കിഴക്കുനിന്നുള്ള ജ്ഞാനികൾ

Fr Joseph Vattakalam
1 Min Read

ദിനരാത്രങ്ങളിലൂടെ ദീർഘകാലം യാത്ര ചെയ്താണ് പൂജരാജാക്കന്മാർ (കിഴക്കുനിന്നുള്ള ജ്ഞാനികൾ) ഉണ്ണീശോയെ കണ്ടു ആരാധിച്ചതു. അവർ പ്രത്യാശയുടെ രക്ഷകനെ കാത്തിരിക്കുകയും കാലത്തിന്റെ അടയാളങ്ങൾ വായിച്ചെടുക്കുകയും ചെയ്തവരാണ്. യാത്ര ചെയ്തു ജെറുസലേമിലെത്തി അന്വേഷിച്ചു: “എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്കു അവന്റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്” (മത്താ. 2:1,2). ‘അന്വേഷിച്ചാൽ കണ്ടെത്തീടും ദൈവപുത്രനെ’ മനുഷ്യപുത്രനെ. ഈശോ ലോകരക്ഷകനാണ്, ഏക രക്ഷകനാണ്.

രാജാധിരാജനും കർത്താധികർത്താനുമാണ്. അത്യുന്നത ദൈവമാണ്. ഈ ദൈവത്തിൽ വിശ്വസിച്ചു ജ്ഞാനസ്നാനത്തിലൂടെയും കുമ്പസാരത്തിലൂടെയും ഇതര കൂദാശകളിലൂടെയും അവിടുത്തെ കണ്ടെത്തി, അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിക്കുന്നവന് നിത്യരക്ഷ; സ്വർഗം സുനിശ്ചിതമാണ്. ഔസേപ്പും മറിയവും ഹേറോദോസിന്റെ വാളിൽനിന്നും ഉഗ്രകോപത്തിൽ നിന്നും ഉണ്ണീശോയെ രക്ഷിക്കാനായി, മാലാഖയുടെ (കർത്താവിന്റെ ദൂതൻ) നിർദ്ദേശപ്രകാരം, ഈജിപ്തിലേക്ക് യാത്ര ചെയ്തത് സർവപ്രധാനമായ യാത്രയായിരുന്നു. ഈശോയെ അന്വേഷിച്ചു കണ്ടെത്തി അവിടുത്തെ സ്വന്തമാക്കിയെങ്കിലേ നമ്മുടെ ഹൃദയം സ്വസ്ഥവും സന്തുഷ്ട്ടവുമാകുകയുള്ളു. വി. അഗസ്റ്റിന്റെ വിശ്വവിഖ്യാതവും അത്യുദാത്തവുമായ ഏറ്റുപറച്ചിൽ ഇപ്പോഴും സ്മൃതിപഥത്തിലുണ്ടായിരിക്കണം. ‘ദൈവമേ, നീയെന്നെ നിനക്കായി സൃഷ്ട്ടിച്ചു. നിന്നിൽ മാത്രം ഞാൻ സംതൃപ്തി കണ്ടെത്തും.’ നാം അനുസ്മരിക്കേണ്ട ഏറ്റവും അത്ഭുതാവഹവും അവിസ്മരണീയവുമായ യാത്ര ഈശോ വിണ്ണിൽ നിന്ന് മണ്ണിലേക്ക് താണിറങ്ങിയതാണ്.  ഇത് യാത്രകളുടെ യാത്രയാണ്. ക്രൈസ്തവജീവിതം വിണ്ണിലേക്കും മണ്ണിലേക്കുമുള്ള യാത്രയാണ്.

വിണ്ണിലേക്കുള്ള യാത്ര സഫലമാകുന്നത് മണ്ണിലേക്കുള്ള യാത്രയിലൂടെയാണ്. ക്രൈസ്തവർ രോഗികളിലേക്കും പീഡിതരിലേക്കും ദുഖിതരിലേക്കും ദരിദ്രരിലേക്കും പാപികളിലേക്കും പാമരിലേക്കും യാത്ര ചെയ്യണം. അങ്ങനെ അവൻ നല്ല സമറയാനാവണം! ഒരു കുഞ്ഞു പ്രാർത്ഥന കൂടി ചേർക്കട്ടെ: ‘എന്റെ ദൈവമേ, ആരെയും വേദനിപ്പിക്കാതെ, സാധിക്കുന്ന നന്മ എല്ലാവര്ക്കും ചെയ്തു, വിനയപൂർവം ജീവിച്ചു സ്വർഗ്ഗത്തിലെത്താൻ എന്നേയും മറ്റെല്ലാവരെയും അനിഗ്രഹിക്കണമേ!’

Share This Article
error: Content is protected !!