൂർണ്ണ ആന്തരികതയുടെ അടയാളങ്ങളായി മാറുന്നു. അപ്പവും വീഞ്ഞും സാധാരണ അവസ്ഥയിൽനിന്ന് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിന്റെ (real presence ) നവസൃഷ്ടിയുടെ തലത്തിൽ എത്തിച്ചേരുന്നു. ഈ നവസൃഷ്ടികർമ്മം അതിഭൗതികതലത്തിൽ സംഭവിക്കുന്നതിനാൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും ഗുണങ്ങൾക്കു യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അപ്പത്തിന്റെയും വീഞ്ഞിന്റെയും സത്ത മുഴുവനും യേശുവിന്റെ ശരീരവും രക്തവുമാക്കി മാറ്റിക്കൊണ്ടാണ് ദിവ്യകാരുണ്യത്തിൽ യേശു സന്നിഹിതനാകുന്നത് എന്നുസാരം.
കുർബാനയുടെ ആന്തരികമാനം യേശു ക്രിസ്തുതന്നെയാണ്. കുർബാനയെ സമീപിക്കുന്ന വിശ്വാസിയുടെ വിശ്വാസമല്ല അപ്പത്തിനും വീഞ്ഞിനും മാറ്റം സംഭവിപ്പിക്കുന്നത്. ഉത്ഥിതനായ യേശു (glorified Jesus ) അപ്പത്തിൽ സന്നിഹിതനാകുന്നു എന്ന സത്യം അംഗീകരിച്ചുകൊണ്ടും ഏറ്റുപറഞ്ഞുകൊണ്ടുമാണ് വിശ്വാസികൾ വിശുദ്ധ കുർബാനയെ സമീപിക്കേണ്ടത്.
വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സാന്നിധ്യത്തെ യഥാർത്ഥ സാന്നിധ്യം (real presence of Jesus ) എന്നതിനേക്കാൾ ദിവ്യകാരുണ്യ സാന്നിധ്യം (Eucharistic presence of Jesus) എന്ന് വിളിക്കണമെന്നാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ബോധിപ്പിക്കുന്നത്. അന്ത്യത്താഴവേളയിൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ തന്നെത്തന്നെ ദിവ്യകാരുണ്യമായി അപ്പസ്തോലന്മാർക്കു പങ്കുവച്ചു കൊടുത്ത യേശു ഓരോ കുർബാനയിലും ഫലദായകമായ അടയാളമായി (efficacious sign ) നമ്മുക്ക് പങ്കുവച്ചുതരുന്നു .
ക്രിസ്തുസംഭവം കൗദാശിക കർമ്മങ്ങളിലൂടെ സന്നിഹിതമാകുമ്പോൾ അവിടുത്തെ രക്ഷയുടെ സദ്ഫലങ്ങളിൽ ക്രിയാത്മകമായി നാം പങ്കുചേരുന്നു. ഈ ലോകത്തിലായിരിക്കുമ്പോൾത്തന്നെ സ്വർഗ്ഗീയ മഹത്വത്തിന്റെ മുന്നാസ്വാദനം വിശുദ്ധ കുർബാന വഴി നമ്മുക്ക് ലഭിക്കുന്നു. ദിവ്യകാരുണ്യം സ്വർഗ്ഗീയ സൗഭാഗ്യത്തിന്റെ അച്ചാരവും അമർത്ത്യതയുടെ ദിവ്യ ഔഷധവും യുഗാന്ത്യോന്മുഖ തീർത്ഥാടനത്തിന്റെ പാഥേയവും നമുക്ക് പ്രദാനം ചെയുന്നു.
ഗാഗുൽത്തായിൽ യേശു അർപ്പിച്ച ബലിയും അൾത്താരയിൽ സഭ അനുഷ്ഠിക്കുന്ന ബലികളും ഒന്ന് തന്നെയാണ്. അന്ത്യത്താഴബലി ഗാഗുൽത്തായിൽ പൂർത്തീകരിക്കപ്പെട്ടു. അൾത്താരയിൽ സഭ അർപ്പിക്കുന്ന ബലി യേശുവിന്റെ പൂർത്തീകരിക്കപ്പെട്ട ബലിയുടെ പുനരവതരണമാണ് (re-enactment). പുനരവതരിപ്പിക്കപ്പെടുന്ന ബലിയിൽ അപ്പസ്തോലന്മാർ അന്ത്യത്താഴബലിയിൽ പങ്കുചേരുന്നതുപോലെ ക്രിസ്തീയ വിശ്വാസികളും പങ്കുചേരുന്നു. ഗുരുവിനു വേണ്ടി ജീവൻ വെടിഞ്ഞതും സാക്ഷ്യം വഹിച്ചതുപോലെ, കുർബാനാനന്തരം വിശ്വാസിസമൂഹവും സാക്ഷ്യത്തിനായി അയയ്ക്കപ്പെടുന്നു.