1.കൈകഴുകൽ ശുശ്രൂഷ
അടുത്തതായി ദിവ്യരഹസ്യഗീതമാണ്. അതിന്റെ ആരംഭത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയും കൈകൾ കഴുകുന്നതും ഏറ്റം അർത്ഥവത്താണ്. ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയാവസ്ഥയെ സൂചിപ്പിക്കുന്നതും അതിനുവേണ്ടിയുള്ള പ്രാർത്ഥനയുമാണിത്. ”സകലത്തിന്റെയും നാഥനായ ദൈവം തന്റെ കൃപാസമുദ്രത്തിൽ നമ്മുടെ കടങ്ങളുടെയും പാപങ്ങളുടെയും കറ കഴുകിക്കളയട്ടെ.” കൈകൾ തുടയ്ക്കുമ്പോൾ പുരോഹിതൻ പറയുന്നു: ”കർത്താവു തന്റെ കൃപയാലും അനുഗ്രഹത്താലും നമ്മുടെ പാപങ്ങളുടെ മാലിന്യം തുടച്ചു നീക്കുകയും ചെയ്യട്ടെ.”
2. വിശുദ്ധിയോടെ ബലിയർപ്പിക്കുക
ബലിയർപ്പിക്കുന്നവരുടെ കരങ്ങളും ഹൃദയവും വിശുദ്ധമായിരിക്കണം. ”വിശുദ്ധ കുർബാന വിശുദ്ധർക്കുള്ളതാകുന്നു” എന്നു പ്രഖ്യാപനത്തിൽ ‘വിശുദ്ധർ’ എന്ന പദം മാമ്മോദീസാ സ്വീകരിച്ചവർ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും മുകളിൽപ്പറഞ്ഞ മാനസികാവസ്ഥയെയും അതു (വിശുദ്ധി) സൂചിപ്പിക്കുന്നുവെന്നതു സത്യമാണ്.
ഈയവസരത്തിൽ ഗായകസംഘം പാടുന്ന പാട്ടിന്റെ പൊരുളും നമ്മൾ മനസ്സിലാക്കണം.
”സ്നേഹഭയങ്ങളൊടയണയുക നാം
അഖിലരുമൊന്നായ് സന്നിധിയിൽ
വാനവനിരയൊടു ചേർന്നേവം പാടാം,
ദൈവം പരിശുദ്ധൻ, പരിശുദ്ധൻ
നിത്യം പരിശുദ്ധൻ”
അർപ്പകർക്കുണ്ടായിരിക്കേണ്ട ശരിയായ മനോഭാവങ്ങളാണ് മേലുദ്ധരിച്ച വാക്കുകൾ സൂചിപ്പിക്കുക. ഇതു കൂടാതെ കർത്താവിൽ ദൃഢമായി ശരണപ്പെട്ടുകൊണ്ടുവേണം ബലിയർപ്പിക്കാൻ എന്നും ഇവിടെ വ്യക്തമാക്കുന്നു.
3. സെമിറ്റിക് ശൈലി
”വിശുദ്ധ ബലിപീഠത്തിന്മേൽ, മിശിഹായുടെ അമൂല്യമായ ശരീരവും രക്തവും”എന്ന പ്രഖ്യാപനം നാം ശരിയായി മനസ്സിലാക്കണം. യഥാർത്ഥത്തിൽ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ തിരുശ്ശരീര രക്തങ്ങളായി മാറിയിട്ടില്ല. പിന്നെന്തുകൊണ്ട് ഈ പ്രഖ്യാപനം? ഇതു സെമിറ്റിക് ഭാഷകളുടെ ഒരു രീതിയാണ്. സംഭവിക്കാൻ പോകുന്ന ഒരു കാര്യം അതിന്റെ പരമമായ പ്രാധാന്യം മൂലം സംഭവിക്കുന്നതിനു മുമ്പേ തന്നെ സംഭവിച്ചതായി പ്രഖ്യാപിച്ച് സദസ്യരെ ഒരുക്കമുള്ളവരാക്കുകയാണ്. ആഴമായ വിധത്തിൽ സംഭവത്തെ ഉൾക്കൊള്ളുവാൻ പ്രേരിപ്പിക്കുകയാണ് ഈ രീതി അവലംബിക്കുന്നവരുടെ ലക്ഷ്യം. മാനവനിരയോടു (സൃഷ്ടിസാകല്യത്തോടു) ചേർന്നായിരിക്കണം ബലിയർപ്പകർ ”പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു ദൈവത്തെ പാടിപ്പുകഴ്ത്തുക.
4. നിരന്തര സ്തുതി-ആരാധനയുടെ ഭാവം
തുടർന്ന് റാസയിൽ ആർച്ചു ഡീക്കൻ സാധാരണ കുർബാനകളിൽ പുരോഹിതൻ, ആരാധനസമൂഹത്തിന് എപ്പോഴും എന്നേക്കും ഉണ്ടായിരിക്കേണ്ട അവശ്യമനോഭാവം വ്യക്തമാക്കുന്നു.
”അങ്ങയുടെ ആരാധ്യമായ ത്രിത്വത്തെ എപ്പോഴും എന്നേക്കും ഞങ്ങൾ സ്തുതിക്കും.”
അർപ്പിക്കപ്പെടുന്ന കുർബാന മിശിഹാ വഴി, പിതാവായ ദൈവം സ്വീകരിക്കാനുള്ള അപേക്ഷയാണ് അടുത്തത്. ”നമ്മുടെ രക്ഷയ്ക്കു വേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും തന്റെ പീഡാനുഭവത്തിന്റേയും മരണത്തിന്റെയും സംസ്ക്കാരത്തിന്റേയും ഉത്ഥാനത്തിന്റേയും ഓർമ്മ ആചരിക്കുവാൻ കൽപിക്കുകയും ചെയ്ത മിശിഹാ വഴി, പിതാവായ ദൈവം, തന്റെ കൃപയാലും അനുഗ്രഹത്താലും, ഈ ബലി നമ്മുടെ കരങ്ങളിൽ നിന്നു സ്വീകരിക്കുമറാകട്ടെ.”
ദിവ്യപഹസ്യഗീതത്തിന്റെ അടുത്ത ഭാഗത്ത് വൈദികൻ പാടുന്നു:
”താതനുമതുപോലാത്മജനും
ദിവ്യറൂഹായ്ക്കും സ്തുതിയെന്നും;” ഒപ്പം തന്നെ
”ദൈവാംബികയാകും/ കന്യാമറിയത്തെ/സാദരമോർത്തീടാം/പാവനമീബലിയിൽ” എന്ന് അർപ്പകരെ അദ്ദേഹം അനുസ്മരപ്പിക്കുന്നുമുണ്ട്. അപ്പോൾ ഗായകസംഘം ”ശാന്തിലഭിച്ചിടുവാൻ/ നിങ്ങൾ പ്രാർത്ഥിപ്പിൻ” എന്നു ഭക്തജനത്തോടു നിർദ്ദേശിക്കുന്നു. അടുത്തതായി പുരോഹിതൻ അർപ്പകരോട് ഉപദേശിക്കുന്നു: ”മാർത്തോമ്മായെയും നിണ സാക്ഷികളെയും / സൽക്കർമ്മികളെയും ബലിയിതിലോർത്തീടാം.” ആരാധനസമൂഹത്തോടൊപ്പമുള്ള ബലവനായ കർത്താവിനെ, രാജാവായ ദൈവത്തെ, യാക്കോബിന്റെ ദൈവത്തെ എന്നുമുള്ള തുണയെന്ന് ഏറ്റുപറഞ്ഞു ഗായകസംഘം പ്രത്യുത്തരം നൽകുകയും ചെയ്യുന്നു.
മൃതരെല്ലാവരും മിശിഹായുടെ ‘മഹിതോത്ഥാനത്തിൽ’ പ്രത്യാശ വച്ച്. ഉത്ഥിതരാകാൻ കൊതിക്കുന്നുവെന്നു വൈദികൻ പ്രഖ്യാപിക്കുമ്പോൾ ഗായകസംഘം ബലിയർപ്പകരെയെല്ലാം നിർദ്ദേശിക്കുന്നു:
”തിരുസ്സന്നിധിയിൽ / ഹൃദയഗതങ്ങൾ
ചൊരിയുവിനെന്നേക്കും
നോമ്പും പ്രാർത്ഥനയും / പശ്ചാത്താപവുമായ്
ത്രത്വത്തെ മോദാൽ
നിത്യം വാഴ്ത്തീടാം.”
ഇതോടൊപ്പം വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനയ്ക്കു വളരെ പ്രാധാന്യമുണ്ട്. ”കർത്താവായ ദൈവമേ, കഴുകിശുദ്ധമാക്കപ്പെട്ട ഹൃദയത്തേടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നിൽക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആധ്യാത്മികവും മാനുഷികവുമായ ബലികൾ യഥാർത്ഥവിശ്വാസത്തോടെ അങ്ങേക്കർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ.”
സന്നിഹിതരായിരിക്കുന്ന ആരാധനസമൂഹം, കാർമ്മികൻ എല്ലാവരും ഈ പ്രാർത്ഥനയുടെ പരിധിയിൽ വരുന്നു. കൂടാതെ പ്രവാചകന്മാർ, ശ്ലീഹന്മാർ, രക്തസാക്ഷികൾ, വന്ദകർ ഇവരുടെ അനുസ്മരണവും അവരോടുള്ള ആദരവും ബഹുമാനവും ഈ പ്രാർത്ഥന തക്ഷ്യം വയ്ക്കുന്നുണ്ട്. വൈദികൻ ചൊല്ലുന്നു എല്ലാ പ്രാർത്ഥനകളും ബലിയർപ്പകരായ ദൈവജനം വൈദികനോടു ചേർന്നു മനസ്സിൽചൊല്ലണം. മാമ്മോദീസായിൽ അവർ സ്വീകരിച്ച പൗരോഹിത്യത്തിന്റെ ശക്തിയിലും അടിസ്ഥാനത്തിലുമാണ് അവർ ബലിയർപ്പിക്കുക. ഈശോ സ്ഥാപിച്ച മാമ്മോദീസാ സ്വീകരിച്ചവരെല്ലാം പുരോഹിതരാണ്.
ഇതിനുശേഷം ഐച്ഛികമായി ചൊല്ലാനുള്ള ഒരു പ്രാർത്ഥനയുണ്ട്. പക്ഷേ, വളരെയേറെ പ്രധാനപ്പെട്ടതും സാകല്യസ്വഭാവമുള്ള ഒരു പ്രാർത്ഥനയാണിത്. കാർമ്മികൻ പ്രാർത്ഥിക്കുന്നു. ”ദൈവമേ, അങ്ങയുടെ കാരുണ്യത്തിനും കൃപാധിക്യത്തിനും യോജിച്ചവിധം അങ്ങയുടെ ജനത്തോടും എളിയവനായ എന്നോടും വർത്തിക്കണമേ. എന്റെ പാപങ്ങൾക്കും തെറ്റുകൾക്കും തക്കവിധം അങ്ങു പ്രവർത്തിക്കരുതേ; അങ്ങയുടെ കൃപകൾ യഥാർത്ഥ വിശ്വാസത്തേടെ ഞങ്ങൾ സ്വീകരിക്കുന്ന ഈ തിരുശ്ശരീരരക്തങ്ങൾ വഴി ഞാനും ഇവരും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും യോഗ്യരാകട്ടെ.”
3. നാലാം പ്രണാമജപം
ഇനിയും നാലാം പ്രണാമജപമാണ്. ഇവിടെ കാർമ്മികൻ ഈശോയുടെ ശരീരരക്തങ്ങൾ പിതാവിനു സമർപ്പിക്കുന്നു. ദൈവമാതാവായ കന്യകമറിയം, നീതിമാന്മാരും വിശുദ്ധരുമായ പിതാക്കന്മാർ, ഇവരുടെ പാവനസ്മരണ ഉളവാക്കാൻ പിതാവിനോടു വൈദികൻ പ്രാർത്ഥിക്കുന്നു. ”ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്കു നൽകണമേ.” എന്ന് അതിതീക്ഷ്ണമായി അദ്ദേഹം പ്രാർത്ഥിക്കുന്നു. അടുത്തതായി, കർത്താവു മാത്രമാണ് യഥാർത്ഥപിതാവായ ദൈവമെന്നും അവിടുത്തെ പ്രിയ പുത്രനായ ഈശോമിശിഹായെ അങ്ങു ലോകത്തിലേക്കയച്ചുവെന്നു ഭൂവാസികളെല്ലാവരും അറിയണമെന്നും കാർമ്മികൻ വിശദാംശങ്ങളുദ്ധരിച്ചു പ്രാർത്ഥിക്കുന്നുണ്ട്. എളിയവരായ തങ്ങൾ പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യത്തെ സന്തോഷത്തോടെ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നുവെന്നു പ്രഖ്യാപിച്ച് നാലാം പ്രണാമജപം കാർമ്മികൻ ഉപസംഹരിക്കുന്നു.