ടെൻഷനോ?

ആബാലവൃദ്ധംജനങ്ങൾക്കും ഇന്ന് അനുഭപ്പെടുന്ന ഒരു വലിയ പ്രശ്നമാണ് സ്ട്രെസ്. ഈ പ്രതിഭാസത്തെ അല്പമൊന്നു ഉദാത്തീകരിച്ചു പറയുന്ന  പദമാണ് തിരക്ക് (busy ). Busy like a bee എന്ന് കേട്ടിരിക്കുമല്ലോ. തേനീച്ചയ്ക്ക് രുചിയുള്ള, ഔഷധഗുണമുള്ള, ശുദ്ധമായ തേൻ കിട്ടും. വല്ലാത്ത തിരക്കുള്ളവർ ചെന്നെത്തുന്നത്  വല്ലാത്ത പൊല്ലാപ്പിലായിരിക്കും.

ഈ ലോകത്തായിരുന്നപ്പോൾ ഏറ്റവുമധികം പിരിമുറുക്കം അനുഭവിക്കാൻ എപ്പോഴും ആകുലപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഒരു വ്യക്തിയാണ് വി. മദർ തെരേസാ. പക്ഷെ അമ്മ എപ്പോഴും പ്രശാന്തതയുടെ പര്യായമായിരുന്നു. മരണക്കിടക്കയിൽപ്പോലും  ആ അഭൗമിക, സ്വർഗ്ഗീയ പൂപ്പുഞ്ചിരിക്കു മങ്ങലുണ്ടായില്ല. വലിയ സ്ട്രെസ്സിലകപ്പെടാൻ  സകല സാധ്യതയുണ്ടാകാൻ സർവ്വ സാധ്യതയുമുണ്ടായിരുന്ന ഒരു വ്യക്തിയാണ് സലേഷ്യൻ സന്ന്യാസ സഭാ സ്ഥാപകനായ വി. ഡോൺ ബോസ്‌കോ. എന്നാൽ ഒരു സാഹചര്യത്തിൽപ്പോലും സമചിത്തത വെടിയാതെ നിതാന്ത പ്രസന്നതയുടെ ഉടമയായിരുന്നു അദ്ദേഹമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വി.ഫ്രാൻസിസ് അസ്സീസ്സി, വി. അന്തോനീസ്  എന്തിനു സകല വിശുദ്ധരും.

ഇവരൊക്കെ എങ്ങനെയാണ് സ്വർഗ്ഗീയ സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചതെന്നു ചിന്തിച്ചു മനസ്സിലാക്കുന്നത് നല്ലതായിരിക്കും. അവരെല്ലാവരും സർവ്വശകതനും സ്നേഹസ്വരൂപനും കരുണാസാഗരവുമായ ദൈവത്തിലാശ്രയിച്ചു ദിവ്യനാഥന്റെ  അമൃതവാണി ശ്രവിച്ചു ജീവിച്ചു.”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട . ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ  പോകുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുമായിരുന്നോ?  ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്നു നിങ്ങളെയും കൂട്ടികൊണ്ടുപോകും “(യോഹ. 14 : 1 -3 )

ഒരു ദരിദ്ര കുടുംബം. അപ്പനും അമ്മയും അഞ്ചുമക്കളും- നാലു പെൺമക്കളും ഒരു മകനും. പൊടുന്നനെ ആ മകന് വിദേശത്തു ഒരു ജോലി വാഗ്ദാനം കിട്ടുന്നു. മൂന്നു ലക്ഷം രൂപാ ശമ്പളം. ഈ വാർത്ത കിട്ടിയപ്പോൾ മുതൽ ആ കുടുംബത്തിൽ സകലർക്കും വലിയ സന്തോഷം ! വാഗ്‌ദാനമേ ഉള്ളു! മാനുഷികമായ ഒരു വാഗ്ദാനത്തിനു വലിയ വില കല്പിക്കുന്നു. എന്നാൽ (കാലാകാലമായുള്ള) വാഗ്ദാനത്തിൽ വിശ്വസ്തനായ  കർത്താവിന്റെ വാഗ്ദാന(യോഹ. 14 :1 )ത്തിൽ  അവർക്കു വിശ്വാസമുണ്ടായില്ല.

ഒരു ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലെ ഒരു യുവതി വളരെ നല്ലവളായിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു അവൾക്ക് സാമാന്യം നല്ല വിദ്യാഭ്യാസവുമുണ്ടായിരുന്നു . ആ നാട്ടിലെ ധനികനും സമർത്ഥനായ ഒരു യുവാവ് പഠിച്ച് ഐ എ എസ്സ് നേടുകയും ഏറ്റവും നല്ല ഒരു ഗവണ്മെന്റ്  നിയമനത്തിന് അർഹനാകുകയും ചെയ്തു. തൊട്ടുമുൻപ് പരാമർശിച്ച യുവതിയേയും കുടുംബത്തേയും പ്രസ്തുത ഐ എ  എസ്സ്‌ -കാരന് നന്നായി അറിയാമായിരുന്നു. അയാൾ അപ്പനോട് പെൺകുട്ടിയുടെ കാര്യം പറഞ്ഞു. ആ പിതാവ് മകനെയും കൂട്ടി ആ ദരിദ്രകുടുംബത്തിൽ ചെന്ന് കുട്ടിയുടെ മാതാപിതാക്കളോട് തന്റെ മകന് ഭാര്യയായി അവരുടെ മകളെ നൽകണമെന്ന് അഭ്യർത്ഥിക്കുകയും വിവാഹസംബന്ധമായ സകലകാര്യങ്ങളും മാത്രമല്ല, ആ ദരിദ്രകുടുംബത്തെ എന്നും സംരക്ഷിക്കുകയും ചെയ്തുകൊള്ളാമെന്നും പറഞ്ഞു. അത്യപൂർവ്വമായ വാർത്ത കേട്ട നിമിഷം മുതൽ കുടുംബാംഗങ്ങൾക്കെല്ലാം  വലിയ സന്തോഷം. അവർക്കും  അഴിവില്ലാത്ത കർത്താവിന്റെ വാഗ്ദാനം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്നത് ദുഃഖ സത്യം തന്നെയാണ്.

നമുക്ക് അസ്വസ്ഥത, ടെൻഷൻ, ഉണ്ടാകാതിരിക്കാൻ അത്യാവശ്യം വിശ്വാസമാണ്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല. ഈ സത്യം വിശ്വസിക്കുക. രക്തസ്രാവക്കാരി സുഖം പ്രാപിച്ചു കഴിഞ്ഞപ്പോൾ ഈശോ അവളോട് വ്യക്തമായി പറഞ്ഞു: “മകളെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (മർക്കോ. 5 :34 ). ജായിറോസിനോട് അവിടുന്ന് പറഞ്ഞു: “ഭയപ്പെടേണ്ട.. വിശ്വസിക്കുക മാത്രം ചെയ്യുക” (മർക്കോ.5 : 36 ). “അവരുടെ വിശ്വാസം കണ്ടു അവിടുന്ന് തളർവാതരോഗിയോട്‌ അരുളിച്ചെയ്തു: മകനെ , ധൈര്യമായിരിക്കുക” (മത്താ 9 : 2 ). ചുരുക്കിപ്പറഞ്ഞാൽ ദൈവത്തിൽ വിശ്വസിച്ച് അവിടുത്തെ പരിപാലനയിൽ വിശ്വസിച്ച് അവിടുത്തെ ആശ്രയിച്ചും ജീവിക്കുന്നവർക്ക് പിരിമുറുക്കമില്ലാതെ, സമാധാനത്തിലും ശാന്തിയിലും ജീവിക്കാനാവും.