യുവജനങ്ങളുടെ ചോദ്യങ്ങൾ

Fr Joseph Vattakalam
2 Min Read

ആദ്യത്തെ ചോദ്യം ക്യാരാ വാഗ്നർ എന്ന അംഗവൈകല്യമുള്ള യുവതിയുടേതായിരുന്നു.”സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സ്നേഹത്തിൻറെ തലത്തിലാണ് പലപ്പോഴും ജീവിതത്തിൽ ക്ലേശിക്കേണ്ടി വരുന്നതും. ക്രിസ്തു സ്‌നേഹത്തിൻറെ വലുപ്പം എന്താണ് ? എങ്ങനെ ക്രിസ്‌തു സ്നേഹം അനുഭവിക്കാൻ സാധിക്കും ?

മാർപ്പാപ്പ മറുപടി നൽകി “ക്രിസ്‌തു കാണിച്ചുതരുന്ന സ്നേഹം നിസ്വാർത്ഥമാണ്. തിരുക്കച്ചയുടെ പ്രദർശനത്തിലെ ചിത്രണത്തിൽ കുറിച്ചിരിക്കുന്നതുപോലെ വളരെ വലിയ സ്നേഹം, സ്നേഹിക്കുന്നോർക്കായ് സ്വയം ജീവൻ നൽകുന്ന സ്നേഹത്തിലും മീതെ സ്നേഹമില്ലെന്നാണ് ക്രിസ്‌തു പഠിപ്പിക്കുന്നത്. സ്നേഹത്തെക്കുറിച്ച് പാടുന്നതും, സ്വപ്‍നം കാണുന്നതും, കൈയ്യടിക്കുന്നതോ ആർത്തു വിളിക്കുന്നതോ പോലെയല്ല അതു ജീവിക്കുന്നത്. വിശ്വസ്‌തവും, ക്ഷമയുള്ളതും, മഹത്തരവുമായ സ്നേഹത്തിൽ സഹനമുണ്ട്. അത് ജീവൻ സമർപ്പിക്കുന്നതുമാണ്. യഥാർത്ഥ സ്നേഹമുണ്ടെങ്കിൽ അത് മറ്റുള്ളവർക്കുവേണ്ടി ചെറുതാകുകയും ദാസൻറെ രൂപം അണിയുകയും ചെയ്യുന്നു. കുട്ടികളെയും യുവജനങ്ങളെയും സ്നേഹിച്ച വിശുദ്ധനാണ് ഡോൺബോസ്‌കോ. അവിടുന്ന് യുവജനങ്ങളുടെ അടുത്ത് എപ്പോഴും ഉണ്ടായിരുന്നു. അവരുടെ കൂടെ ജീവിച്ചു.അവരെ സ്നേഹിച്ചു. വളർത്തി “

പിന്നീട് സറാ അമദിയോ എന്ന ബിരുദധാരി ചോദിച്ചു “ജീവൻ നൽകും എന്നൊക്കെ പറയുന്നതിൻറെ അർത്ഥമെന്താണ്? ജീവിതത്തിൽ നാം പൊതുവെ വഞ്ചിതരാവുകയല്ലേ?

ഇതിന് മാർപാപ്പ ബൈബിളിൽ നിന്നാണ് ഉത്തരം നൽകിയത് “ജീവൻ പരിരക്ഷിക്കുന്നവന് അത് നഷ്ടമാകും. എന്നാൽ മറ്റുള്ളവർക്കുവേണ്ടി ജീവൻ സമർപ്പിക്കുന്നവന് അത് നേട്ടമായിരിക്കും (ലൂക്ക:9:24) അദ്ദേഹം തുടർന്നു എന്നാൽ നാം ചുറ്റും കാണുന്നത് ഉദാരമല്ലാത്ത സ്നേഹമാണ്. വെല്ലുവിളികളില്ലാതെ എങ്ങനെ സുഖമായി ജീവിക്കാം എന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്. സമയവും സാദ്ധ്യതകളുമെല്ലാം സ്വന്തം കാര്യത്തിനു മാത്രം. അത് സ്വാർത്ഥ സ്നേഹമാണ്. ട്യുറിൻറെ പുത്രൻ വാഴ്ത്തപ്പെട്ട പിയെർ ഫ്രിസാത്തിയുടെ വാക്കുകൾ ഓർക്കാം. ജീവിതം ജീവിക്കാനുള്ളതാണ്. അത് തള്ളിനീക്കേണ്ടതല്ല. അങ്ങനെ സമർപ്പിതമാകുന്ന ജീവിതങ്ങളിലേ സന്തോഷമുണ്ടാവുകയുള്ളൂ. സുവിശേഷ സന്തോഷവും ശക്തിയും ലഭിക്കാനുള്ള മാർഗ്ഗം ഇതാണ് ..മറ്റുള്ളവർക്കായ്‌ ജീവൻ സമർപ്പിക്കുക. അങ്ങനെ നമ്മിൽ പ്രത്യാശ വളർത്തുന്നതോടൊപ്പം മറ്റുള്ളവരിലും പ്രത്യാശ വളർത്തുന്ന വിധത്തിൽ ജീവിക്കാം. തുടർന്നു ലൂയിജി കപേലോ എന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി “ക്രിസ്‌തു സ്നേഹം എങ്ങനെയാണ് മറ്റുള്ളവരിൽ എത്തിക്കുന്നത് ?” എന്ന് ചോദിച്ചു.

ക്രിസ്‌തുവിനോടുള്ള സ്നേഹമാണ് ആദ്യമാർഗ്ഗം. അത് മാതൃകയാക്കുക. അനുദിന ജീവിതത്തിൽ ക്രിസ്‌തുവിനോടു ചേർന്നുനില്ക്കുക. വിശ്വസ്‌തരായിരിക്കുക.. ക്രിസ്‌തു സ്നേഹത്തിൻറെ ഓജസും ശക്തിയും നിങ്ങളുടെ ജീവിതത്തിൽ പ്രസരിക്കും. അത് മറ്റുള്ളവരിലേയ്ക്കും പടരും അത് ഫലമണിയും. ദൈവാരൂപിയുടെ ശക്തി നിങ്ങളിലൂടെ പ്രവഹിക്കാൻ ഇടയാകും. അങ്ങനെ കരയുന്നവരോടൊപ്പം കരയുവാനും സന്തോഷിക്കുന്നവരോടൊത്തു സന്തോഷിക്കുവാനും നിങ്ങൾക്കു സാധിക്കും. നിങ്ങളെ സ്നേഹിക്കാത്തവരെ സ്നേഹിക്കുവാനും തിന്മയെ നന്മകൊണ്ടു നേരിടുവാനുമുള്ള കരുത്ത് നിങ്ങൾക്കു ലഭിക്കും ” ഫ്രാൻസിസ് മാർപാപ്പ ഉത്തരം നൽകി.

Share This Article
error: Content is protected !!