മുട്ടു മടക്കരുത്

Fr Joseph Vattakalam
2 Min Read

മനുഷ്യജീവിതത്തിൽ എന്നത്തേക്കാളധികം, ഇന്ന് കഷ്ടതകൾ ഏറെയാണ്. എങ്കിലും അവ നമ്മെ നിരാശരാക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരും നമുക്ക് എതിരു നിൽക്കും. ” ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?…. നമ്മെ (കരുണാർദ്രമായി ) സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം പൂർണ്ണ വിജയം വരിക്കുന്നു”

(റോമാ 8:35, 37). പൗലോസ് ഉദ്ഘോഷിക്കുന്നത് ശ്രദ്ധിക്കുക. ” എല്ലാ വിധത്തിലും ദൈവത്തിന്റെ ദാസന്മാരാണ് ഞങ്ങൾ എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. വലിയ സഹനത്തിൽ, പീഡകളിൽ, ഞെരുക്കങ്ങളിൽ, അത്യാഹിതങ്ങളിൽ, കാരാഗൃഹങ്ങളിൽ, ലഹളകളിൽ, ജാഗരണത്തിൽ, വിശപ്പിൽ…. അവമാനത്തിൽ, ദുഷ്കീർത്തിയിൽ…. ഞങ്ങൾ അഭിമാനിക്കുന്നു; സദാ സന്തോഷിക്കുന്നു”
(cfr. 2 കോറി:6:1-10).

ക്രൈസ്തവജീവിതം വൈരുദ്ധ്യാത്മകമാണ്: വിദ്വെഷിക്ക് സ്നേഹം; ശത്രുവിനെ ക്ഷമ; ശപിക്കുന്നവന് അനുഗ്രഹം; ഒന്നു ചോദിക്കുന്നവനു രണ്ട് എങ്കിലും; വലതുകൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്; പീഡിപ്പിക്കുന്നവർക്ക് അനുഗ്രഹം; കണ്ണീരിലൂടെ ചിരി; അധികാരം ശുശ്രൂഷയ്ക്ക്; ഇകഴ്ചയ്ക്ക് പുകഴ്ച; വെല്ലുവിളിക്കുന്നവന് സ്നേഹ സ്വാഗതം. മരണം പുതുജീവനിലേക്ക്; ദുഃഖവെള്ളി ഉയർപ്പിലേക്ക്; പരാജയം വിജയത്തിലേക്ക്; കുരിശ് കിരീടത്തിലേക്ക്.

നമ്മുടെ നിരവധിയായ പ്രതിസന്ധികളിലേക്ക് കൈനിറയെ അനുഗ്രഹങ്ങളുമായി നമ്മുടെ ദൈവം കടന്നുവരും: ചെങ്കടൽ വിഭജിച്ചു വഴി വെട്ടും(പുറ. അ. 14); മന്നായും കാടപക്ഷിയും നൽകി വിശപ്പകറ്റും (അ. 16); പാറയിൽ നിന്ന് പരിശുദ്ധമായ ജലം ഒഴുകും(അ. 17); നമ്മുടെ ഓരോ മുറിവും വിജയത്തിന്റെ കീർത്തി-മുദ്രയാക്കും. കൊറോണായെ സധൈര്യം ചെറുത്തു നിൽക്കുക. “ഭയപ്പെടേണ്ട ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റെ താണ്”(ഏശയ്യാ 43:1). “കർത്താവ് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും. നിങ്ങൾ ശാന്തമായി ഇരുന്നാൽ മതി (പുറപ്പാട് 14:14). “സ്വർഗ്ഗത്തിന്റെ ദൈവം ഞങ്ങൾക്ക്‌ (നമുക്കു) വിജയം നൽകും”(നെഹെമിയാ 2:20)

“പാപം വർദ്ധിച്ചിടത്തു കൃപ അതിലേറെ വർദ്ധിച്ചു”(റോമാ 5:20). മുമ്പ് പരാമർശിച്ച വൈരുദ്ധ്യാത്മകതയുടെ എവറസ്റ്റ് ആണ് ഇത്. നമ്മുടെ പാപങ്ങൾ എത്ര വലുതാണെങ്കിലും ദൈവത്തിന്റെ കരുണ അതിലും വലുതാണ്. ആ ദൈവത്തിൽ പരിപൂർണ്ണമായി ശരണപ്പെടുക. അനുതാപം, പ്രായശ്ചിത്തം, തപസ്സ്, ഉപവാസം, പരിത്യാഗ പ്രവർത്തികൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് ശക്തമായി യുദ്ധം ചെയ്യുക. വിജയം സുനിശ്ചിതം.

Share This Article
error: Content is protected !!