മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം 

അഹരോന്റെ പൗരോഹിത്യം, ലെവായരുടെ ശുശ്രൂക്ഷ ഇവയൊക്കെ ഈശോയുടെ പൗരോഹിത്യത്തിന്റെ പ്രതിരൂപങ്ങൾ മാത്രം! ഈ പ്രതിരൂപങ്ങളുടെയെല്ലാം പൂർത്തീകരണം ക്രിസ്തുവിന്റെ പൗരോഹിത്യത്തിലാണ്. കാരണം അവിടുന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യേയുള്ള ഏക മധ്യസ്ഥനാണ്. “എന്തെന്നാൽ, ഒരു ദൈവമേയുള്ളു. ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേയുള്ളു -മനുഷ്യനായ ഈശോമിശിഹാ. അവൻ എല്ലാവര്ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നൽകി.” (1 തിമോ. 2:5,6). അത്യുന്നത ദൈവത്തിന്റെ പുരോഹിതനായ മെൽക്കിസെദേക്ക് ഈശോയുടെ പൗരോഹിത്യത്തിന്റെ യഥാർത്ഥ പ്രതിരൂപമാണ്. എന്തെന്നാൽ മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം അവൻ (ഈശോ) പ്രധാന പുരോഹിതനായി, ദൈവത്താൽ (പിതാവിനാൽ) നിയോഗിക്കപ്പെട്ടു (ഹെബ്രാ. 5:10; cfr. ഹെബ്രാ. 6:20). ഈശോ  എന്നേയ്ക്കും നിത്യപുരോഹിതനാണ്. കാരണം അവിടുന്ന് അതുല്യനും, പരിശുദ്ധനും നിഷ്കളങ്കനും കുറ്റമറ്റവനുമാണ്. വിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും (എല്ലാ) പാപികളിൽ നിന്ന് വ്യതിരിക്തനുമായ ഒരു പ്രധാന പുരോഹിതൻ നമുക്കുണ്ടാവുക ഉചിതമായിരുന്നു. (ഹെബ്രാ. 7:26).
അവനിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിച്ചു വിശുദീകരിക്കപ്പെടുന്നവരെ, അവിടുന്ന് തന്റെ ഏക ബലിയർപ്പണം വഴി (കാൽവരിയിലെ അതുല്യ ബലി വഴി) എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു (ഹെബ്രാ. 10:14). പരിശുദ്ധാത്മാവ് തന്നെ നമുക്ക് സാക്ഷ്യം നൽകുന്നു: അവരുടെ ദുഷ്പ്രവർത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓർമ്മിക്കുകയില്ല (ഹെബ്രാ. 10:17).
പരിപൂര്ണമാക്കപ്പെട്ട ഈശോയുടെ അതുല്യ ബലി സഭയുടെ കൃതജ്ഞത സ്തോത്ര ബലിയിൽ അനുനിമിഷം സന്നിഹിതമാക്കപ്പെടുന്നു. ഈശോയുടെ ഏക പൗരോഹിത്യത്തെപ്പറ്റിയും ഇത് ശരിതന്നെ. അവിടുത്തെ അതുല്യതയ്ക്കു യാതൊരു ന്യൂനതയും വരാതെ തന്നെ അത് ശുശ്രൂക്ഷ പൗരോഹിത്യത്തിലൂടെ അർപ്പകർക്കു സന്നിഹിതമാകുന്നു.
ഈശോ മാത്രമാണ് യഥാർത്ഥ പുരോഹിതൻ. അപ്പോസ്തോലന്മാരുടെ പിന്ഗാമികളുടെ കൈവയ്പു വഴി അവിടുത്തെ പൗരോഹിത്യത്തിൽ ഭാഗഭാക്കാക്കുന്നവർ അവിടുത്തെ ശുശ്രൂക്ഷകർ മാത്രമാണ് (ccc 544, 45).