1. നാഥനെ നിരന്തരം പ്രകീർത്തിക്കുക
കർത്താവു കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്നേഹം ഉദയം ചെയ്തെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു. തുടർന്നു കർത്താവിന്റെ ദാനങ്ങളെപ്രതി അവിടുത്തേക്കു സ്തുതി അർപ്പിക്കുന്നു. ”കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ” എന്ന് അഭിസംബോധന ചെയ്ത്, ഉന്നതങ്ങളിൽ നിന്നുള്ള ദാനം വാഴ്ത്തപ്പെട്ടതാകട്ടെ എന്നും ജനം ആശംസിക്കുന്നു. ദൈവമായ കർത്താവിനു കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ, അവിടുത്തെ കരുണയാൽ തങ്ങളെല്ലാവരും യോഗ്യരാകട്ടെ എന്നും അവർ ആശംസാരൂപത്തിൽ പ്രാർത്ഥിക്കുന്നു. നാഥനായ അവിടുത്തെ എല്ലാ സമയവും പ്രകീർത്തിക്കാനുള്ള കൃപ യാചിച്ചുകൊണ്ടു ഈ സുദീർഘമായ പ്രാർത്ഥന അവസാനിപ്പിക്കുന്നു.
2. മനോവിശ്വാസത്തോടെ അവിടുത്തെ എതിരേല്ക്കാൻ
ഇവിടെ സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന കൂടുതൽ സംക്ഷിപ്തമാണ്. തങ്ങൾ വിശ്വാസപൂർവ്വം സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ തങ്ങളുടെ കടങ്ങളുടെ പൊറുതിക്കു കാരണമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഈശോമിശിഹായിൽ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും അവിടുത്തെ തിരുശ്ശരീരരക്തങ്ങളാൽ നിർമ്മാജനം ചെയ്യുകയും ക്ഷമിക്കുകയും ചെയതതു നന്ദിപൂർവ്വം ഏറ്റപറയുകയും കർത്താവു മഹത്ത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ അവിടുത്തെ എതിരേല്ക്കുവാനും സ്വർഗ്ഗീയഗണങ്ങളോടുകൂടെ അവിടുത്തെ സ്തുതിക്കുവാനും യോഗ്യരാക്കണമേ എന്നും പ്രാർത്ഥിക്കുന്നു.
3. സ്തുതിയും കൃതജ്ഞതയും
ഈ പ്രാർത്ഥന കഴിയുമ്പോൾ ”പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യഹർവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളവാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലവർക്കും ഇവയുടെ ദാതാവായ ദൈവത്തിനു കൃതജ്ഞതാസ്തോത്രങ്ങൾ അർപ്പിക്കാൻ സഹായി സമൂഹത്തെ ആഹ്വാനം ചെയ്യുന്നു. അപ്പോൾ ജനം ഏറ്റം ഹൃദ്യമായി പ്രതികരിക്കുന്നു: ”അവർണ്ണനീയമായ ഈ ദാനത്തിനു കർത്താവേ അങ്ങേക്കു സ്തുതി” പരിശുദ്ധ കുർബാന കർത്താവിന്റെ അവർണ്ണനീയ ദാനമാണ്. ഇതിന് എത്ര നന്ദിപറഞ്ഞാലും മതിയാകുകയില്ല.
ഞായറാഴ്ചകളിലും തിരുനാളുകളിലും വൈദികൻ ചൊല്ലുന്ന രണ്ടു വിടവാങ്ങൽ പ്രാർത്ഥനകൾ ഉണ്ട്. കർത്താവിന്റെ മഹനീയനാമത്തിന് എപ്പോഴും ആരാധനയും സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുക യോഗ്യവും യുക്തവുമാണെന്നു വൈദികൻ ഏറ്റുപറയുന്നു. തുടർന്നു കർത്താവു കാരുണ്യപൂർവ്വം ചെയ്തനന്മകൾ ഏറ്റുപറയുകയാണ്. തിരുവചനങ്ങളുടെ മാധുര്യം ആസ്വദിക്കുവാനും മാലാഖമാരോടുകൂടെ തിരുനാമത്തെ സ്തുതിക്കുവാനും അവിടുത്തെ ദാനമായ ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളുവാനും മഹോന്നതനായ ദൈവത്തിനു സ്തുതിയുടെയും കൃതജ്ഞതയുടെയും കീർത്തനങ്ങൾ ഇടവിടാതെ ആലപിക്കുവാനും ബലഹീനനായ തന്നെയും ബലഹീനരായ ജനത്തെയും കാരുണ്യപൂർവ്വം യോഗ്യരാക്കിയതിനു പരിശുദ്ധത്രിത്വത്തോടുള്ള കൃതജ്ഞതാപ്രകാശനമാണ് ഈ പ്രാർത്ഥനയുടെ അന്തഃസത്ത
4.ദൈവത്തെ പ്രസാദിപ്പിക്കുക
അടുത്തതു ജനത്തിനുള്ള ആഹ്വാനമാണ്. കർത്താവിന്റെ ”അമൂല്യമായ തിരുശ്ശരീരരക്തങ്ങൾ സ്വീകരിക്കുവാൻ നമ്മുടെ കർത്താവും ദൈവവും രാജാവും രക്ഷകനും ജീവദാതാവുമായ മിശിഹാ കൃപാപൂർവ്വം നമ്മെ യോഗ്യരാക്കി. (അതുകൊണ്ട്) വിചാരങ്ങളും വചനങ്ങളും പ്രവൃത്തികളുംവഴി തന്നെ പ്രസാദിപ്പിക്കാൻ അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ.”
രണ്ടാം ഭാഗത്ത് സകലത്തിന്റെയും നാഥനായ കർത്താവിനോടു പ്രാർത്ഥിക്കുകയാണ്: ”ഞങ്ങൾ സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ ഈ അച്ചാരം നിന്റെ കാരുണ്യധിരേകത്താൽ ഞങ്ങളുടെ കടങ്ങളുടെ പൊറിതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിർപ്പിലുള്ള പ്രത്യാശയ്ക്കും നിന്റെ സന്നിധിയിൽ പ്രീതിജനകമായവിധം വർത്തിച്ചഎല്ലവരോടുമൊന്നിച്ചു സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.”
5.ഉന്നതങ്ങളിൽ നിന്നുള്ള ആരാധ്യമായ ദാനത്തിനു സ്തുതി
സാധാരണദിനങ്ങളിലെ ഒന്നാമത്തെ പ്രാർത്ഥനയിൽ സ്തുത്യഹർവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ദിവ്യരഹസ്യങ്ങൾ കടങ്ങളുടെ മോചനത്തിനായി കർത്താവായ ദൈവം കാരുണ്യപൂർവ്വം നൽകിയതിനു മഹനീയ ത്രിത്വത്തിനു സ്തുതിയും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ തങ്ങൾ കടപ്പെട്ടവരാകുന്നുവെന്ന് അവിടുത്തോട് സസന്തോഷം ഏറ്റുപറയുന്നു.
രണ്ടാമത്തെ പ്രാർത്ഥനയിൽ സ്തുത്യഹർവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ കുർബാവവഴി, മനുഷ്യവർഗ്ഗത്തിന്റെ പ്രതീക്ഷയായ മിശിഹാ, തങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കുകയും അപരാധങ്ങൾ ക്ഷമിക്കുയും ചെയ്ത, ഉന്നതങ്ങളിൽ നിന്നുള്ള, ആരാധ്യമായ ദാനത്തെ വൈദികൻ വാഴ്ത്തുന്നു.
ഹൂത്താമ്മ
ഇതു സമാപനാശീർവാവദമാണ്. കർത്താവിന്റെ വാഗ്ദാനമനുസരിച്ച് മിശിഹാ എല്ലാവരെയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. ദിവ്യരഹസ്യങ്ങളിൽ പങ്കുകൊണ്ട എല്ലവരെയും ദൈവം മഹത്തവമണിയിക്കട്ടെ. കർത്താവിന്റെ ക്രൂശിന്റെ സജീവമായ അടയാളത്താൽ ബലിയർപ്പകരെല്ലാവരും മുദ്രിതരാക്കട്ടെ, എല്ലവരും എല്ലാ വിപത്തുകളിൽ നിന്നും എപ്പോഴും സംരക്ഷിതരുമാകട്ടെ എന്നതാണ് ആശീർവ്വാദത്തിന്റെ സംക്ഷേപം.