ഈ ഭക്തിയുടെ ബാഹ്യാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കുവാൻ അവജ്ഞയോ അനാദരവോ കാരണമാകരുത്. സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ അവ അഭ്യസിക്കുക തന്നെവേണം. കൂടാതെ, വിശുദ്ധി പ്രാപിക്കുവാൻ ഏറ്റവും പര്യാപ്തമായ ചില ആന്തരികാനുഷ്ഠാനങ്ങളുമുണ്ട്. പരിപൂർണ്ണതയുടെ ഉന്നത പദവിയിലേക്കു പരിശുദ്ധാത്മാവ് വിളിക്കുന്നവർക്കുള്ളതാണ് ഈ അനുഷ്ഠാനങ്ങൾ.
അവയെ നാലു വാക്കുകളിൽ ഒതുക്കാം. നമ്മുടെ എല്ലാ പ്രവൃ ത്തികളും മറിയത്തിലൂടെയും മറിയത്തിനോടൊന്നിച്ചും മറിയത്തിലും മറിയത്തിനുവേണ്ടിയും ചെയ്യുക. അതുവഴി ഈശോയിലൂടെയും ഈശോ യോടൊന്നിച്ചും ഈശോയിലും ഈശോയ്ക്കുവേണ്ടിയും എല്ലാ പ്രവ ത്തികളും കൂടുതൽ പരിപൂർണ്ണമായി ചെയ്യുവാൻ നമുക്കു കഴിയും.
- മറിയത്തിലൂടെ
എല്ലാ പ്രവൃത്തികളും മറിയത്തിലൂടെ വേണം നാം ചെയ്യുവാൻ എന്നുവച്ചാൽ എല്ലാക്കാര്യങ്ങളിലും അവളെ അനുസരിക്കുകയും അവൾക്കു ചൈതന്യമേകുന്ന പരിശുദ്ധാത്മാവിന്റെ ചൈതന്യത്താൽ നയിക്കപ്പെടുകയും വേണം എന്നതാണ്. “ദൈവാത്മാവിനാൽ നയിക്ക പ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്” (റോമാ. 8:14). ആക യാൽ, മറിയത്തിന്റെ ചൈതന്യത്താൽ നയിക്കപ്പെടുന്നവർ മാത്രമാകുന്നു, അവളുടെ യഥാർത്ഥമക്കൾ, അതുവഴി ദൈവമക്കളും. മറിയത്തിന്റെ ചൈതന്യം ദൈവിക ചൈതന്യമാണെന്നു പറഞ്ഞതിനു കാരണമുണ്ട്. സ്വന്തം ചൈതന്യത്താലല്ല, പ്രത്യുത ദൈവിക ചൈതന്യത്താലാണ് അവൾ എപ്പോഴും നയിക്കപ്പെട്ടിരുന്നത്. താൻ തന്നെ അവളുടെ ചൈതന്യമാകത്തക്കവണ്ണം അവിടുന്ന് അവളിൽ ആവസിക്കുകയും അവളെ പരിപൂർണ്ണമായി അധീനപ്പെടുത്തുകയും ചെയ്യുന്നു.
ഇക്കാരണത്താലാണ്, വി. അംബ്രോസ് പറയുന്നത്; “കർത്താവിനെ മഹത്ത്വപ്പെടുത്തുവാൻ മറിയത്തിന്റെ ആത്മാവ് എല്ലാവരിലും ഉ ണ്ടായിരിക്കട്ടെ; ദൈവത്തിൽ ആനന്ദിക്കുവാൻ മറിയത്തിന്റെ ചൈതന്യം എല്ലാവരിലും നിറയട്ടെ.” മറിയത്തിന്റെ മൃദുലമെങ്കിലും സുശക്തവും തീക്ഷ്ണമെങ്കിലും വിവേകപൂർവ്വവും എളിയതെങ്കിലും സുധീരവും പരിശുദ്ധമെങ്കിലും ഫലദായകവുമായ ചൈതന്യത്താൽ നിറഞ്ഞ് ഈശോസഭയിൽ അതിവിശുദ്ധ ജീവിതം കാഴ്ചവച്ച സഹോദരൻ അൽഫോൻസ് റോഡിഗെസിനെപ്പോലെയാകുമ്പോൾ ഒരു ആത്മാവ് എത്ര സന്തോഷവാനല്ല.
മറിയത്തിന്റെ ചൈതന്യത്താൽ നയിക്കപ്പെടുന്നതിനു മുമ്പായി ഒരു ആത്മാവ് ഒന്നാമതായി തന്റെ ഹിതത്തെയും വീക്ഷണരീതികളെയും തന്നെ ഭരിക്കുന്ന ചൈതന്യത്തെയും മാറ്റിവയ്ക്കണം. ഉദാഹരണത്തിന് ധ്യാനിക്കുകയോ കുർബാന ചൊല്ലുകയോ കുർബാനയിൽ പങ്കെടുക്കുകയോ ചെയ്യുന്നതിനു മുൻപ്, അങ്ങനെ വർത്തിക്കണം. ആത്മാവിന്റെ അന്ധതയും, മനസ്സിന്റെയും പ്രവർത്തനങ്ങളുടെയും വഷളത്തവും, നന്മയായി നമുക്കു തോന്നിയേക്കാം. പക്ഷേ, അവയ്ക്കൊത്തു പ്രവർത്തിക്കുന്നെങ്കിൽ മറിയത്തിന്റെ ചൈതന്യത്തിനു നാം വിഘ്നമു ണ്ടാക്കും. രണ്ടാമതായി മറിയത്തിന്റെ ചൈതന്യത്തിനു നമ്മെത്തന്നെ വിട്ടുകൊടുക്കുക. തന്റെ ഇഷ്ടംപോലെ അവൾ നമ്മെ നടത്തുകയും നയിക്കുകയും ചെയ്യട്ടെ. സമുദ്രത്തിലേക്ക് എറിഞ്ഞ കല്ലെന്നപോലെ നാം ശില്പിയുടെ കൈയിലെ ഒരു ഉപകരണവും സമർത്ഥനായ വൈണികന്റെ കൈയിലെ ഒരു വീണയും പോലെ, നമ്മെ അവളുടെ വിശുദ്ധക രങ്ങളിൽ സമർപ്പിക്കണം. ഇച്ഛാശക്തിയുടെ നേരിയ ചലനം കൊണ്ടോ മനസ്സിന്റെ ഏറ്റവും മൃദുവായ ആഗ്രഹംകൊണ്ടോ, നിഷ്പ്രയാസം ഒരു നിമിഷനേരംകൊണ്ട് നമുക്ക് ഇതു നിർവ്വഹിക്കാം. അല്ലെങ്കിൽ “എന്റെ മാതാവേ, ഞാൻ എന്നെത്തന്നെ ഉപേക്ഷിക്കുന്നു, എന്നെ ഞാൻ നിനക്കു സമർപ്പിക്കുന്നു” എന്നു പറഞ്ഞാൽ മതി. മറിയത്തോടുള്ള ഐക്യ ത്തിന്റെ ഈ പ്രകരണത്തിൽ വലിയ മാധുര്യമൊന്നും നമുക്ക് അനു ഭവപ്പെട്ടില്ലെന്നു വരാം. അതുകൊണ്ട് അത് ഒരു യാഥാർത്ഥ്യമല്ലെന്നു വരുന്നില്ല. “എന്നെ ഞാൻ പിശാചിനു നല്കുന്നു” എന്നു മനഃപൂർവ്വം പറഞ്ഞാൽ, നാം പിശാചിന്റേതാണെന്നു നമുക്ക് അനുഭവപ്പെടുന്നില്ലെങ്കിലും നാം പിശാചിന്റേതല്ലാതെ വരുന്നില്ലല്ലോ? അതുപോലെതന്നെ, മറിയവുമായുള്ള ഐക്യവും ഒരു യാഥാർത്ഥ്യമാണ്. മൂന്നാമതായി, ഈ സമർപ്പണവും ഐക്യപ്രകരണവും ഓരോ പ്രവൃത്തിയുടെയും അവസരത്തിലും അതു കഴിഞ്ഞും സമയോചിതം നവീകരിക്കപ്പെടണം. മറിയത്തിന്റെ ചൈതന്യം ഈശോയുടേതുതന്നെയാകയാൽ, ഈശോയുമായുള്ള ഐക്യം നമ്മുടെ മറിയവുമായുള്ള ഐക്യത്തിന്റെ അവശ്യഫലമാണ്. തന്നിമിത്തം, എത്രയധികം നവീകരിക്കുമോ അത്ര യധികം നാം വിശുദ്ധീകരിക്കപ്പെടുകയും ഈശോയോട് ഐക്യപ്പെടുകയും ചെയ്യും.