എല്ലാ രൂപതകളിലുംതന്നെ ആഘോഷിക്കുന്ന ദൈവമാതാവിന്റെ ഒരു തിരുനാളാണിത്. കർമലീത്താ സഭ പലെസ്തീനിയയിൽ കർമ്മലമലയിൽ ആരംഭിച്ചു കുരിശുയുദ്ധകാലത്തു യൂറോപ്പിൽ പരന്നു. യൂറോപ്പിൽ ഈ സഭയ്ക്ക് അൽപ്പം എതിർപ്പ് നേരിടേണ്ടിവന്നു. ഇംഗ്ലണ്ടിലെ ആയില്സുഫൊർഡ് ആശ്രമത്തിൽ നിവസിച്ചിരുന്ന വി. സൈമൺ സ്റ്റോക്കായിരുന്നു അന്നത്തെ സുപ്പീരിയർ ജനറൽ. അദ്ദേഹം എങ്ങനെ പ്രാർത്ഥിക്കുമായിരുന്നു.
കർമ്മലിലെ സുന്ദര കുസുമമേ,
സ്വർഗ്ഗത്തിന്റെ അന്യാദൃശ്യവും നിർമ്മലവുമായ തേജസ്സേ,
നിത്യനിർമ്മല കന്യകയായിരുന്ന് ദൈവപുത്രനെ പ്രസവിച്ചവളെ,
ഇന്നത്തെ ആവശ്യങ്ങളിൽ എന്നെ സഹായിക്കണമേ,
സമുദ്രതാരമേ, എന്നെ സഹായിക്കണമേ, രക്ഷിക്കണമേ.
അങ്ങ് എന്റെ അമ്മയാണെന്ന് കാണിച്ചുതരണമേ.
1251 ജൂലൈ 16 തിയതി അർധരാത്രി സൈമൺ സ്റ്റോക് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വനവഗണങ്ങളുടെ അകമ്പടിയോടുകൂടി കർമ്മലമാതാവ് പ്രത്യക്ഷപെട്ടു: കർമലോത്തരീയം നൽകികൊണ്ട് പറഞ്ഞു:”എന്റെ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ അച്ചാരവുമായ ഈ കർമലോത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ചു മരിക്കുന്നവർ നശിക്കുകയില്ല.”
ഈ സംഭവം കാട്ടുതീപോലെ യൂറോപ്പ് മുഴുവൻ പ്രചരിച്ചു. ക്രമേണ ലോകമാസകലമുള്ള എല്ലാ ദൈവമാതൃഭക്തരും കർമലോത്തരീയം ധരിക്കാൻ തുടങ്ങി.
1322 ൽ സ്വർഗരാജ്ഞി ഇരുപത്തിരണ്ടാം യോഹന്നാൻ മാർപാപ്പയ്ക്ക് കാണപ്പെട്ടു ഉത്തരീയം ധരിച്ചു മരിക്കുന്നവർക്കു വേറൊരു വാഗ്ദാനം കൂടെ ചെയ്തു: “കൃപാവരങ്ങളുടെ രാജ്ഞിയായ ഞാൻ ശനിയാഴ്ചതോറും ശുദ്ധീകരണസ്ഥലത്തു ഇറങ്ങിച്ചെന്നു ഉത്തരീയം ധരിച്ചു മരിച്ചിട്ടുള്ളവരിൽ ചില വ്യവസ്ഥകൾ പാലിച്ചിട്ടുള്ളവരെയെല്ലാം മോചിപ്പിക്കും.”
ഈ രണ്ടു വാഗ്ദാനങ്ങളുടെ ചരിത്രവസ്തുത ഇന്ന് ചിലർ ചോദ്യം ചെയുന്നുണ്ട്. എന്നാൽ ദൈവമാതൃ പ്രതിഷ്ടയുടെ ഒരു ചിഹ്നമെന്ന നിലയിൽ പതിമൂന്നാം ശതാബ്ദം മുതൽ നിലവിലിരിക്കുന്ന ഉത്തരീയം ഉപേക്ഷിക്കുന്നത് ഇന്ന് വിഹിതമാണോ?