നാമോരോരുത്തരും ഈശോയുടെ മൗതിക ശരീരത്തിലെ അംഗങ്ങളാണ്. തന്മൂലം നമ്മുടെ പ്രവർത്തികൾ ഈശോയുടെ പ്രവർത്തിയോട് യോജിക്കുമ്പോൾ അവയ്ക്കു അതിസ്വാഭാവിക വില കൈവരുന്നു. അതുകൊണ്ടു നമ്മുടെ ജീവിതത്തിലെ ഓരോ പ്രവർത്തിക്കും ബോധപൂർവം നാം നിയോഗം വയ്ക്കണം. പ്രഭാതേ ഉണരുമ്പോൾ മുതൽ നാം ചെയുന്ന ഓരോ പ്രവർത്തിയും നിയോഗം വച്ച് കാഴ്ചവയ്ക്കാവുന്നതാണ്. പാപികളുടെ മാനസാന്തരം, ശുദ്ധീകരണാത്മാക്കളുടെ മോചനം, സഭയുടെ വിശുദ്ധീകരണം, ലോകം മുഴുവന്റെയും സുവിശേഷവത്കരണം, മാതൃരാജ്യത്തിന്റെ രക്ഷ, കുടുംബങ്ങളുടെ ഭദ്രത, മാനവഹൃദയങ്ങളിൽ സമാധാനം, രോഗികളുടെ സൗഖ്യം, മാനവരാശിയുടെ പൊതുവായ വിശുദ്ധീകരണം, വൈദികരുടെ വിശുദ്ധീകരണം, സന്യസ്തരുടെ വിശുദ്ധീകരണം, യുവജനങ്ങളുടെ വിശുദ്ധീകരണവും സദ്സ്വഭാവത്തിലേക്കുള്ള വളർച്ചയും, ബാലികാബാലന്മാരുടെ സ്വഭാവ സംസ്കൃതി, കുഞ്ഞുങ്ങൾ നിഷ്കളങ്കതയിൽ വളരാൻ എന്നിങ്ങനെ ഒരായിരം കാര്യങ്ങൾ നമുക്ക് നിയോഗം വയ്ക്കാവുന്നതാണ്. വയ്ക്കേണ്ടതുമാണ്. ഈവിധമുള്ള സമർപ്പണങ്ങളിലൂടെ നമ്മുടെ ജീവിതം ബലിയായിത്തീരുകയാണ്.
ഇപ്രകാരം സാധാരണപ്രവർത്തനങ്ങൾക്കു അതിസ്വാഭാവിക മാനം സമ്പാദിക്കുക എന്നത് ഭക്താത്മാവിനു ലഭിച്ചിരിക്കുന്ന കൃപാദാനമാണ്.
തന്റെ സമർപ്പിത ജീവിതത്തെക്കുറിച്ചുള്ള ഒരു നഴ്സിന്റെ സാക്ഷ്യം ശ്രെദ്ധിക്കുക. “ഓരോ രോഗിയെ കാണുമ്പോഴും മുറിവേറ്റ ഈശോയെ ഞാൻ ഓർക്കും. ആ രോഗിയോടു ഒരു അതിസ്വാഭാവിക സ്നേഹം എന്നിൽ നിറയും. പിന്നെ ശുശ്രൂക്ഷയെല്ലാം ഈശോയ്ക്കു എന്നതുപോലെ ചെയ്യും. ശുശ്രൂക്ഷസമയമെല്ലാം ആ വ്യക്തിയുടെ ആത്മരക്ഷയ്ക്കും സൗഖ്യത്തിനുംവേണ്ടി ഈശോയോടു പ്രാർത്ഥിക്കും. സാഹചര്യം അനുകൂലമാണെന്ന് കണ്ടാൽ ഈശോയെക്കുറിച്ചു ആ വ്യക്തിയോട് പറയും; പ്രാർത്ഥിക്കാമെന്നു പറഞ്ഞു ആശ്വസിപ്പിക്കും. അങ്ങനെ അവരുമായി നല്ലൊരു ബന്ധം സ്ഥാപിച്ചു അവരെ ധ്യാനത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കും. അനേകരെ ഈവിധം ഈശോയിലേക്കു അടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ആത്മാക്കളെ നേടാൻ പറ്റിയ പാകമായി കിടക്കുന്ന വയലുകളാണ് ആശുപത്രികൾ. ക്രൈസ്തവരായ നിരവധി നഴ്സുമാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ നിയമിച്ചിരിക്കുന്നതിന്റെ പിന്നിലുള്ള ദൈവികപദ്ധതി ആത്മാക്കളെ നേടുക തന്നെയാണ്. ഈ തിരിച്ചറിവ് എല്ലാ നഴ്സുമാർക്കും ഉണ്ടായിരുന്നെങ്കിൽ!
Attachments area