എന്ത് കുറ്റത്തിനായാലും അയൽക്കാരന് തിന്മ ചെയ്യരുത്; വികാരാവേശം കൊണ്ട് ഒന്നും പ്രവർത്തിക്കരുത്. അഹങ്കാരം കർത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി ഇരുവർക്കും നിന്ദ്യമാണ്. അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം സാമ്രാജ്യം കൈമാറിപ്പോകുന്നു. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട്? ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീർണ്ണിക്കുന്നു. നിസ്സാരരോഗമെന്നു ഭിഷഗ്വരൻ പുച്ഛിച്ചുതള്ളുന്നു; എന്നാൽ, ഇന്ന് രാജാവ്; നാളെ ജഡം! മരിച്ചുകഴിഞ്ഞാൽ പുഴുവിനും കൃമിക്കും വന്യമൃഗങ്ങൾക്കും അവകാശം! അഹങ്കാരം തുടങ്ങുമ്പോൾ കർത്താവിൽനിന്ന് അകലുന്നു ; ഹൃദയം അവന്റെ സൃഷ്ടാവിനെ പരിത്യജിച്ചിരിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു; അതിനോട് ഒട്ടിനിൽക്കുന്നവൻ മ്ലേച്ഛത വമിക്കും. അതിനാൽ കർത്താവ് അപൂർവ്വമായ പീഡകൾ അയച്ച് അവനെ നിശ്ശേഷം നശിപ്പിക്കുന്നു. കർത്താവ് പ്രബലന്മാരെ സിംഹാസനത്തിൽ നിന്ന് താഴെയിറക്കി വിനീതരെ ഉയർത്തുന്നു. അവിടുന്ന് അഹംഭാവികളെ പിഴുതെറിഞ്ഞു, വിനീതരെ നട്ടുപിടിപ്പിക്കുന്നു. കർത്താവ് ജനതകളുടെ രാജ്യങ്ങൾ സമൂലം നശിപ്പിക്കുന്നു. അവിടുന്ന് അഹങ്കാരിയുടെ അടയാളംപോലും തുടച്ചുമാറ്റുന്നു; അവരുടെ സ്മരണ ഭൂമിയിൽനിന്നു മായ്ച്ചുകളയുന്നു. മനുഷ്യന്റെ അഹങ്കാരവും ക്രോധവും സൃഷ്ടാവിൽനിന്നല്ല (പ്രഭാ. 10:6-18)
ആ ദിവസങ്ങളിൽ മറിയം യൂദായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു. അവൾ സഖറിയയുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു. നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. കർത്താവിന്റെ ‘അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്നു? ഇതാ നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചു ചാടി. കർത്താവ് അരുളിചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.
മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു . എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു . ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും. ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽനിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾകൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചു തന്നെ (ലൂക്കാ. 1:39-55)