പീറ്റർ ക്ലാവർ സ്പെയിനിൽ ബാർസിലോണ സർവകലാശാലയിൽ പഠിച്ച ശേഷം ഇരുപത്തിഒന്നാമത്തെ വയസ്സിൽ 1602 ആഗസ്റ്റിൽ ഈശോസഭയിൽ ചേർന്നു. നോവിഷയറ്റ താരഗോണിൽ നടത്തി. മജോർക്കയിൽ പഠനം പൂർത്തിയാക്കി 1610 ൽ അദ്ദേഹം അമേരിക്കയിലേക്ക് പോയി സന്തഫെയിൽവച്ചു മുപ്പതിനാലാമത്തെ വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. അന്നുമുതൽ നീഗ്രോമാരുടെ ഇടയിൽ അദ്ദേഹം മിഷനറി പ്രവർത്തനം തുടങ്ങി.
ആഫ്രിക്കൻ നീഗ്രോമാരെ പിടിച്ചു അമേരിക്കയിൽ അടിമയായി വിൽക്കുന്ന സമ്പ്രദായം 1500 ൽ ആരംഭിച്ചുവെന്നു പറയാം. 1616 ൽ കാര്തജേന തുറമുഖത്തു മാസംതോറും ആയിരം അടിമകൾ വന്നുചേരാറുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യപ്പെടുന്ന നീഗ്രോമാർ ആഫ്രിക്കൻ രാജാക്കന്മാർ വിൽക്കുന്നവരാണ്. അടിമക്കപ്പലുകളിൽ അടിമകളെ കുന്നുപോലെ കൂട്ടിയിട്ടാണ് കൊണ്ടുവരുന്നത്. മാർഗ്ഗമധ്യേ പകുതിപേര് മരിച്ചുപോകുന്നു. തുറമുഖത്തു അടിമകളെ ഇറക്കുമ്പോൾ ദയനീയമാണ് കാഴ്ച. കത്തോലിക്ക വൈദികർ കഴിവുള്ള സേവനം ചെയ്തുപോന്നിരുന്നു. ഫാദർ സാന്റോവലിന്റെ കീഴിൽ ഫാദർ പീറ്റർ ക്ലാവർ ഈ കുരിശുയുദ്ധത്തിൽ പങ്കെടുക്കാൻ തുടങ്ങി.
ഓരോ കപ്പലും വന്നുചേരുമ്പോൾ അടിമകൾക്കുവേണ്ട ഭക്ഷണസാധനങ്ങളും പാനീയങ്ങളും കൊണ്ട് ഫാദർ ക്ലാവരും സഹായകരും ഓടിയെത്തിയിരുന്നു. അടിമകളെ ചങ്ങലകൊണ്ടു ബന്ധിച്ചിട്ടിരിക്കയായിരിക്കും. മരിക്കാറായവർക്കു അവർ അന്ത്യകൂദാശകൾ നൽകിയിരുന്നു; ശേഷംപേരോടു ആശ്വാസവചസുകൾ പറയും. ചിലരെ വേണ്ട ഉപദേശങ്ങൾ കൊടുത്തു ജ്ഞാനസ്നാനപെടുത്തിയിരുന്നു. കർത്തേജിയനിൽനിന്നു പോയശേഷം അവരെ ഉപേക്ഷിച്ചിരുന്നില്ല. മൂന്നുലക്ഷം അടിമകളെ ഫാദർ ക്ലാവർ ശുശ്രൂക്ഷിച്ചിട്ടുണ്ട്.
അടിമകളുടെ സേവനം കഴിഞ്ഞു ബാക്കിയുള്ള സമയം യൂറോപ്പിയരുടെ ആത്മകാര്യങ്ങൾ ഫാദർ ക്ലാവർ ശ്രേദ്ധിച്ചുപോന്നു. അടിമകൾക്ക് ആത്മാവില്ലെന്നും അവർക്കുവേണ്ടി കഷ്ടപ്പെടുന്നത് വെറുതെയാണെന്നും പറഞ്ഞിരുന്ന വെള്ളക്കാരുടെ ഹൃദയത്തെ മനസാന്തരപ്പെടുത്തുക ചീഞ്ഞുനാറിയിരുന്ന മുറിവുകൾ വച്ചുകെട്ടുന്നതിനേക്കാൾ പ്രയാസമായിരുന്നു.
നാലുകൊല്ലത്തോളം ഫാദർ ക്ലാവർ അസുഖമായി കിടന്നു. ആവലാതിയൊന്നും കൂടാതെ സഹിച്ചു. 1654 സെപ്തംബര് എട്ടാം തീയതി ഫാദർ ക്ലാവർ അന്തരിച്ചു. 40 വർഷത്തെ അധ്വാനത്തിനിടയ്ക്കു അദ്ദേഹം മൂന്ന് ലക്ഷം പേരെ മനസാന്തരപ്പെടുത്തിയിട്ടുണ്ട്. മറ്റു കൂദാശകളും ഉപദേശങ്ങളും സേവനങ്ങളുമങ്ങനെ.