വി. സെസിലിയായ്ക്ക് വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു യുവാവാണ് വലേരിയൻ. അവൾ വലേറിയനെ ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെടുത്തി. ഇരുവരുംകൂടി സ്വസഹോദരൻ ടിബൂർത്തിയൂസിനെ മനസ്സുതിരിച്ചു. അവരെ വധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥനായിരുന്നു മാക്സിമൂസ്. രക്തസാക്ഷികളുടെ വിശുദ്ധ മാതൃക കണ്ട ഇദ്ദേഹവും ക്രിസ്ത്യാനിയായി. 229 –ൽത്തന്നെ രക്തസാക്ഷിത്വമകുടവും നേടി.
ഈ മൂന്നുപേരുടെ രക്തസാക്ഷിത്വം ചിലർ വിചാരിക്കുന്നത്പോലെ സിസിലിയിലല്ല , റോമിൽത്തന്നെയായാണ്. വി. സെസിലിയായുടെ തീക്ഷ്ണത കൊണ്ട് മനസാന്തരപ്പെട്ട ഈ കുടുംബത്തിന്റെ നിത്യസ്തുതി ഗാനങ്ങൾ മാലാഖാമാർക്ക് എത്രയും പ്രിയങ്കരമായിരുന്നു. ലൗകികാഡംബരങ്ങൾ ഉപേക്ഷിച്ച് ദൈവത്തിനു പ്രതിഷ്ഠിതമായിരുന്ന ആ ഹൃദയങ്ങൾ സ്വർഗ്ഗീയ മാധുര്യം ഭൂമിയിൽ വച്ചുതന്നെ ആസ്വദിക്കുന്നുണ്ടായിരുന്നു. അതിനാൽ സ്വർഗ്ഗീയ മഹത്വത്തിലേക്കു പ്രവേശനം നൽകുന്ന രക്തസാക്ഷിത്വമകുടം അവർക്കു അതിവേഗം വന്നുചേർന്നു.
വിചിന്തനം: പ്രാർത്ഥന നിറുത്തി ഒരു ജോലിക്ക് പ്രവേശിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നതുപോലെ തോന്നണം. ദൈവത്തെ ഹൃദയത്തിൽ വഹിച്ചു കൊണ്ട് അങ്ങോട്ടുതന്നെ മടങ്ങിപ്പോകുകയായിരിക്കണം നമ്മുടെ ആഗ്രഹം. പ്രാർത്ഥനാസമയത്ത് ദൈവം നമ്മളിൽ നിവേശിപ്പിച്ച ഭക്തി ഹൃദയത്തിൽ തളം കെട്ടി നിൽക്കണം .