ആധുനിക ഫ്രാൻസും ബ്രിട്ടനും സ്പെയിനും ആഫ്രിക്കയുടെ ഏതാനും ഭാഗവും ചേർന്നതാണ് ചരിത്രത്തിൽ ഗോൾ (Gaul) എന്നു പറയുന്ന പ്രദേശം. ഗോളിലെ പ്രീഫെക്‌ടായിരുന്ന അംബ്രോസിന്റെ മകൻ തന്നെ യാണ് വി. അംബ്രോസ്. ഒരഭിഭാഷകനായി അദ്ദേഹം ജോലി ആരംഭിച്ചു. 33-ാമത്തെ വയസ്സിൽ മിലാനിൽ താമസിച്ചു ലിച്ചുരിയാ, എമിലിയാ എന്നീ പ്രദേശങ്ങളുടെ ഗവർണരായി ചാർജ്ജെടുത്തു. പിറ്റേവർഷം മിലാനിൽ ഒരു മെത്രാനെ തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. ആര്യൻ പാഷണ്ഡികളും കത്തോലിക്കരും തമ്മിൽ പുതിയ മെത്രാൻ തിരഞ്ഞെടുപ്പിനേപ്പറ്റി തർ ക്കമുണ്ടായപ്പോൾ സമാധാനപരമായി തിരഞ്ഞെടുപ്പു നടത്താൻ ഗവർണർ അംബ്രോസ് ഉദ്ബോധിപ്പിച്ചു. തൽസമയം ഒരു ശിശു “അംബ്രോസുതന്നെ മെത്രാൻ” എന്നു വിളിച്ചു പറഞ്ഞു. കുട്ടിയുടെ ആഹ്വാനം ജനങ്ങൾ ഉറക്കെ പിൻതാങ്ങി. “ഞങ്ങൾക്ക് അംബ്രോസിനെത്തന്നെ മെത്രാനായി വേണം.” അങ്ങനെ 374 ഡിസംബർ 7-ാം തീയതി അംബ്രോസ് ജ്‌ഞാനസ്നാ നവും പൗരോഹിത്യവും മെത്രാഭിഷേകവും സ്വീകരിച്ചു. അദ്ദേഹം തൻറ സ്വത്തു മുഴുവനും ദരിദ്രർക്കും തിരുസ്സഭയ്ക്കുമായി നല്കി.
എല്ലാ ഞായറാഴ്‌ചകളിലും അംബ്രോസ് മിലാൻ കത്തീഡ്രലിൽ പ്രസം ഗിച്ചിരുന്നു. പലപ്പോഴും കന്യാത്വത്തെപ്പറ്റി ആയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സിസറോയെപ്പോലെ ഒരു വാഗ്‌മിയായിരുന്ന അംബ്രോസിന് ഗവൺമെൻറിൽ നല്ല സ്വാധീനമുണ്ടായിരുന്നതുകൊണ്ട് ആര്യൻ പാഷണ്ഡികളെ ചെറുത്തുനില്ക്കാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.
ചക്രവർത്തിമാരുടെ കുറ്റങ്ങളും ബിഷപ്പ് അംബ്രോസു വെറുതെ വിട്ടില്ല. ഔക്സെൻസിയൂസു ചക്രവർത്തിയോടുള്ള തർക്കത്തിൽ അദ്ദേഹം പറഞ്ഞു: “ചക്രവർത്തി തിരുസ്സഭയിലെ ഒരംഗമാണ്; തിരുസ്സഭയ്ക്ക് മേലല്ല” തെസലോനിക്കയിൽ അനേകരുടെ വധത്തിനു കാരണമായിത്തീർന്ന തെയോ ഡോഷ്യസു ചക്രവർത്തിയെ പരസ്യ പ്രായശ്ചിത്തം ചെയ്‌തതിനുശേഷമേ ദൈവാലയത്തിൽ കയറാൻ അനുവദിച്ചുളളൂ.
വി. അഗുസ്‌റ്റിന്റെ മാനസാന്തരത്തിനു വി. അംബ്രോസിന്റെ പ്രസം ഗങ്ങൾ വളരെ ഉപകരിച്ചിട്ടുണ്ട്. അദ്ദേഹംതന്നെയാണ് അഗുസ്‌റ്റിനെ ജ്ഞാനസ്‌നാനപ്പെടുത്തിയതും. വി. ഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം മുതലായ വിഷയങ്ങളെപ്പറ്റി ഈടുറ്റ ഗ്രന്‌ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. പല ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അംബ്രോസിയൻ കീർത്തനങ്ങൾ പ്രാചീന കാലങ്ങളിൽത്തന്നെ പ്രസിദ്‌ധമായിരുന്നു. മിലാനിൽ അംബ്രോസി യൻ എന്ന പേരിൽ ഒരു റീത്തുതന്നെയുണ്ട്; അംബ്രോസിയൻ ഗാനങ്ങളാണ് അതിന്റെ പ്രത്യേകത. അബ്രോസിയൻ സന്യാസ സഭ എന്നിങ്ങനെ പല സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ നാമത്തിലുണ്ട്. ഒരു രാജ്യത്തെ ഗവർണർ ഭക്തനായ ഒരു മെത്രാനായി മാറുക കൃപാവരത്തിന്റെ ശക്തി യാണ് പ്രദ്യോതിപ്പിക്കുന്നത്.