തന്റെ പ്രവർത്തികളും വാക്കുകളും ‘തന്റെ പ്രത്യാഗമനം വരെ’ ആവർത്തിക്കണമെന്നു മിശിഹാ കൽപ്പിച്ചു. ഈശോയെയും അവിടുത്തെ ചെയ്തികളെയും ഓർക്കാൻ മാത്രമല്ല, ഈശോയുടെ ഈ കല്പന നമ്മെ കടപ്പെടുത്തുന്നത്. അപ്പോസ്തോലന്മാരും അവരുടെ പിൻഗാമികളും നിർവഹിക്കേണ്ട, ആരാധനാക്രമപരമായ, അനുസ്മരണവും ആവർത്തനവും ആഘോഷവും അര്ഥമാക്കുകയും ലക്‌ഷ്യം വയ്ക്കുകയും ചെയുന്ന കല്പനയാണിത്. ഈശോയുടെയും ജീവിത മരണോത്ഥാനങ്ങളുടെയും പിതാവിന്റെ സന്നിധിയിലെ അവിടുത്തെ മാധ്യസ്ഥ്യത്തിന്റെയും അനുസ്മരണവും ആവർത്തനവും (1 കൊറി. 11:26, CCC 1341).
കർത്താവിന്റെ മഹാനുഗ്രഹപ്രദമായ കല്പനയോടു സഭ ആരംഭം മുതലേ വിശ്വസ്തത പുലർത്തി. (ജറുസലേമിൽ) ആദിമ സഭയെ സംബന്ധിച്ച് അപ്പോസ്തോലപ്രവർത്തനങ്ങൾ വ്യക്തമായി പറയുന്നു: അവർ അപ്പോസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ വളരെ താത്പര്യപ്പൂർവം പങ്കുചേർന്നു… അവർ ഏക മനസോടെ ഏറെ താത്പര്യപൂർവം അനുദിനം ദേവാലയത്തിൽ ഒരുമിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലളിത്യത്തോടും വലിയ ആഹ്ലാദത്തോടും ഭക്ഷണത്തിൽ (ദിവ്യകാരുണ്യം) പങ്കുചേരുകയും ചെയ്തിരുന്നു (അപ്പ. പ്ര. 2:42,46).
സർവോപരി, ‘ആഴ്ചയുടെ ഒന്നാം ദിവസം’ അതായതു കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ച ക്രൈസ്തവർ ‘അപ്പം മുറിക്കലിനായി’ ഒരുമിച്ചു കൂടിയിരുന്നു (അപ്പ. പ്ര. 20:7). അന്നുമുതൽ ഇന്നുവരെ വി. കുർബാന ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സഭയിൽ എല്ലായിടത്തും കുർബാനയുടെ അടിസ്ഥാന ഘടന ഒന്ന് തന്നെ. (പ്രാരംഭം വചന ശുശ്രൂഷ, മധ്യസ്ഥ പ്രാർത്ഥന, കാഴ്ചവയ്പ്പു, സ്ഥാപനവാക്യങ്ങൾ, റൂഹാ ക്ഷണ പ്രാർത്ഥന, വി. കുർബാന സ്വീകരണം, കൃതജ്ഞത പ്രകാശനം.) സഭാജീവിതത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണ് കുർബാന.
‘കുരിശിന്റെ ഇടുങ്ങിയ വഴിയിലൂടെ’ തീർത്ഥാടകരായ ദൈവജനം, ഈശോ വീണ്ടും വരുന്നത് വരെ, അവിടുത്തെ പെസഹാ രഹസ്യം പ്രഘോഷിക്കും, ആഘോഷിക്കും. അങ്ങനെ രാജ്യത്തിൻറെ മേശയിരിക്കുന്ന സ്വർഗീയ വിരുന്നിലേക്കു അവർ മുന്നേറിക്കൊണ്ടിരിക്കും (CCC 1343).