വിശുദ്ധിയിലേക്കുള്ള വിളി വിവിധ വഴികളിലാണ് ഓരോ വ്യക്തിയിലും ലഭിക്കുക എന്ന് നമ്മൾ മനസിലാക്കുകയാണ്. വി. ഫാ. ഡാമിയനെ കർത്താവു ഒരുക്കിയത് എങ്ങനെ എന്ന് നോക്കാം. ജോസഫ് എന്നായിരുന്നു അദ്ദഹത്തിന്റെ ബാല്യത്തിലെ പേര്. തന്റെ സ്കൂൾ ജീവിതകാലത്തു ജോസെഫിന്റെ ഉറ്റ സുഹൃത്തുക്കൾ അന്നാട്ടിലെ ഒരു കൊല്ലപ്പണിക്കാരനും കുഴിവെട്ടുകാരനുമായിരുന്നു. അവധിദിവസങ്ങളിൽ സമയം കിട്ടുമ്പോഴെല്ലാം അവൻ ഇരുവരെയും സഹായിച്ചിരുന്നു. കൊല്ലപ്പണിക്കാരനോടൊപ്പം ഉലയിൽ ഇരുമ്പ് പഴുപ്പിച്ചു പണിഉപകാരണങ്ങളായി അടിച്ചു രൂപപ്പെടുത്താൻ സഹായിച്ചിരുന്നു. കുഴിവെട്ടുകാരനെ കുഴിവെട്ടാനും സഹായിച്ചിരുന്നു. ഈ അസാധാരണ പരിശീലനം എന്തിനായിരുന്നുവെന്നു അവനോ കൂട്ടുകാർക്കോ മറ്റാര്‍ക്കെങ്കിലുമോ അറിഞ്ഞുകൂടായിരുന്നു.
കാലക്രമത്തിൽ, മൊളോക്കോ ദ്വീപിലെ പാവങ്ങളായ കുഷ്ടരോഗികൾക്കു വീടുവയ്ക്കാനും പള്ളി പണിയാനും ശവക്കുഴി എടുക്കാനും ദിവ്യനാഥാൻ അദ്ദേഹത്തെ പരിശീലിപ്പിക്കുകയായിരുന്നു. ഈ സത്യം തിരിച്ചറിയാൻ അനേകവര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. മുന്നൂറില്പരം വീടുകളും നൂറിൽപരം പള്ളികളും അദ്ദേഹം പണിതു. കുഷ്ടരോഗികളുടെ ജഡം മറവു ചെയ്യാൻ 2000 ലധികം ശവകുഴികളാണ് അദ്ദേഹം തോണ്ടിയത്. നല്ല ദൈവം തന്റെ ഓമന മക്കളെ വിശുദ്ധിയിലേക്ക് നയിക്കുന്ന വഴികൾ എത്ര വിസ്മയാവഹം!
“ഈ ചെറിയവരിൽ ഒരുവന് ഇതു നിങ്ങൾ ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് നിങ്ങൾ അവയെല്ലാം ചെയ്തത്” (മത്താ. 25:40).