വി. ടരാസിയൂസ്

Fr Joseph Vattakalam
2 Min Read

എട്ടാം ശതാബ്ദത്തിന്റെ മധ്യത്തിൽ കോൺസ്റ്റാന്റിനോപ്പിളിൽ ഒരു കുലീന കുടുംബത്തിൽ ടരാസിയൂസ് ഭൂജാതനായി. അവന്റെഅമ്മ യുക്രെഷിയാ  മകനെ സുകൃതവാനായി വളർത്തിക്കൊണ്ടു വന്നു; ചീത്തകൂട്ടുകെട്ടുകൾ വർജ്ജിക്കുവാൻ പ്രത്യേകിച്ചുംഅമ്മ നിഷ്കർഷിച്ചിരുന്നു. സാമർത്ഥ്യവും സ്വഭാവഗുണവും കൊണ്ട് അവൻ എല്ലാവരുടെയും ബഹുമാനം സമാർജ്ജിക്കുകയും പ്രോകോൺസുലായി ഉയർത്തപ്പെടും ചെയ്തു. താമസിയാതെ അദ്ദേഹം സ്റ്റെയ്റ്റ് സെക്രട്ടറിയായി നിയമിതനായി. കൊട്ടാരത്തിലെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ഇടയ്ക്ക് ടരാസിയൂസ് ഒരു സന്യാസിയെപ്പോലെയാണ് ജീവിതം നയിച്ചിരുന്നത്.

  അക്കാലത്തു കോൺസ്റ്റാന്റിനോപ്പിളിലെ  പേട്രിയാർക്കു പോൾ രാജിവച്ച് സന്യാസം ആശ്ലേഷിച്ചതിനാൽ പേട്രിയാർക്കു സ്ഥാനത്തേക്ക് വൈദികരും അല്മെനികളും ചേർന്ന് ഏകകണ്ഠമായി  ടരാസിയൂസിനെ തിരഞ്ഞെടുത്തു. പ്രതിമാവണക്കത്തെപ്പറ്റിയുള്ള കോൺസ്റ്റാന്റിനോപ്പിൾ സഭയുടെ നിലപാട് തനിക്ക് സ്വീകാര്യമല്ലെന്നും തന്നിമിത്തം ഒരു സൂനഹദോസ് വിളിച്ചുകൂട്ടി തെറ്റ് തിരുത്തുകയാണെങ്കിൽ മാത്രമേ പേട്രിയാർക്കു സ്ഥാനം താൻ സ്വീകരിക്കുകയുള്ളുവെന്നും ടരാസിയൂസ് നിർബന്ധിച്ചു പറഞ്ഞു. അതിനു ജനം സമ്മതിക്കുകയും ടരാസിയൂസ് പെട്രയാർക്ക്സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 786 ഓഗസ്റ്റ്  1  നു പേപ്പൽ പ്രതിനിധികളുടെ അധ്യക്ഷതയിൽ പൊതു സൂനഹദോസ് ചേർന്ന്. പ്രതിമാതകർപ്പകന്മാരുടെ ശല്യം നിമിത്തം പിറ്റേക്കൊല്ലത്തേക്കു നീട്ടിവച്ച സമ്മേളനം യഥാവിധി നടത്തുകയും ചെയ്തു. ആപേക്ഷികമായും വണക്കം പ്രതിമയ്ക്ക് നല്കാവുന്നതാണെന്ന കത്തോലിക്കാ വിശ്വാസം സൂനഹദോസ് അംഗീകരിച്ചു.

പെട്രിയാർക്കിന്റെ ജീവിതം വൈദികർക്കും ജനങ്ങൾക്കും ഒരു മാതൃകയായിരുന്നു. ലളിതമായ ഭക്ഷണംകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. പ്രാർത്ഥനയും ജ്ഞാനവായനയുമായിരുന്നു അദ്ദേഹത്തിന്റെ ഒഴിവുസമയത്തെ പരിപാടി. ചക്രവർത്തി തൻ്റെ ഭാര്യ മേരിയെ ഉപേക്ഷിച്ചു ഭാര്യാസഖിയെ വിവാഹം കഴിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പേട്രിയാർക്ക് അകൃത്യം അംഗീകരിച്ചില്ല. തന്നിമിത്തം അദ്ദേഹം വളരെ മർദ്ദനങ്ങൾ അനുഭവിക്കേണ്ടിവന്നു. അവയെല്ലാം ദൈവത്തെപ്രതി സഹിച്ച് 806 ഫെബ്രുവരി 25 നു പരിശുദ്ധനായ പേട്രിയാർക്ക് കർത്താവിൽ നിദ്രപ്രാപിച്ചു.

വിചിന്തനം: വിഭവസമൃദ്ധമായ  കപ്പലുകളാണ് കള്ളന്മാർ ആക്രമിക്കുന്നത്. പ്രാർത്ഥനയും ഉപവാസവും വിരക്തിയും വഴി ആത്മീയ സമ്പത്തു നേടിയിട്ടുള്ളവർ വമ്പിച്ച പ്രലോഭനങ്ങൾക്കു വിധേയരാകും. അവർ സൂക്ഷിക്കട്ടെ

Share This Article
error: Content is protected !!